| Saturday, 7th September 2024, 4:01 pm

പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരു സര്‍ക്കസായി മാറിയിരിക്കുകയാണ്; കനത്ത വിമര്‍ശനവുമായി യാസര്‍ അര്‍ഫാത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

പാകിസ്ഥാനെതിരെ റാവല്‍പിണ്ടിയില്‍ നടന്ന രണ്ട് മത്സരങ്ങളടങ്ങുന്ന ടെസ്റ്റ് പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു. ആദ്യമായാണ് ബംഗ്ലാദേശ് പാകിസ്ഥാനെ തകര്‍ത്ത് ചരിത്ര വിജയം സ്വന്തമാക്കുന്നത്. തോല്‍വിയെത്തുടര്‍ന്ന് പാകിസ്ഥാന് വലിയ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

എന്നാല്‍ ഇനി പാകിസ്ഥാന് മുന്നിലുള്ളത് സ്വന്തം തട്ടകത്തില്‍ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയാണ്. ഒക്ടോബര്‍ ഏഴിനാണ് ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. രണ്ടാം ടെസ്റ്റ് 15 മുതല്‍ 19 വരെയും അവസാന ടെസ്റ്റ് 24 മുതല്‍ 28 വരെയുമാണ്.

ലാഹോറിലും കറാച്ചിയിലും റാവല്‍പിണ്ടിയിലുമാണ് മത്സരങ്ങള്‍ നിലവില്‍ ഷെഡ്യൂള്‍ ചെയ്തത്. എന്നാല്‍ വലിയ ഇവന്റുകള്‍ മുന്നില്‍ നില്‍ക്കവെ മുന്‍ ഓള്‍റൗണ്ടര്‍ യാസിര്‍ അറഫാത്ത് പാകിസ്ഥാന്‍ ടീമിനും ബോര്‍ഡിനുമെതിരെ കനത്ത വിമര്‍ശനം ഉയര്‍ത്തിയിരിക്കുകയാണ്.

‘നിങ്ങളുടെ പോരായ്മകള്‍ നിങ്ങള്‍തന്നെ തുറന്നു കാട്ടി. കളിക്കാര്‍ക്ക് ഫിറ്റ്‌നസും ടെക്‌നികല്‍ സ്‌കില്ലുമില്ല, പിച്ചുകളും സഹായിക്കുന്നില്ല. ജേസണ്‍ ഗില്ലസ്പിയും മികച്ച പരിശീലകരും ഓസ്‌ട്രേലിയയിലേക്ക് മടങ്ങുന്നു. ഈ തീരുമാനങ്ങള്‍കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരു സര്‍ക്കസായി മാറിയിരിക്കുകയാണ്, ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ ജോക്കര്‍മാരും,’ യാസിര്‍ അറഫാത്ത് പറഞ്ഞു.

രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ചരിത്ര വിജയം. ആദ്യ ടെസ്റ്റില്‍ 10 വിക്കറ്റിന്റെ മിന്നും വിജയവും ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു. ഇതോടെ 2025 ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്താണ്. 2021ന് ശേഷം പാകിസ്ഥാന്‍ ഒരു ഹോം ടെസ്റ്റ് പോലും വിജയിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Content Highlight: Yasir Arafat Criticize Pakistan Cricket

We use cookies to give you the best possible experience. Learn more