| Monday, 16th July 2018, 5:05 pm

2019ല്‍ ബി.ജെ.പിയെ എങ്ങനെ തോല്‍പ്പിക്കാം? പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നാല് വഴികള്‍ നിര്‍ദേശിച്ച് യശ്വന്ത് സിന്‍ഹ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2019ല്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന യശ്വന്ത് സിന്‍ഹ. എന്‍.ഡി.ടി.വിയിലെ ലേഖനത്തിലൂടെയാണ് അദ്ദേഹം ഈ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നത്.

കോണ്‍ഗ്രസ് ഇതര പാര്‍ട്ടികളുടെ സഖ്യം എന്ന ആശയമാണ് യശ്വന്ത് സിന്‍ഹ ആദ്യമായി മുന്നോട്ടുവെക്കുന്നത്. എന്നാല്‍ ഇതിന്റെ ഗുണം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് അനുകൂലമാകണമെങ്കില്‍ ഭരണകക്ഷിയ്‌ക്കെതിരെ അത്രയും ശക്തമായ ജനവികാരമുണ്ടായിരിക്കണമെന്നും യശ്വന്ത് സിന്‍ഹ നിരീക്ഷിക്കുന്നു. ഭരണവിരുദ്ധ വികാരം അത്രയ്ക്കും ശക്തമായാല്‍ മാത്രമേ ജനങ്ങള്‍ ആരു ജയിക്കുമെന്നുപോലും നോക്കാതെ ഇപ്പോഴത്തെ സര്‍ക്കാറിനെ പുറത്താക്കൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.


Also Read: കോഴിയെ മോഷ്ടിച്ചുവെന്നാരോപിച്ച് കൊല്ലത്ത് ബംഗാള്‍ സ്വദേശിയെ തല്ലിക്കൊന്നു


തെരഞ്ഞെടുപ്പിനു മുമ്പുതന്നെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ മഹാസഖ്യം രൂപീകരിച്ച് എന്‍.ഡി.എയെ നേരിടുകയെന്ന നിര്‍ദേശമാണ് ഏറ്റവും പ്രായോഗികമായ ഒന്നായി അദ്ദേഹം മുന്നോട്ടുവെക്കുന്നത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഒരാളെ പ്രഖ്യാപിക്കാതെ തന്നെ ഇത്തരമൊരു രീതി തുടരാം. മോദിയ്‌ക്കെതിരെ ആര് എന്ന ചോദ്യം ഉയര്‍ത്താന്‍ ബി.ജെ.പി അതിന്റെ പരമാവധി ശ്രമിക്കും. ആ കെണിയില്‍ പ്രതിപക്ഷം വീഴരുതെന്നും അദ്ദേഹം ഉപദേശിക്കുന്നു.

“വരുന്ന തെരഞ്ഞെടുപ്പില്‍ മോദിയൊരു വിഷയമേയല്ല. പ്രശ്‌നങ്ങളായിരിക്കും വിഷയം. അത് ധാരാളമുണ്ട് താനും.” അദ്ദേഹം വിശദീകരിക്കുന്നു.


Also Read:“”പഠിക്കുന്നതും പഠിപ്പിക്കുന്നതും മുഴുവന്‍ മാപ്ലാരാണ്; നമ്മടെ കൂട്ടത്തില്‍ ഒരെണ്ണം കൂട്ടാലോ എന്ന് കരുതിയാണ്”; പ്രിന്‍സിപ്പലിന്റെ ജാതീയത തുറന്ന് കാട്ടി ഉദ്യോഗാര്‍ത്ഥി


പ്രാദേശിക പാര്‍ട്ടികള്‍ ഒരുമിച്ചുനിന്ന് ഒരു തരത്തിലുള്ള ഫെഡറല്‍ മുന്നണി രൂപീകരിക്കുകയെന്നതാണ് അദ്ദേഹം മൂന്നാമത്തെ മാര്‍ഗമായി നിര്‍ദേശിക്കുന്നത്. പ്രാദേശിക ആവശ്യകതകള്‍ അനുസരിച്ച് കോണ്‍ഗ്രസ് അടക്കമുള്ള മറ്റു പാര്‍ട്ടികളെയും ഈ മുന്നണിയില്‍ ഉള്‍പ്പെടുത്താമെന്ന് അദ്ദേഹം പറയുന്നു.

സഖ്യം വേണോ വേണ്ടയോയെന്ന് തീരുമാനിക്കുന്നത് ഓരോ സംസ്ഥാനങ്ങളിലും ശക്തമായ കക്ഷി തീരുമാനിക്കണം എന്നതാണ് നാലാമത്തെ മാര്‍ഗമായി അദ്ദേഹം മുന്നോട്ടുവെക്കുന്നത്. ഒന്നും ചെയ്യാതെ ഇരിക്കുന്നതിനേക്കാള്‍ നല്ലതാണ് ഇതെന്നാണ് അദ്ദേഹം പറയുന്നത്. ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളാണ് ഇതിനു ഉദാഹരണമായി അദ്ദേഹം നിരത്തുന്നത്.

We use cookies to give you the best possible experience. Learn more