കളിക്കളത്തില്‍ ലയണല്‍ മെസിയെ നേരിടാനാണ് താന്‍ ഏറെ ബുദ്ധിമുട്ടിയതെന്ന് മൊറോക്കന്‍ ഗോള്‍കീപ്പര്‍ യാസിന്‍ ബൂണോ. വളരെ പെട്ടെന്ന് ബോക്‌സിനുള്ളില്‍ പ്രത്യക്ഷപ്പെട്ട് വലകുലുക്കുന്ന മെസിയുടെ അസാമാന്യ കഴിവിനെ കുറിച്ചും അല്‍ ഹിലാല്‍ സൂപ്പര്‍ താരം സംസാരിച്ചു.
ലാ ലിഗയില്‍ കളിക്കുമ്പോള്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ, കരീം ബെന്‍സെമ, ലൂയീസ് സുവാരസ് എന്നിവരുടെ പ്രകടനം കണ്ട് ആവേശഭരിതനായിട്ടുണ്ടെന്നും എന്നാല്‍ താന്‍ നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ താരം ലയണല്‍ മെസിയായിരുന്നെന്നും ബൂണോ പറഞ്ഞു.
യാസിന്‍ ബൂണോയുടെ അഭിമുഖത്തെ ഉദ്ധരിച്ച് ബി.ടി.3യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘സുവാരസ് വളരെ മികച്ച താരമാണ്. ബെന്‍സെമയും റൊണാള്‍ഡോയും മികച്ച താരങ്ങള്‍ തന്നെ. കളക്കളത്തില്‍ മെസിയാണ് എനിക്കെതിരെ പല അടവുകളും പ്രയോഗിച്ചിരുന്നത്.
ഞാന്‍ ഇതുവരെ കളിച്ചതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയത് മെസിയെ നേരിടാനായിരുന്നു. വളരെ പെട്ടെന്ന് തന്നെ അദ്ദേഹം ഗോളടിക്കാനായി പ്രത്യക്ഷപ്പെടുകയും എന്റെ വലയിലേക്ക് ഗോളടിക്കും ചെയ്യുന്നു,’ ബൂണോ പറഞ്ഞു.
ലയണല്‍ മെസി വിരമിക്കുമ്പോള്‍ ഈ ഫുട്‌ബോള്‍ ലോകം അര്‍ജന്റൈന്‍ നായകനെ മിസ് ചെയ്യുമെന്നും ബൂണോ പറഞ്ഞു.
‘ഫുട്‌ബോളിന് ഇപ്പോള്‍ പലതും നഷ്ടപ്പെട്ടിരിക്കുകയാണ്. എന്നാല്‍ അത് ഇപ്പോഴും ആരാധകരെ ആകര്‍ഷിക്കുന്നില്ല എന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല.
പക്ഷേ ഒരു പ്രത്യേക താരത്തോടുള്ള അഭിനിവേശം ഇപ്പോള്‍ കാണാന്‍ സാധിക്കില്ല. അതില്‍ പ്രധാനി ലയണല്‍ മെസിയാണ്. രണ്ട് വര്‍ഷം കഴിഞ്ഞാല്‍ ഞങ്ങള്‍ ലയണല്‍ മെസിയെ മിസ് ചെയ്യുമെന്നുറപ്പാണ്. മെസിയെ പോലെ ഒരു താരം ഇനി ഉണ്ടാവുകയുമില്ല,’ ബൂണോ പറഞ്ഞു.
ആറ് മത്സരത്തിലാണ് മെസിയും യാസിന്‍ ബൂണോയും നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ മൂന്ന് തവണ മെസിപ്പട ജയിച്ചപ്പോള്‍ ഒരിക്കല്‍ മാത്രമാണ് ബൂണോക്ക് വിജയം രുചിക്കാന്‍ സാധിച്ചത്.
ഈ ആറ് മത്സരത്തില്‍ 13 തവണയാണ് യാസിന്‍ ബൂണോക്ക് ഗോള്‍ വഴങ്ങേണ്ടി വന്നത്. ഒരു മത്സരത്തില്‍ അദ്ദേഹം ക്ലീന്‍ ഷീറ്റ് നേടുകയും ചെയ്തു.