ന്യൂദല്‍ഹി: ധനമന്ത്രി അരുണ്‍ ജെയ്റ്റലിയെ മാറ്റണമെന്ന് പ്രധാനമന്ത്രിയോട് യശ്വന്ത് സിന്‍ഹ. ജി.എസ്.ടി നടപ്പിലാക്കുന്നതില്‍ ജെയ്റ്റലി വീഴ്ചവരുത്തിയെന്നാരോപിച്ചാണ് ധനമന്ത്രിക്കെതിരെ യശ്വന്ത് സിന്‍ഹ രംഗത്തെത്തിയത്.
ജി.എസ്.ടി നടപ്പിലാക്കിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെന്നും അതിനാലാണ് ജി.എസ്.ടിയില്‍ ജെയറ്റ്ലിക്ക് ദിവസവും മാറ്റം വരുത്തേണ്ടി വരുന്നതെന്നും അദ്ദേഹം ആരോപിച്ചു. നോട്ടുനിരോധനം സര്‍ക്കാരിന്റെ പരാജയപ്പെട്ട സാമ്പത്തിക പരിഷ്‌കാരമാണെന്നും സിന്‍ഹ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി ഉടന്‍ ധനമന്ത്രിയെ മാറ്റുകയാണ് വേണ്ടതെന്നും സിന്‍ഹ പറഞ്ഞു. നേരത്തെ പാരഡൈസ് പേപ്പേഴ്‌സ് പുറത്തുവിട്ടവരുടെ പേരില്‍ യശ്വന്ത് സിന്‍ഹയുടെ മകന്റെ പേരുമുണ്ടായിരുന്നു. തന്റെ മകനെതിരെ അന്വേഷണം നടത്തിയാല്‍ സ്വാഗതം ചെയ്യുമെന്ന് സിന്‍ഹ പറഞ്ഞിരുന്നു.
അതേസമയം അമിത് ഷായുടെ മകനെതിരായ ആരോപണവും അന്വേഷിക്കാന്‍ ഉത്തരവിടണമെന്നും സിന്‍ഹ പറഞ്ഞു. നേരത്തെയും കേന്ദ്രസര്‍ക്കാരിനെതിരെ യശ്വന്ത് സിന്‍ഹ രംഗത്തെത്തിയിരുന്നു.
ബി.ജെ.പിക്ക് അതിന്റെ ധാര്‍മ്മികത നഷ്ടമായിരിക്കുന്നുവെന്ന് സിന്‍ഹ കുറ്റപ്പെടുത്തി. ജയ് ഷായെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളടക്കം പലരും വഴിവിട്ട് സഹായിച്ചിട്ടുണ്ടെന്നായിരുന്നു സിന്‍ഹയുടെ വിമര്‍ശനം.