| Wednesday, 21st August 2013, 12:33 am

യശ്വന്തപുരം-മംഗലാപുരം എക്‌സ്പ്രസിന്റെ റൂട്ട് മാറ്റത്തിനായി കര്‍ണാടകയുടെ സമ്മര്‍ദ്ദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ബാംഗ്ലൂര്‍: പാലക്കാട് വഴിയുള്ള യശ്വന്തപുരം മംഗലാപുരം എക്‌സ്പ്രസിന്റെ റൂട്ട് മാറ്റത്തിനായി കര്‍ണാടക ലോബി സമ്മദര്‍ദ്ദം ചെലുത്തുന്നതായി റിപ്പോര്‍ട്ട്. []

മംഗലാപുരത്തേക്ക് നേരിട്ട് ട്രെയിന്‍ വേണമെന്നാണ് ഇവരുടെ ആവശ്യം. കര്‍ണാടകത്തിന് അനുവദിച്ച ട്രെയിനിന്റെ പ്രയോജനം യഥാര്‍ത്ഥത്തില്‍ ലഭിക്കുന്നത് അയല്‍സംസ്ഥാന ങ്ങള്‍ക്കാണെന്നും ഇവര്‍ ആരോപിക്കുന്നു.

പുതുതായി പ്രഖ്യാപിച്ച ട്രെയിന്‍ കര്‍ണാടകത്തിലെ ബാനസവാടി, കെ.ആര്‍. പുരം എന്നീ സ്‌റ്റേഷനുകളില്‍ കൂടി മാത്രമാണ് പോകുന്നത്.

തമിഴ്‌നാടിനും കേരളത്തിനും പ്രയോജനം ചെയ്യുന്ന രീതിയിലാണ് ട്രെയിനിന്റെ റൂട്ടെന്നും ബാംഗ്ലൂരിലെയും മംഗലാപുരത്തെയും ജനങ്ങള്‍ക്ക് ഈ ട്രെയിന്‍ കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്നുമാണ് കന്നട സംഘടനകളുടെ ആരോപണം.

മംഗലാപുരത്തേക്കുള്ള ട്രെയിനിന്റെ റൂട്ടില്‍ എതിര്‍പ്പുണ്ടെന്ന് കര്‍ണാടക ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ആര്‍. ശിവകുമാര്‍ പറഞ്ഞു. ഇതിന് റെയില്‍വേ തയ്യാറാകുന്നില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ട്രെയിനിന്റെ റൂട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഉഡുപ്പി ചിക്കമംഗല്ലൂര്‍ എം.പി. കെ ജയപ്രകാശ് ഹെഗ്‌ഡെ പറഞ്ഞു. റൂട്ടിന്റെ കാര്യത്തില്‍ റെയില്‍വെ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബാംഗ്ലൂരില്‍ നിന്ന് മംഗലാപുരത്തേക്ക് ട്രെയിന്‍ വേണമെന്ന കര്‍ണാടകത്തിന്റെ ആവശ്യത്തിന് ഇത്തരമൊരു ട്രെയിന്‍ അവദിച്ചത് ജനങ്ങളെ വഞ്ചിക്കുന്നതിന് തുല്യമാണെന്നും ജയക്രാശ് ഹെഗ്‌ഡെ എം.പി. പറഞ്ഞു.

നിലവില്‍ ബാംഗ്ലൂരില്‍ നിന്ന് മലബാറിലേക്ക് ഒരു ട്രെയിന്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഏറെ നാളത്തെ ആവശ്യത്തെ തുടര്‍ന്നാണ് കഴിഞ്ഞ റെയില്‍വേ ബജറ്റില്‍ ഒരു പ്രതിവാര ട്രെയിന്‍ അനുവദിച്ചത്.

അതേസമയം മംഗലാപുരം എക്‌സ്പ്രസ്സിന്റെ റൂട്ട് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടെന്നും ട്രെയിനിന്റെ റൂട്ട് മാറ്റുന്നതിനെക്കുറിച്ച് അറിയില്ലെന്നും ബാംഗ്ലൂര്‍ ഡിവിഷന്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ അനില്‍കുമാര്‍ അഗര്‍വാള്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more