രണ്ട് വര്‍ഷം കഴിഞ്ഞാല്‍ മെസിയെ മിസ് ചെയ്യുമെന്നുറപ്പാണ്, ഇതുപോലെ ഒരു താരം ഇനി ഉണ്ടാകില്ല: യാസിന്‍ ബൂണോ
Sports News
രണ്ട് വര്‍ഷം കഴിഞ്ഞാല്‍ മെസിയെ മിസ് ചെയ്യുമെന്നുറപ്പാണ്, ഇതുപോലെ ഒരു താരം ഇനി ഉണ്ടാകില്ല: യാസിന്‍ ബൂണോ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 5th December 2023, 4:29 pm

അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയെ പോലെ ഒരു താരം ഇനിയുണ്ടാകില്ലെന്ന് മൊറോക്കന്‍ ഗോള്‍കീപ്പര്‍ യാസിന്‍ ബൂണോ. ലയണല്‍ മെസി വിരമിക്കുന്നതോടെ ഫുട്‌ബോള്‍ ലോകം അര്‍ജന്റീനയുടെ ലോകകപ്പ് ഹീറോയെ ഉറപ്പായും മിസ് ചെയ്യുമെന്നും ബൂണോ പറഞ്ഞു.

യാസിന്‍ ബൂണോയുടെ അഭിമുഖത്തെ ഉദ്ധരിച്ച് ബി.ടി.3യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

 

 

‘ഫുട്ബോളിന് ഇപ്പോള്‍ പലതും നഷ്ടപ്പെട്ടിരിക്കുകയാണ്. എന്നാല്‍ അത് ഇപ്പോഴും ആരാധകരെ ആകര്‍ഷിക്കുന്നില്ല എന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല.

പക്ഷേ ഒരു പ്രത്യേക താരത്തോട് ആരാധകര്‍ക്ക് തോന്നുന്ന ഒരു അഭിനിവേശം ഇപ്പോള്‍ കാണാന്‍ സാധിക്കില്ല. അതില്‍ പ്രധാനി ലയണല്‍ മെസിയാണ്. രണ്ട് വര്‍ഷം കഴിഞ്ഞാല്‍ ഞങ്ങള്‍ ലയണല്‍ മെസിയെ മിസ് ചെയ്യുമെന്നുറപ്പാണ്. മെസിയെ പോലെ ഒരു താരം ഇനി ഉണ്ടാവുകയുമില്ല,’ ബൂണോ പറഞ്ഞു.

കളിക്കളത്തില്‍ താന്‍ ഏറെ ബുദ്ധിമുട്ടിയത് മെസിയെ നേരിടാനാണെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. മെസി വളരെ പെട്ടെന്ന് തന്നെ ബോക്‌സിനുള്ളിലെത്തുമെന്നും പ്രതീക്ഷിക്കാതെ ഗോള്‍ നേടുമെന്നും ബൂണോ പറഞ്ഞു.

ലാലിഗയില്‍ കളിക്കുമ്പോള്‍ പോര്‍ച്ചുഗല്‍ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഫ്രഞ്ച് താരം കരീം ബെന്‍സെമ, ഉറുഗ്വേയന്‍ ലെജന്‍ഡ് ലൂയീസ് സുവാരസ് എന്നിവരുടെ പ്രകടനം കണ്ട് ആവേശഭരിതനായിട്ടുണ്ടെന്നും എന്നാല്‍ താന്‍ നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ താരം ലയണല്‍ മെസിയായിരുന്നെന്നും ബൂണോ പറഞ്ഞു.

‘സുവാരസ് വളരെ മികച്ച താരമാണ്. ബെന്‍സെമയും റൊണാള്‍ഡോയും മികച്ച താരങ്ങള്‍ തന്നെ. കളക്കളത്തില്‍ മെസിയാണ് എനിക്കെതിരെ പല അടവുകളും പ്രയോഗിച്ചിരുന്നത്. ഞാന്‍ ഇതുവരെ കളിച്ചതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയത് മെസിയെ നേരിടാനായിരുന്നു. വളരെ പെട്ടെന്ന് തന്നെ അദ്ദേഹം ഗോളടിക്കാനായി പ്രത്യക്ഷപ്പെടുകയും എന്റെ വലയിലേക്ക് ഗോളടിക്കുകയും ചെയ്യുന്നു,’ ബൂണോ പറഞ്ഞു.

ആറ് മത്സരത്തിലാണ് മെസിയും യാസിന്‍ ബൂണോയും നേര്‍ക്കുനേര്‍ വന്നത്. ഇതില്‍ മൂന്ന് തവണ മെസിയും സംഘവും ജയിച്ചപ്പോള്‍ ഒരു മത്സരത്തില്‍ മാത്രമാണ് ബൂണോക്ക് വിജയം നേടാന്‍ സാധിച്ചത്.

ഈ ആറ് മത്സരത്തില്‍ 13 തവണയാണ് യാസിന്‍ ബൂണോക്ക് ഗോള്‍ വഴങ്ങേണ്ടി വന്നത്. ഒരു മത്സരത്തില്‍ അദ്ദേഹം ക്ലീന്‍ ഷീറ്റ് നേടുകയും ചെയ്തു.

 

Content Highlight: Yassin Bounou praises Lionel Messi