| Saturday, 21st April 2018, 1:56 pm

യശ്വന്ത് സിന്‍ഹ ബി.ജെ.പി വിട്ടു; രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും സിന്‍ഹ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി നേതാവും ദേശീയ നിര്‍വാഹക സമിതി അംഗവുമായ യശ്വന്ത് സിന്‍ഹ പാര്‍ട്ടി വിട്ടു. രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു.

നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചുകൊണ്ടാണ് സിന്‍ഹ പാര്‍ട്ടി വിട്ടത്. മോദി സര്‍ക്കാരിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടാനും തിരുത്താനും ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കള്‍ മുന്നോട്ട് വരണമെന്ന് യശ്വന്ത് സിന്‍ഹ ആവശ്യപ്പെട്ടു.

മാര്‍ഗ്ദര്‍ശക് മണ്ഡല്‍ അംഗങ്ങളായ എല്‍കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവര്‍ മോദിയുടെ വീഴ്ചകള്‍ക്കെതിരെ രംഗത്തുവരണമെന്ന് സിന്‍ഹ ആവശ്യപ്പെട്ടു.

ഇനിയെങ്കിലും നിങ്ങള്‍ തിരുത്താന്‍ തയാറായില്ലെങ്കില്‍, തെറ്റുകള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ തയാറായില്ലെങ്കില്‍ ബി.ജെ.പി എം.പിമാരോട് വരും തലമുറ ക്ഷമിക്കില്ലെന്നും സിന്‍ഹ പറഞ്ഞു.

ബി.ജെ.പിയുടെ 2014 ലെ ചരിത്ര വിജയത്തില്‍ താന്‍ ഒരുപാട് സന്തോഷിച്ചിരുന്നു. രാജ്യത്തിന്റെ ഭാവിയും ദിശയും നിര്‍ണയിക്കപ്പെടും എന്ന് വിശ്വസിച്ചിരുന്നു. അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയെ അങ്ങേയറ്റം പിന്തുണച്ചു.

എന്നാല്‍ ഭരണത്തിലെ നാലു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ രാജ്യത്തിന് അതിന്റെ ദിശ തന്നെ നഷ്ടപ്പെട്ടു കഴിഞ്ഞു. ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പുകളും അഴിമതിയുമൊക്കെ രാജ്യത്ത് നടത്തു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പോലും തകിടം മറിഞ്ഞു.

രാജ്യത്ത് ബലാത്സംഗങ്ങളുടെ എണ്ണം കുത്തനെ ഉയര്‍ന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് സ്വതന്ത്രമായി അഭിപ്രായം പറയാന്‍ കഴിയുന്നില്ലെന്നും യശ്വന്ത് സിന്‍ഹ കുറ്റപ്പെടുത്തി.

We use cookies to give you the best possible experience. Learn more