| Wednesday, 4th July 2012, 11:52 am

അറഫാത്തിന്റെ മരണകാരണം പൊളോണിയമെന്ന് അല്‍ജസീറ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജറുസലേം: ഫലസ്തീന്‍ മുന്‍ പ്രസിഡണ്ട് യാസര്‍ അറഫാത്തിന്റെ മരണസമയത്ത് അദ്ദേഹത്തിന്റെ ശരീരത്തില്‍ റേഡിയോ ആക്ടീവ് പദാര്‍ത്ഥമായ പൊളോണിയത്തിന്റെ അംശമുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്. അറഫാത്തിന്റേത് സ്വാഭാവിക മരണമായിരുന്നില്ല എന്ന് അവകാശപ്പെടുന്ന തെളിവുകള്‍ അല്‍ജസീറയാണ് പുറത്തുവിട്ടത്.

മരണസയമത്ത് അറഫാത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളില്‍ പൊളോണിയം-210യുടെ സാന്നിധ്യമുണ്ടായിരുന്നു.  അറഫാത്തിന്റെ മൂത്രത്തിലും അടിവസ്ത്രത്തിലും പോളോണിയം കണ്ടെത്തിയിട്ടുണ്ട്. ലോസെയ്‌നിലെ ഡീ റേഡിയോഫിസിക്ക് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയില്‍ ഇക്കാര്യം വ്യക്തമായതാണെന്നും അല്‍ജസീറ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു ശരാശരി മനുഷ്യനില്‍ മരണത്തിന് കാരണമായേക്കാവുന്നതിന്റെ 20 മടങ്ങ് അധികം പൊളോണിയം അറഫാത്തിന്റെ ശരീരത്തിലുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2004 നവംബറില്‍ പാരീസിലെ ആശുപത്രിയില്‍ വെച്ചാണ് അറഫാത്ത് മരണമടഞ്ഞത്. അറഫാത്തിന്റെ ഭാര്യയില്‍ നിന്നും മരണ സമയത്ത് അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും മറ്റും ശേഖരിച്ച് അല്‍ജസീറ പരിശോധന നടത്തുകയായിരുന്നു. ഒമ്പതു മാസം നീണ്ട പഠനമാണ് അല്‍ജസീറ നടത്തിയത്. അറഫാത്ത് ഏറ്റവുമൊടുവില്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍, പല്ലുതേക്കാനുപയോഗിച്ച ബ്രഷ്,ശിരോവസ്ത്രം തുടങ്ങിയവയില്‍ പൊളോണിയം എന്ന രാസമൂലകത്തിന്റെ അംശം ക്രമാതീതമായ അളവില്‍ കണ്ടെത്തിയതായി പറയുന്നു.

അറഫാത്തിന്റെ ശരീരത്തില്‍ വിഷാംശം ഇല്ലെന്നായിരുന്നു പാരീസിലെ സൈനിക ആശുപത്രിയില്‍ നടത്തിയ പരിശോധനാ ഫലം. വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്നത് അഭ്യൂഹം മാത്രമാണെന്നും കാന്‍സര്‍, കരള്‍ വീക്കം എന്നിവ ബാധിച്ചാണ്  അദ്ദേഹം മരണമടഞ്ഞതെന്നുമായിരുന്നു ഇവരുടെ വിലയിരുത്തല്‍. എച്ച്.ഐ വി ബാധിച്ചാണ് മരണമെന്നും പ്രചരിച്ചിരുന്നു.

എന്നാല്‍, 2004 ഒക്ടോബര്‍ 12ന് പൊടുന്നനെ വീഴുന്നതുവരെ അറഫാത്ത് പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്നും മറ്റുള്ള പ്രചണങ്ങളെല്ലാം വ്യാജമായിരുന്നുവെന്നും അല്‍ജസീറ വെളിപ്പെടുത്തി.  അറഫാത്തിന്റെ രക്തത്തിലടക്കം ക്രമാതീതമായ അളവില്‍ പെളോണിയം 210 കണ്ടെത്തിയതായി താന്‍ സ്ഥീരീകരിച്ചെന്ന് ഡീ റേഡിയോഫിസിക്ക് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഡയറക്ടര്‍ ഡോകട്ര് ഫ്രാങ്കോയിസ് ബോച്ചദ് സാക്ഷ്യപ്പെടുത്തി.

പരിശോധനാ ഫലത്തെത്തുടര്‍ന്ന് അറഫാത്തിന്റെ മൃതദേഹം അദ്ദേഹത്തെ അടക്കം ചെയ്ത റാമല്ലയിലെ ഖബറിടത്തില്‍ നിന്ന് പുറത്തെടുത്ത് മരണകാരണം സ്ഥീരീകരിക്കണമെന്ന് അദ്ദേഹത്തിന്റെ വിധവ സുഹ അറഫാത്ത് ആവശ്യപ്പെട്ടു.

We use cookies to give you the best possible experience. Learn more