യാസര്‍ അറഫാത്തിന്റേത് സ്വാഭാവിക മരണമെന്ന് ഫ്രഞ്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്
World
യാസര്‍ അറഫാത്തിന്റേത് സ്വാഭാവിക മരണമെന്ന് ഫ്രഞ്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 4th December 2013, 10:43 am

[] പാരിസ്: പാലസ്തീന്‍ ജനതയുടെ ഇതിഹാസ നായകനും മുന്‍ പ്രസിഡണ്ടുമായ യാസര്‍ അറഫാത്തിന്റേത് സ്വാഭാവിക മരണമാണെന്നും വിഷാംശം ഉള്ളില്‍ ചെന്നല്ലെന്നും ഫ്രഞ്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്.

എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്ത് അറഫാത്തിന്റെ ഭാര്യ സുഹ രംഗത്തെത്തിയിട്ടുണ്ട്. മരണത്തെ സംബന്ധിച്ചുള്ള കേസ് കോടതിക്ക് മുന്നില്‍ സമര്‍പ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു.

2004 നവംബര്‍ 11 നാണ് അറഫാത്ത് മരണമടഞ്ഞത്. രക്തത്തിലെ അണുബാധയാണ് മരണകാരണമെന്നായിരുന്നു ആശുപത്രി രേഖയില്‍ പറഞ്ഞിരുന്നത്.

യാസര്‍ അറഫാത്തിനെ കൊന്നത് മാരക വിഷം നല്‍കിയാണെന്നും തെളിവുകള്‍ തന്റെ വശമുണ്ടെന്നും അദ്ദേഹത്തിന്റെ ഭാര്യ സുഹ നേരത്തെ വ്യക്തമാക്കിയിരുന്നു.

അറഫാത്തിന്റെ മരണസമയത്ത് അദ്ദേഹത്തിന്റെ ശരീരത്തില്‍ പൊളോണിയത്തിന്റെ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ട് 2012 ജൂലൈയിലാണ് പുറത്ത് വന്നത്.

ഭാതികാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് നടത്തിയ ഫോറന്‍സിക് പരിശോധനയിലാണ് അണുവികിരണ മൂലകമായ പൊളോണിയത്തിന്റെ സാന്നിധ്യം ഉയര്‍ന്ന അളവില്‍ കണ്ടെത്തിയത്.

അല്‍ ജസീറ ടെലിവിഷനാണ് ഇത് സംബന്ധിച്ച പരിശോധനാ ഫലം പുറത്ത് വിട്ടത്.

എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കളയുന്ന റിപ്പോര്‍ട്ട് ആണ് ഫ്രഞ്ച് ഫോറന്‍സിക് വിഭാഗം പുറപ്പെടുവിച്ചിരിക്കുന്നത്.

ആണവശേഷിയുള്ള രാജ്യങ്ങള്‍ക്കോ അതിവൈദഗ്ധ്യമുള്ള ശാസ്ത്രജ്ഞര്‍ക്കോ മാത്രമേ പൊളോണിയം ഉപയോഗിക്കാന്‍ കഴിയൂ എന്നതിനാല്‍ അറഫാത്തിന് ഇസ്രയേല്‍ വിഷം നല്‍കിയെന്നായിരുന്നു ആരോപണം.