|

ഗുജറാത്ത് തെരഞ്ഞെടുപ്പ്; ബി.ജെ.പിയ്‌ക്കെതിരായ പ്രചരണത്തിനായി യശ്വന്ത് സിന്‍ഹ ഗുജറാത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുജറാത്തിലെ ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് തിരിച്ചടിയായി മുതിര്‍ന്ന നേതാവ് യശ്വന്ത് സിന്‍ഹ ഗുജറാത്ത് സന്ദര്‍ശിക്കാനൊരുങ്ങുന്നു. രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ പ്രധാനമന്ത്രിക്കും ധനമന്ത്രിക്കുമെതിരെ കടുത്ത വിമര്‍ശനങ്ങളുമായി വിമത ശബ്ദമുയര്‍ത്തിയതിനു പിന്നാലെയാണ് സിന്‍ഹ ഗുജറാത്തിലേക്ക് പോകുന്നത്.

ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കന്മാരിലൊരാളും മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയുമായ സിന്‍ഹ ലേഖനങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും ബിജെ.പി സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്നതിനിടയിലാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഗുജറാത്തിലെത്തുന്നത്.


Also Read: സെവാഗ് എത്തി; നെഹ്‌റയുടെ ഫേര്‍വെല്‍ പാര്‍ട്ടി ‘അലമ്പാക്കി’; വീഡിയോ


കോണ്‍ഗ്രസ് പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനാണ് സിന്‍ഹ ഗുജറാത്തിലേക്ക് പോകുന്നത്. മുന്‍ ബി.ജെ.പി നേതാവും ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്ന സുരേഷ് മേത്ത നേതൃത്വം നല്‍കുന്ന “ലോക്ഷഹി ബച്ചാവോ അഭിയാന്‍” (ജനാധിപത്യത്തെ രക്ഷിക്കുക) കാമ്പയിനില്‍ ആണ് യശ്വന്ത് സിന്‍ഹ പങ്കെടുക്കുന്നത്. ബി.ജെ.പി വിട്ടുപോയ നേതാവാണ് അശോക് മേത്ത.

പരിപാടിയില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് സിന്‍ഹയില്‍ നിന്നും ഉറപ്പ് കിട്ടിയിതായി അശോക് മേത്ത പറഞ്ഞു. അഹമ്മദാബാദ്, രാജ്കോട്ട്, സൂറത്ത് എന്നിവിടങ്ങളിലായി 14,15,17 തീയതികളിലായാണ് കാമ്പയിന്‍ നടക്കുന്നത്. ലോക്ഷഹി ബച്ചാവോ അഭിയാനു പിന്തുണ നല്‍കുന്നത് കോണ്‍ഗ്രസാണെന്നതും തെരഞ്ഞെടുപ്പ് അടുക്കവേ സംസ്ഥാനത്ത് സിന്‍ഹ നടത്തുന്ന പ്രസ്താവനകളും കേന്ദ്രത്തിനെതിരാകുമെന്നതും ബി.ജെ.പിയെ ആശങ്കയിലാക്കിയിരിക്കുകയാണ്.

ജനാധിപത്യത്തെ രക്ഷിക്കുക എന്ന ക്യാമ്പയില്‍ തന്നെ രാജ്യത്തെ സംഘപരിവാര്‍ സര്‍ക്കാരിനെതിരെയാണെന്ന് വ്യക്തമാണ്. കാമ്പയിനില്‍ പങ്കെടുക്കുന്ന മുന്‍ കേന്ദ്ര ധനമന്ത്രി കൂടിയായ സിന്‍ഹ സാമ്പത്തിക വിഷയങ്ങളാകും ചര്‍ച്ചചെയ്യുക. നോട്ട് നിരോധനം, ജി.എസ്.ടി എന്നിവമൂലം രാജ്യത്തുണ്ടായ പ്രതിസന്ധികളെക്കുറിച്ച് നേരത്തെ രംഗത്തെത്തിയ സിന്‍ഹ ഈ വിഷയം തന്നെയാകും സംസാരിക്കുകയെന്ന് അശോക് മേത്ത ബിസിനസ് സ്റ്റാന്‍ഡേര്‍ഡിനോട് പറഞ്ഞു.

തന്റെ ഗുജറാത്ത് സന്ദര്‍ശനത്തെക്കുറിച്ച് വ്യക്തത നല്‍കിയ സിന്‍ഹ രാഷ്ട്രീയപരമായ യാതൊരു ലക്ഷ്യങ്ങളും യാത്രയില്‍ ഇല്ലെന്നും കോണ്‍ഗ്രസുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നും പറഞ്ഞു. ഇത് വളരെ മുന്നേ നിശ്ചയിച്ചിരുന്ന പരിപാടിയാണെന്നും സിന്‍ഹ പറയുന്നു.


Dont Miss: ട്വിറ്റര്‍ എന്നെ ചതിച്ചതാ; അക്കൗണ്ട് തിരിച്ച് തന്നില്ലെങ്കില്‍ ആത്മഹത്യചെയ്യുമെന്ന് കെ.ആര്‍.കെ


ലോക്ഷഹി ബച്ചാവോ അഭിയാന് കോണ്‍ഗ്രസുമായി ബന്ധമില്ലെന്നും അശോക് മേത്തയും പറഞ്ഞു. പൊതുസമൂഹത്തിന്റെ പ്രതിനിധികള്‍, തൊഴിലാളി സംഘടനകളില്‍പ്പെട്ടവര്‍, പ്രകൃതിസംരക്ഷകര്‍, ഗാന്ധിയന്മാര്‍, പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവരാണ് ഈ സംഘടനയില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധപ്പെട്ടല്ല തന്റെ കാമ്പയിനെന്നും ഗുജറാത്ത് വികസന മാതൃകയുടെ പൊള്ളത്തരം തുറന്നു കാണിക്കുകയാണ് ലക്ഷ്യമെന്നും മേത്ത പറഞ്ഞു. .

Video Stories