| Tuesday, 26th July 2022, 1:48 pm

'ഒരു പാര്‍ട്ടിയിലും ചേരാന്‍ ഉദ്ദേശിച്ചിട്ടില്ല, തത്ക്കാലം സ്വതന്ത്രനായി തുടരും': യശ്വന്ത് സിന്‍ഹ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ഒരു പാര്‍ട്ടിയിലേക്കും ഇല്ലെന്നും സ്വതന്ത്രനായി തന്നെ തുടരുമെന്നും വ്യക്തമാക്കി യശ്വന്ത് സിന്‍ഹ. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് പദവി സിന്‍ഹ രാജിവെച്ചിരുന്നു.

പൊതു സമൂഹത്തിന് വേണ്ടി താന്‍ എന്ത് പങ്ക് വഹിക്കണമെന്ന കാര്യത്തില്‍ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സ്വതന്ത്രനായി തന്നെ തുടരാനാണ് തീരുമാനം. ഒരു പാര്‍ട്ടിയുടേയും ഭാഗമാകാന്‍ നിലവില്‍ തീരുമാനിച്ചിട്ടില്ല,’ സിന്‍ഹ പറഞ്ഞു.

തൃണമൂല്‍ കോണ്‍ഗ്രസിലെ ആരുമായും ഇപ്പോള്‍ രാഷ്ട്രീയപരമായി സംസാരിക്കാറില്ലെന്നും സിന്‍ഹ വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായി താന്‍ അവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയായിരുന്നു സിന്‍ഹ. ബി.ജെ.പിയുടെ ദ്രൗപതി മുര്‍മുവായിരുന്നു രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. തിങ്കളാഴ്ചയായിരുന്നു മുര്‍മു രാഷ്ട്രപതിയായി അധികാരമേറ്റത്.

2018ലാണ് യശ്വന്ത് സിന്‍ഹ ബി.ജെ.പി വിട്ടത്. പിന്നീട് പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2020ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗമാകുകയായിരുന്നു.

പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ മുന്‍പേ പ്രഖ്യാപിച്ചിട്ടും ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ ഇടഞ്ഞു നിന്ന പാര്‍ട്ടികള്‍ ഉള്‍പ്പെടെ ബി.ജെ.പിയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.

വിജയിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണ് മുര്‍മുവിന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന റിപ്പോര്‍ട്ട് വന്നിരുന്നെങ്കിലും ഇതിനെയെല്ലാം പിന്തള്ളി കൊണ്ടായിരുന്നു മുര്‍മുവിന്റെ ജയം.

Content Highlight: Yashwant sinha says he wont be joining any political parties and will continue as independent

We use cookies to give you the best possible experience. Learn more