ന്യൂദല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത നോട്ടുകെട്ടുകള്‍ കത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദല്‍ഹി ഹൈക്കോടതി ജഡ്ജിയായ യശ്വന്ത് വര്‍മയെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് നീക്കി ഹൈക്കോടതി ഉത്തരവ്.
സുപ്രീം കോടതിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര കമ്മിറ്റി അന്വേഷണം നടത്തവെയാണ് യശ്വന്ത് വര്‍മയെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് നീക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്ത് വന്നത്. പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരാണ് ആഭ്യന്തര കമ്മിറ്റിയിലെ അംഗങ്ങള്‍.
പുതിയ ഉത്തരവ് പ്രകാരം യശ്വന്ത് വര്‍മയുടെ ബെഞ്ച് കൈകാര്യം ചെയ്തിരുന്ന കേസുകളെല്ലാം ദല്‍ഹി ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചിലേക്ക് മാറ്റും. ഈ വിവാദം ഉണ്ടാകുന്നതിന് മുമ്പ് യശ്വന്ത് വര്‍മയുടെ ബെഞ്ച് വില്‍പ്പന നികുതി, ജി.എസ്.ടി എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് കൈകാര്യം ചെയ്തിരുന്നത്.
സമീപകാല സംഭവങ്ങള്‍ കണക്കിലെടുത്ത്, ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ യശ്വന്ത് വര്‍മയുടെ ജുഡീഷ്യല്‍ ഡ്യൂട്ടികള്‍ പിന്‍വലിക്കുന്നു എന്നാണ് ദല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നത്.
യശ്വന്ത് വര്‍മയ്ക്ക് തത്ക്കാലം ജുഡീഷ്യല്‍ ജോലികളൊന്നും നല്‍കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ശനിയാഴ്ച ശുപാര്‍ശ ചെയ്തിരുന്നു. ഇതിന് പുറമെ ജസ്റ്റിസ് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റാനും സുപ്രീം കോടതി കൊളീജിയം ഏകകണ്ഠമായി ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ദല്‍ഹി ഹെക്കോടതി ജഡ്ജി യശ്വന്ത് സിന്‍ഹയുടെ വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന വാര്‍ത്ത ഏറെ വിവാദമായിരുന്നു. തീപ്പിടുത്തതിനിടെ ജഡ്ജിയുടെ വീട്ടില്‍ നിന്ന് 15 കോടിയോളം രൂപ അഗ്നിശമന സേന അംഗങ്ങള്‍ കണ്ടെടുത്തെന്നായിരുന്നു റിപ്പോര്‍ട്ട്.
Content Highlight: Yashwant Sinha removed from judicial duties after burnt notes found in his residence