Advertisement
Movie Day
യതീഷ് ചന്ദ്രയുടെ തിരക്കഥയില്‍ കേരള പൊലീസിന്റെ 'നല്ലമ്മ'യൊരുങ്ങുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2019 Mar 25, 07:11 am
Monday, 25th March 2019, 12:41 pm

കോഴിക്കോട്: തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന അമ്മമാരുടെ കഥ പറയുന്ന ഹൃസ്വ ചിത്രം നിര്‍മ്മിക്കാനൊരുങ്ങി കേരള പൊലീസ്. നല്ലമ്മ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ കഥയും തിരകഥയും ഒരുക്കുന്നത് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയാണ്. സംവിധാനം കൊടുങ്ങല്ലൂര്‍ തീരദേശ സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സാന്റോ തട്ടിലാണ്.

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഉപേക്ഷിക്കപ്പെട്ട അമ്മയെ പൊലീസ് മകനൊപ്പം തിരിച്ചയയ്ക്കുന്നതാണ് കഥ. ആറ് മക്കളുണ്ടായിട്ടും ആരും നോക്കാനില്ലാതിരുന്ന പുത്തൂരിലെ എഴുപത്തഞ്ചുകാരിയെക്കുറിച്ച് പത്രങ്ങളില്‍ വന്ന വാര്‍ത്തയാണ് സിനിമയ്ക്ക് പ്രചോദനമായതെന്ന് സംവിധായകന്‍ പറഞ്ഞു.

ALSO READ: മണികര്‍ണികക്ക് ദേശീയ അവാര്‍ഡ് നല്‍കിയില്ലെങ്കില്‍ അവാര്‍ഡിന്റെ സത്യസന്ധത തന്നെ ചോദ്യം ചെയ്യപ്പെടും; കങ്കണ റണാവത്ത്

തൃശ്ശൂര്‍ ആകാശവാണിയില്‍നിന്ന് അനൗണ്‍സറായി വിരമിച്ച നടിയും ഡബ്ബിങ് കലാകാരിയുമായ എം.തങ്കമണിയാണ് നല്ലമ്മയായി അഭിനയിക്കുന്നത്. ചിത്രത്തില്‍ മകന്റെ വേഷത്തില്‍ എത്തുന്നത് ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ സാന്റോയാണ്.

സിവില്‍ പോലീസ് ഓഫീസര്‍മാരായ അപര്‍ണ ലവകുമാര്‍, ജയന്‍, ബോസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. സുരേഷ് ബാബു ക്യാമറയും ജിത്ത് അന്തിക്കാട് കലാസംവിധാനവും നിര്‍വ്വഹിക്കുന്നു. വിഷുവിനു മുമ്പായി സിനിമ പുറത്തിറങ്ങും.