ന്യൂദല്‍ഹി : ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജഡ്ജിയുടെ ദുരൂഹമരണത്തില്‍ അന്വേഷണം വേണമെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ജഡ്ജിയായിരുന്ന ഹര്‍കിഷന്‍ ലോയുടെ കുടുംബം രംഗത്തുവന്ന സാഹചര്യത്തിലാണ് സിന്‍ഹയുടെ പ്രതികരണം.
പുതിയ വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തില്‍ സുപ്രീംകോടതി മേല്‍നോട്ടത്തില്‍ പുതിയ അന്വേഷണം വേണമെന്ന് യശ്വന്ത് സിന്‍ഹ ആവശ്യപ്പെട്ടെന്ന് മനോരമാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
“അമിത് ഷാ പ്രതിയായിരുന്ന കേസില്‍ തുടക്കം മുതല്‍ ഒത്തുതീര്‍പ്പുകള്‍ ഉണ്ടായിട്ടുള്ളതായി സംശയിക്കണം. ആദ്യം വാദംകേട്ട ജഡ്ജി ദുരൂഹസാഹചര്യത്തില്‍ മരിച്ചതും ഈ ജഡ്ജിക്ക് ബോംബെ ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജി 100 കോടിരൂപ കോഴ വാഗ്ദാനം ചെയ്തു എന്ന ആരോപണവും അതീവഗൗരവമുള്ളതാണ്.”
Also Read: ‘കളിക്കാന്‍ വരട്ടെ’; ഇന്ത്യാ-പാക് ക്രിക്കറ്റിനു മോദിയുടെ അനുമതി വേണമെന്ന് ബി.സി.സി.ഐ
കേസിലെ നടപടികള്‍ അവസാനിപ്പിച്ച രീതി, ജഡ്ജിമാരെ മാറ്റിയരീതി, വാദം കേട്ട ജഡ്ജിയുടെ മരണം, ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെയുള്ള ആരോപണം എല്ലാം ഗുരുതര വിഷയങ്ങളാണെന്നും യശ്വന്ത് സിന്‍ഹ കൂട്ടിച്ചേര്‍ത്തു. നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കെതിരെയും സിന്‍ഹ രംഗത്തെത്തിയിരുന്നു.
ജഡ്ജി ഹര്‍കിഷന്‍ ലോയുടെ മരണപ്പെട്ട സംഭവത്തില്‍ കുടുംബത്തിന് സംശയമുണ്ടെന്നും ലോയുടെ മരണം വീണ്ടും അന്വേഷിക്കണമെന്നും രാജ്യത്തെ പ്രമുഖ നിയമവിദഗ്ധനും മുന്‍ ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസുമായ എ.പി ഷായും ആവശ്യപ്പെട്ടിരുന്നു.
സൊഹ്റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ജഡ്ജിക്ക് 100 കോടി വാഗ്ദാനം ചെയ്തുവെന്നായിരുന്നു സഹോദരിയുടെ വെളിപ്പെടുത്തല്‍. കേസിലെ കോടതി വിധിയെ സ്വാധീനിക്കാന്‍ ഉന്നത ഇടപെടല്‍ ഉണ്ടായിരുന്നുവെന്നും അന്നത്തെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ആയിരുന്ന തന്റെ സഹോദരന് 100 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും ലോയുടെ സഹോദരി അനുരാധ പറയുന്നു.
Also Read: സി.പി.ഐ.എമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി
മരണം നടന്ന് മൂന്ന് വര്‍ഷത്തിനു ശേഷമാണ് നിര്‍ണായക വെളിപ്പെടുത്തലുമായി ലോയയുടെ ബന്ധുക്കള്‍ രംഗത്ത് വന്നത്. ജഡ്ജി ലോ കൊല്ലപ്പെടുമ്പോള്‍ ഗുജറാത്ത് ആഭ്യന്തരവകുപ്പ് മന്ത്രിയും നീതിന്യായ വകുപ്പ് കയ്യാളിയിരുന്നതുമായ അമിത് ഷായാണ് കേസിലെ മുഖ്യ പ്രതികളില്‍ ഒരാള്‍. അമിത് ഷാ ഇപ്പോള്‍ ബി.ജെ.പിയുടെ ദേശീയ അധ്യക്ഷനാണ്.
2014 ഡിസംബര്‍ ഒന്നിനാണ് കേസ് കൈകാര്യം ചെയ്തിരുന്ന ലോ നാഗ്പൂരില്‍ വെച്ച് മരണപ്പെടുന്നത്. കേസിന്റെ വിചാരണ നടക്കുന്ന സമയമായിരുന്നു അത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ തിടുക്കം കൂട്ടി പോസ്റ്റ്‌മോര്‍ട്ടം നടത്തിയതില്‍ ദുരൂഹത ഉണ്ടെന്നാണ് ലോയയുടെ സഹോദരിയുടെയും പിതാവിന്റയും വാദം.
മരണവിവരം ഭാര്യയേയും ബന്ധുക്കളേയും അറിയിച്ചിരുന്നില്ല. സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് വധക്കേസിലെ ദൃക്സാക്ഷി തുളസീറാം പ്രജാപതിയും വ്യാജഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. സൊഹ്റാബുദ്ദീന്‍ ഷെയ്ഖിനേയും ഭാര്യ കൗസര്‍ബിയേയും ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധ സംഘം 2005 നവംബറില്‍ വ്യാജ ഏറ്റുമുട്ടലിലൂടെ വെടിവെച്ച് കൊല്ലുകയായിരുന്നു.
മുഖ്യ പ്രതിയായ അമിത് ഷാ വിചാരണക്ക് കോടതിയില്‍ ഹാജരാവാതിരുന്നത് ലോയ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ലോയയുടെ മരണം സംഭവിക്കുന്നത് . തുടര്‍ന്ന് 2014 ഡിസംബര്‍ അവസാനത്തോടെ അമിത് ഷായെ കുറ്റവിമുക്തനാക്കി കൊണ്ട് മുംബൈ പ്രത്യേക സിബിഐ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.