ഖത്തറില്‍ വെച്ചല്ല, ബോണോയുടെ ഹീറോയിസം മലയാളികള്‍ പണ്ടേ നേരില്‍ കണ്ടതാ
സ്പോര്‍ട്സ് ഡെസ്‌ക്

കരുത്തരായ സ്പെയ്നിനെ അട്ടിമറിച്ച മൊറോക്കയുടെ സൂപ്പര്‍ഹീറോയായി യാസിന്‍ ബോണോയെ ലോകം വാഴ്ത്തുമ്പോള്‍, ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ കളിക്കാനെത്തിയ ജിറോണി എഫ്.സിയുടെ ഗോളിയെ ഓര്‍ത്തെടുക്കുകയാണ് മലയാളികള്‍.

2018ല്‍ നടന്ന ടയോട്ട യാരിസ് ലാലിഗ വേള്‍ഡ് ടൂര്‍ണമെന്റില്‍ കളിക്കാനാണ്യാസിന്‍ ബോണോ ജിറോണ എഫ്.സിക്കൊപ്പം കൊച്ചിയിലെത്തിയത്. കേരള ബ്ലാസ്റ്റേഴ്സ് കൂടി ഭാഗമായ ടൂര്‍ണമെന്റയിരുന്നു അത്.

കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ജിറോണയുടെ ഗോള്‍ കീപ്പറായിരുന്നു ബോണോ. അന്ന് എതിരില്ലാത്ത ആറ് ഗോളിന് ജിറോണ ജയിക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം ഖത്തര്‍ ലോകകപ്പില്‍ എജ്യുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ സ്പെയ്നിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-0ന് തകര്‍ത്താണ് മൊറോക്കോ ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തിയിരിക്കുന്നത്.

ഷൂട്ടൗട്ടില്‍ സ്‌പെയ്‌നിന്റെ മൂന്ന് കിക്കുകളും സേവ് ചെയ്ത ഗോള്‍ കീപ്പര്‍ യാസിന്‍ ബോണോയാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്.

ഷൂട്ടൗട്ടില്‍ സ്പെയ്‌നിന്റെ രണ്ട് കിക്കുകള്‍ ബോണോ തടഞ്ഞിട്ടപ്പോള്‍ ഒരു കിക്ക് പോസ്റ്റിലേക്ക് തട്ടുന്നതിനും താരത്തിന്റെ ടാക്റ്റിക്സിന് കഴിഞ്ഞു. മത്സരത്തിലുടനീളവും മികച്ച പ്രകടനമാണ് യാസിന്‍ ബോണോ കാഴ്ചവെച്ചത്. മത്സരശേഷം താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

‘ഈ ജയം മൊറോക്കന്‍ ജനതക്ക് സമര്‍പ്പിക്കുകയാണ്. മൊറോക്കയിലും മറ്റുമുള്ള ആരാധകരുടെ പിന്തുണ ഞങ്ങള്‍ക്കറിയാന്‍ കഴിയുന്നുണ്ടായിരുന്നു. അത് സ്റ്റേഡിയത്തില്‍ ഞങ്ങള്‍ക്ക് കരുത്ത് പകരുകയായിരുന്നു. ഈ ടാസ്‌കില്‍ ഞങ്ങളോടൊപ്പം നിന്ന എല്ലാ ആരാധകര്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഒപ്പം ടീമിലെ എല്ലാ താരങ്ങളെയും അഭിനന്ദിക്കുകയും ചെയ്യുന്നു.

പെനാല്‍ട്ടി ഗോള്‍ സേവ് ചെയ്യണമെങ്കില്‍ ഊഹങ്ങളും കണക്കുകൂട്ടലുകളും മാത്രം പോരാ, ഇടക്കൊക്കെ ഭാഗ്യവും തുണക്കണം. ഞങ്ങള്‍ അതില്‍ വിജയിച്ചു, അതാണ് ഏറ്റവും വലിയ കാര്യം,’അദ്ദേഹം പറഞ്ഞു.

120 മിനിട്ടോളം ഗോള്‍ വലക്ക് മുന്നില്‍, മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചിരിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. വല കാക്കുമ്പോള്‍ മറ്റ് ശബ്ദങ്ങളെല്ലാം അവഗണിക്കേണ്ടി വരും. നമ്മളില്‍ തന്നെ, നമ്മുടെ ജോലിയില്‍ മാത്രം ഫോക്കസ് ചെയ്യേണ്ടി വരും. പ്രത്യേകിച്ച് പന്ത് നന്നായി ഡോമിനേറ്റ് ചെയ്യാന്‍ കഴിയുന്ന, നല്ല പൊസഷനുള്ള സ്പാനിഷ് ടീമിനെ പോലുള്ള എതിരാളികളുടെ മുമ്പില്‍.

ടീമിന്റെ കാര്യത്തില്‍ ഞാന്‍ വളരെ സന്തോഷവാനാണ്. മത്സരത്തിലുടനീളം വലിയ പ്രയത്‌നമാണ് ഓരോരുത്തരും ചെയ്തത്. തുടക്കം മുതല്‍ കളിയുടെ ഗതി ഞങ്ങള്‍ക്ക് മനസിലായിട്ടുണ്ടായിരുന്നു. അതില്‍ വിജയിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം തോന്നുന്നുണ്ട്.

2019-20 സീസണ്‍ മുതല്‍ സെവിയ്യയുടെ ഗോള്‍ കീപ്പറാണ് ബോണോ. ക്ലബിനായി 120 മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. സ്പാനിഷ് ടീമുകളായ അത്‌ലറ്റിക്കോ മാഡ്രിഡ്, സരഗോസ, ജിറോണ എന്നിവക്കൊപ്പവും ബോണോ കളിച്ചിട്ടുണ്ട്. 2018ലെ റഷ്യന്‍ ലോകകപ്പിലും താരം പങ്കെടുത്തിട്ടുണ്ട്.

2013ലാണ് ബോണോ മൊറോക്കന്‍ ടീമിന്റെ ഭാഗമായത്. തന്റെ ജന്മനാടായ കാനഡയ്ക്കായി കളിക്കാന്‍ അവസരം ലഭിച്ചിട്ടും പിതാവിന്റെ നാടായ മൊറോക്കക്ക് വേണ്ടി കളിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സിലും ബോണാ കളിച്ചിട്ടുണ്ട്.