സി.എ.എ ധൃതിപ്പെട്ടുണ്ടാക്കിയ ഒരു മണ്ടന്‍ നിയമം, ബി.ജെ.പി വിടാന്‍ നിര്‍ബന്ധിതനായി: യശ്വന്ത് സിന്‍ഹ
national news
സി.എ.എ ധൃതിപ്പെട്ടുണ്ടാക്കിയ ഒരു മണ്ടന്‍ നിയമം, ബി.ജെ.പി വിടാന്‍ നിര്‍ബന്ധിതനായി: യശ്വന്ത് സിന്‍ഹ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th July 2022, 11:36 am

ന്യൂദല്‍ഹി: പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിച്ചാല്‍ വിവാദമായ പൗരത്വ ഭേദഗതി നിയമം (സി.എ.എ) നടപ്പാക്കില്ലെന്ന കാര്യം ഉറപ്പാക്കുമെന്ന് വ്യക്തമാക്കി മുന്‍ ഐ.എസ് ഓഫീസറും മന്ത്രിയും പ്രതിപക്ഷ പാര്‍ട്ടികളുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയുമായ യശ്വന്ത് സിന്‍ഹ.

അസമിലെ പ്രതിപക്ഷ നിയമസഭാംഗങ്ങളുമായി സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാരിന് ഇതുവരെ പദ്ധതി നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല. ധൃതിപ്പെട്ടുണ്ടാക്കിയ ഒരു മണ്ടന്‍ നിയമമാണ് സി.എ.എയെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വം അസമിന്റെ ഒരു പ്രധാന പ്രശ്‌നമാണെന്നും സിന്‍ഹ പറഞ്ഞു.

‘പൗരത്വം അസമിന്റെ ഒരു പ്രധാന പ്രശ്‌നമാണ്. രാജ്യത്തുടനീളം നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും സര്‍ക്കാരിന് അതിനൊന്നും ഇതുവരെ സാധിച്ചിട്ടില്ല.

കൊവിഡ് കാരണമാണ് നിയമം നടപ്പിലാക്കാത്തത് എന്നായിരുന്നു നേരത്തെ സര്‍ക്കാരിന്റെ മറുപടി. പക്ഷേ കാരണം അതൊന്നുമല്ല. ധൃതിപിടിച്ചുണ്ടാക്കിയ ഒരു മണ്ടന്‍ നിയമാണ് പൗരത്വ ഭേദഗതി,’ സിന്‍ഹ പറഞ്ഞു.

രാജ്യത്തെ ഭരണഘടന ഭീഷണിയിലാണെന്നും അദ്ദേഹം പറഞ്ഞു.

‘രാജ്യത്തെ ഭരണഘടന ഈ ഭീഷണി നേരിടുകയാണ്. പക്ഷേ അതൊന്നും പുറത്തു നിന്നല്ല, രാജ്യത്തിനകത്തു നിന്ന് തന്നെയാണ്.
ഞാന്‍ രാഷ്ട്രപതി ഭവനിലെത്തിയാല്‍ തീര്‍ച്ചയായും സി.എ.എ നടപ്പാക്കില്ലെന്ന കാര്യം ഞാന്‍ ഉറപ്പാക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ചയാണ് രാജ്യത്തെ രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക. ബി.ജെ.പി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനാണ് വിജയ സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവസേനയുള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് മുര്‍മുവിന്റെ വിജയ പ്രതീക്ഷ മുറുകുന്നത്.

വൈ.എസ്.ആര്‍ കോണ്‍ഗ്രസ് ബി.ജെ.ഡി, ബി.എസ്.പി, ശിരോമണി അകാലിദള്‍ എന്നീ പാര്‍ട്ടികള്‍ക്കു പിന്നാലെയാണ് ശിവസേനയും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ജൂലൈ 21നായിരിക്കും വോട്ടെണ്ണല്‍. 25ന് പുതിയ രാഷ്ട്രപതി ചുമതലയേല്‍ക്കും.

ഏഴുലക്ഷത്തോളം വോട്ടുമൂല്യം നേടുമെന്നാണ് ബി.ജെ.പിയുടെ കണക്കുക്കൂട്ടല്‍. അതേസമയം പ്രതിപക്ഷ പാര്‍ട്ടിയുടെ വോട്ടുമൂല്യം 2017നേക്കാള്‍ കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Content Highlight: Yashwant sinha says CAA is foolish law made in hurry by bjp