| Wednesday, 28th November 2012, 8:24 am

പരിശോധനയ്ക്കായി പുറത്തെടുത്ത യാസിര്‍ അറഫാത്തിന്റെ മൃതശരീരം അടക്കംചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാമല്ല: വിദഗ്ധ പരിശോധനക്കായി പുറത്തെടുത്ത ഫലസ്തീന്‍ നേതാവ് യാസിര്‍ അറഫാത്തിന്റെ മൃതശരീരം അടക്കംചെയ്തു.

തിങ്കളാഴ്ച അര്‍ധരാത്രിയോടെ പരിശോധനക്കായുള്ള നടപടികള്‍ ആരംഭിച്ച വിദഗ്ധ സംഘം ചൊവ്വാഴ്ച രാവിലെയാണ് ഭൗതികശരീരാവശിഷ്ടം പുറത്തെടുത്തത്.[]

പരിശോധനകള്‍ക്കാവശ്യമായ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഖബറിന്റെ ഭാഗങ്ങള്‍ ഇരുമ്പ് പലകകള്‍കൊണ്ട് സുരക്ഷിതമാക്കിയതായും ഔദ്യാഗിക വൃത്തങ്ങള്‍ അറിയിച്ചു.

മരണകാരണം കണ്ടെത്തുന്നതിനുള്ള പരിശോധനക്കായാണ് മൃതദേഹം പുറത്തെടുത്തത്. രാസ വിഷബാധയേറ്റാണ് അറഫാത്ത് മരിച്ചതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

പുറത്തെടുത്ത ഭൗതികാവശിഷ്ടം പള്ളിയിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് ഫലസ്തീനി ഡോക്ടര്‍മാര്‍ സാമ്പിളുകള്‍ ശേഖരിച്ച് വിദഗ്ധ സംഘത്തിന് കൈമാറി. ഫ്രാന്‍സ്, റഷ്യ, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാരാണ് പരിശോധന നടത്തുന്നത്.

ഫലസ്തീനിലെ വെസ്റ്റ്ബാങ്കില്‍ റാമല്ലയിലാണ് അറഫാത്തിന്റെ ഖബറിടം. അതീവരഹസ്യമായി നടത്തുന്ന പരിശോധനയുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അറഫാത്തിന്റെ ഭാര്യ സുഹയുടെ അഭിഭാഷകരെയും പരിശോധന സ്ഥലത്തേക്ക് പ്രവേശിപ്പിച്ചില്ല.

ആന്തരാവയവ പരിശോധന നടത്തിയാണ് മരണകാരണം കണ്ടുപിടിക്കുക.   ഫ്രാന്‍സിലെ ആശുപത്രിയില്‍ 2004ലാണ് അറഫാത്ത് മരിച്ചത്.  രക്തത്തിലെ അണുബാധയെത്തുടര്‍ന്നുണ്ടായ മസ്തിഷ്‌ക്കാഘാതമാണ് മരണകാരണമെന്നായിരുന്നു ആശുപത്രി രേഖകളിലുണ്ടായിരുന്നത്.

എന്നാല്‍, മരണത്തിനുമുമ്പ് അറഫാത്ത് ധരിച്ച വസ്ത്രങ്ങളില്‍ റേഡിയോ ആക്ടിവ് മൂലകമായ പൊളോണിയം210 വര്‍ധിച്ച അളവില്‍ ഉണ്ടായിരുന്നതായി സ്വിറ്റ്‌സര്‍ലന്‍ഡിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

ചെറിയ അളവില്‍ ശരീരത്തിലെത്തിയാല്‍പോലും മരണകാരണമാകുന്ന വസ്തുവാണ് പൊളോണിയം210. ഇവരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അറഫാത്തിന്റെ മരണം കൊലപാതകമായിരുന്നുവെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ട് 2012 ജൂലൈയില്‍ അല്‍ജസീറ പുറത്തുവിടുകയായിരുന്നു.

തുടര്‍ന്ന്, മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അറഫാത്തിന്റെ ഭാര്യ സുഹ പാരിസിലെ കോടതിയില്‍ ഹരജി നല്‍കി.

We use cookies to give you the best possible experience. Learn more