| Monday, 17th May 2021, 8:34 am

'ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കാതെ വാക്‌സിന്‍ വിദേശത്തേക്ക് കയറ്റിയയച്ചതിന് തെളിവുണ്ട്'; കേന്ദ്രത്തിനെതിരെ യശ്വന്ത് സിന്‍ഹ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയിലെ ജനങ്ങള്‍ക്ക് നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ വാക്‌സിന്‍ വിദേശത്തേക്ക് കയറ്റി അയച്ചുവെന്നതിന് തെളിവുണ്ടെന്ന് തൃണമൂല്‍ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യന്‍ പ്രതിനിധി നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ട്വീറ്റ് ചെയ്തായിരുന്നു സിന്‍ഹയുടെ വിമര്‍ശനം.

‘ഈ 10 സെക്കന്റ് വീഡിയോയിലൂടെ മോദി എന്താണെന്ന് മനസ്സിലാകും. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി പറയുന്നത് കേള്‍ക്കൂ. സ്വന്തം ജനങ്ങള്‍ക്ക് നല്‍കിയതിനെക്കാള്‍ കൂടുതല്‍ വാക്‌സിനാണ് ഇന്ത്യ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചതെന്നാണ് ഇന്ത്യന്‍ പ്രതിനിധി തന്നെ പറയുന്നത്. മോദി ഒരു ലോകനേതാവാകുള്ള ശ്രമത്തിലാണെന്ന് തോന്നുന്നു. ഇന്ത്യയിലെ ജനങ്ങള്‍ നരകത്തിലും,’ സിന്‍ഹ ട്വീറ്റ് ചെയ്തു.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ യു.എന്‍.ജി.എ ഇന്‍ഫോര്‍മല്‍ മീറ്റിംഗിനിടെയാണ് ഇന്ത്യയുടെ പ്രതിനിധിയായ നാഗരാജ നായിഡു ഈ പരാമര്‍ശം നടത്തിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പോസ്റ്റര്‍ പതിച്ചതിന് 12 പേരെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലായിരുന്നു യശ്വന്ത് സിന്‍ഹയുടെ വിമര്‍ശനം.

മോദിക്കെതിരെ പോസ്റ്റര്‍ പതിച്ചതിനാണ് 12 പേരെ ദല്‍ഹി പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതില്‍ മോദി പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പോസ്റ്റര്‍ പതിച്ചതിനാണ് അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ട്. പതിമൂന്നിലധികം എഫ്.ഐ.ആറുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോദിക്കെതിരെ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ഞങ്ങളുടെ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ എന്തിനാണ് മോദി ജീ നിങ്ങള്‍ വിദേശത്തേക്ക് അയച്ചത് എന്നിങ്ങനെയാണ് പോസ്റ്ററില്‍ എഴുതിയിട്ടുള്ളത്. 800 ഓളം പോസ്റ്ററുകളും ബാനറുകളും പൊലീസ് പിടിച്ചെടുത്തു.

രാജ്യം കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുന്നതിനിടെ വിദേശത്തേക്ക് വാക്‌സിന്‍ കയറ്റി അയച്ച് കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തിനെതിരെ നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.

ആഭ്യന്തരമായി 10 കോടി വാക്സിന്‍ നല്‍കിയപ്പോള്‍ 6.45 കോടി ഡോസാണ് കയറ്റുമതി ചെയ്തത്. മഹാരാഷ്ട്ര, ആന്ധ്ര, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ കടുത്ത വാക്‌സിന്‍ ക്ഷാമം നേരിടുമ്പോഴായിരുന്നു കേന്ദ്രം വാക്‌സിന്‍ വിദേശത്തേക്ക് കയറ്റിയയച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Yaswant Sinha Slams Union Govt. For Sending Vaccines Abroad

We use cookies to give you the best possible experience. Learn more