| Tuesday, 17th April 2018, 8:33 am

'സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ മുന്‍പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചു'; കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ മുന്‍പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചിരിക്കുകയാണെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. ഇന്ത്യന്‍ എക്‌സ്പ്രസിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ബി.ജെ.പിയുടെ പാര്‍ലമെന്റംഗങ്ങള്‍ക്കുള്ള തുറന്ന കത്തായാണ് അദ്ദേഹം ലേഖനത്തെ വ്യാഖ്യാനിക്കുന്നത്.

“2014 ലെ ലോകസ്ഭ തെരഞ്ഞെടുപ്പില്‍ നമ്മള്‍ എല്ലാവരും ഒരുമിച്ച് അഹോരാത്രം പ്രയത്‌നിച്ചു. അതിന്റെ ഫലമായി നമ്മള്‍ ജയിച്ചു, അധികാരത്തിലെത്തി.”

എന്നാല്‍ നാലുവര്‍ഷങ്ങള്‍ക്കിപ്പുറം നമുക്ക് വോട്ട് ചെയതവരോടുള്ള വിശ്വാസം കാത്തുസൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു. വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയില്‍ ബാങ്ക് തട്ടിപ്പ് തുടര്‍ക്കഥയായെന്നും അദ്ദേഹം പറഞ്ഞു. മുന്‍പുള്ളതിനെക്കാള്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിച്ചുവെന്നും പ്രതികളില്‍ പലരും ബി.ജെ.പിയുമായി ബന്ധമുള്ളവരാണെന്നത് പാര്‍ട്ടിയ്ക്ക് നാണക്കേടുണ്ടാക്കിയെന്നും യശ്വന്ത് സിന്‍ഹ കൂട്ടിച്ചേര്‍ത്തു.


Also Read:  ഇന്ത്യയെ ഒരിക്കലും ക്യാഷ്‌ലെസ് ആക്കാന്‍ കഴിയില്ല; മോദിയുടെ വാദങ്ങള്‍ തള്ളി മോഹന്‍ ഭാഗവത്


ന്യൂനപക്ഷങ്ങളും ദളിതരും അരക്ഷിതരാണെന്നും ഭരണഘടനാപരമായ സുരക്ഷ ലഭ്യമാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ ജനാധിപത്യവും നഷ്ടമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ” പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളില്‍പ്പോലും ബി.ജെ.പി എം.പിമാര്‍ക്ക് സംസാരിക്കാന്‍ അവസരം കിട്ടുന്നില്ലെന്ന് പല സുഹൃത്തുക്കളും എന്നോട് പറഞ്ഞിട്ടുണ്ട്. മറ്റു ബി.ജെ.പി യോഗങ്ങളിലും ആശയവിനിമയം എന്നത് വണ്‍വേ മാത്രമായിപ്പോകുന്നു.”

പ്രധാനമന്ത്രിയ്ക്ക് നമ്മളെ കേള്‍ക്കാന്‍ സമയമില്ലെന്നും യശ്വന്ത് സിന്‍ഹ കുറ്റപ്പെടുത്തി. പാര്‍ലമെന്റ് നടപടികളെല്ലാം കഴിഞ്ഞ നാലുവര്‍ഷമായി പരിഹാസ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് പ്രതിപക്ഷത്തോട് സൗഹാര്‍ദ്ദപൂര്‍ണ്ണമായ നിലപാട് സ്വീകരിച്ചിരുന്നപ്പോള്‍ ഇന്ന് അത്തരമൊരു കാഴ്ച കാണാനാകുന്നില്ലെന്നും സിന്‍ഹ പറഞ്ഞു.


Also Read:  ഊബര്‍ ടാക്‌സികളില്‍ സംഘപരിവാര്‍ ചിഹ്നങ്ങള്‍ വര്‍ധിക്കുന്നു; ഇനി മേലാല്‍ ഊബറില്‍ യാത്രയില്ലെന്ന് രശ്മി നായര്‍


പ്രതിപക്ഷം ആവശ്യപ്പെടുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കാതെയും അവിശ്വാസപ്രമേയ നോട്ടീസുകളോട് മുഖം തിരിച്ചുമാണ് ഈ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രീംകോടതിയിലെ നാല് ജഡ്ജിമാര്‍ നടത്തിയ വാര്‍ത്താസമ്മേളനം ചരിത്രത്തില്‍ സംഭവിച്ചിട്ടില്ലാത്തതാണെന്നും സിന്‍ഹ പറയുന്നു. രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ അവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നിങ്ങളില്‍ എത്രപേര്‍ക്ക് മത്സരിക്കാന്‍ ടിക്കറ്റ് കിട്ടുമെന്ന് എനിക്കറിയില്ല. മുന്‍കാല അനുഭവങ്ങള്‍വെച്ച് നോക്കിയാല്‍ പകുതി പേര്‍ക്ക് പോലും ടിക്കറ്റ് കിട്ടില്ല.”

കഴിഞ്ഞ തവണ ബി.ജെ.പിയ്ക്ക് 31 ശതമാനം വോട്ടാണ് കിട്ടിയത്. അതിനര്‍ത്ഥം 69 ശതമാനം പേരും നമുക്കെതിരാണ് എന്നാണ്. പ്രതിപക്ഷം ഒരുമിച്ചാല്‍ നമ്മള്‍ ഇവിടെ അപ്രസക്തമാകും- സിന്‍ഹ പറഞ്ഞു.

രാജ്യതാല്‍പ്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും അഞ്ച് ദളിത് എം.പിമാര്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഉടന്‍ തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more