Advertisement
Film News
വിഷാദം തുളുമ്പുന്ന കോടതി മുറി; യാതൊന്നും പറയാതെ; വാശിയിലെ ആദ്യഗാനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 May 21, 12:56 pm
Saturday, 21st May 2022, 6:26 pm

ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവരൊന്നിക്കുന്ന വാശിയിലെ ആദ്യഗാനമെത്തി. യാതൊന്നും പറയാതെ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ തിങ്ക് മ്യൂസിക് ഇന്ത്യാ യൂട്യൂബ് ചാനലിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്.

സിത്താര കൃഷ്ണകുമാറും അഭിജിത്ത് അനില്‍കുമാറുമാണ് ഗാനം പാടിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് കൈലാസാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ജൂണ്‍ 17 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. നവാഗതനായ വിഷ്ണു ജി. രാഘവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഡ്വ. എബിനും അഡ്വ. മാധവിയുമായിട്ടാണ് ടൊവിനോയും കീര്‍ത്തിയുമെത്തുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, എ.ആര്‍. റഹ്‌മാന്‍, തൃഷ, മഹേഷ് ബാബു, സാമന്ത, അഭിഷേക് ബച്ചന്‍ എന്നിവര്‍ പങ്കുവച്ചിരുന്നു.’ മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് മറ്റൊരു അവിശ്വസനീയ ചിത്രം കൂടി വരുന്നു,’ എന്നാണ് പോസ്റ്റര്‍ പങ്കുവെച്ച് അഭിഷേക് കുറിച്ചത്.

ജി. സുരേഷ് കുമാറിന്റെ രേവതി കലാമന്ദിറാണ് ചിത്രം നിര്‍മിക്കുന്നത്. മേനക സുരേഷും രേവതി സുരേഷും നിര്‍മാണത്തില്‍ പങ്കാളികളാണ്.

ഉര്‍വശി തിയേറ്റേഴ്സും രമ്യ മൂവീസുമാണ് ചിത്രം വിതരണം ചെയ്യുന്നത്. വിഷ്ണു ജി. രാഘവ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്. ജാനിസ് ചാക്കോ സൈമണിന്റേതാണ് കഥ. നിതിന്‍ മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.

റോബി വര്‍ഗീസ് രാജ് ക്യാമറയും മഹേഷ് നാരായണന്‍ എഡിറ്റിംഗും ചെയ്യുന്നു. കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. വിനായക് ശശികുമാറാണ് ചിത്രത്തിലെ പാട്ടുകള്‍ രചിക്കുന്നത്. ദിവ്യ ജോര്‍ജാണ് വസ്ത്രാലങ്കാരം.

അതേസമയം പ്രേക്ഷകര്‍ കാത്തിരിക്കുന്ന നിരവധി ചിത്രങ്ങളാണ് ഇനി ടൊവിനോ തോമസിന്റേതായി പുറത്ത് വരാനിരിക്കുന്നത്. ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന തല്ലുമാല, വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ഡിയര്‍ ഫ്രണ്ട് എന്നിവയാണ് ഇനി പുറത്ത് വരാനിരിക്കുന്ന ചിത്രങ്ങള്‍.

സാനി കായിദം, സര്‍ക്കാരു വാരി പാട്ട എന്നിവയാണ് അടുത്തിടെ ഇറങ്ങിയ കീര്‍ത്തിയുടെ ചിത്രങ്ങള്‍. തമിഴ് സിനിമയായ സാനി കായിദം നിരൂപക പ്രശംസ ഏറ്റുവാങ്ങുമ്പോള്‍ മഹേഷ് ബാബു നായകനായ സര്‍ക്കാരു വാരി പാട്ട തെലുങ്കില്‍ സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്.

Content Highlight: yathonnum parayathe lyrical song from vaashi movie starring keerthy suresh and tovino thomas