| Saturday, 13th March 2021, 6:19 pm

കാണ്ടഹാര്‍ ഹൈജാക്ക് സമയത്ത് സ്വയം ബന്ദിയാകാന്‍ തയ്യാറായ ആളാണ് അവര്‍; മമത ബാനര്‍ജിയെ വാനോളം പുകഴ്ത്തി യശ്വന്ത് സിന്‍ഹ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ പുകഴ്ത്തി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് മമത ബാനര്‍ജിയെ കുറിച്ച് അദ്ദേഹം സംസാരിച്ചത്.

‘ഫൈറ്റര്‍ ജെറ്റ് ഹൈജാക്ക് ചെയ്ത കാണ്ടഹാറിലേക്ക് കൊണ്ടുപോയ സംഭവമുണ്ടല്ലോ, ആ സമയം താന്‍ ബന്ദിയായി പോകാന്‍ തയ്യാറാണെന്ന് പറഞ്ഞയാളാണ് മമത ബാനര്‍ജി. ബന്ദികളാക്കിയവരെ വിട്ടയക്കണമെന്നും പകരം താന്‍ ബന്ദിയായി പോകാമെന്നുമായിരുന്നു അന്ന് നടന്ന ഒരു ക്യാബിനറ്റ് മീറ്റിംഗില്‍ അവര്‍ പറഞ്ഞത്,’ യശ്വന്ത് സിന്‍ഹ.

വാര്‍ത്തസമ്മേളനത്തില്‍ ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് യശ്വന്ത് സിന്‍ഹ ഉന്നയിച്ചത്. സര്‍ക്കാരിന്റെ തെറ്റ് തടയാന്‍ ആരുമില്ല. അടല്‍ ജി യുടെ കാലത്ത് ബി.ജെ.പി സമവായത്തില്‍ വിശ്വസിച്ചിരുന്നുവെങ്കിലും ഇന്നത്തെ സര്‍ക്കാര്‍ തകര്‍ത്തടിച്ച് വെട്ടിപ്പിടിക്കുന്നതിലാണ് വിശ്വസിക്കുന്നത്. അകാലികള്‍, ബി.ജെ.ഡി എന്നീ സഖ്യകക്ഷികള്‍ ബി.ജെ.പി വിട്ടു. ഇന്ന് ആരാണ് ബി.ജെ.പിക്കൊപ്പം നില്‍ക്കുന്നതെന്ന് സിന്‍ഹ ചോദിച്ചു.

പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്കുമുമ്പാണ് യശ്വന്ത് സിന്‍ഹ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ഭരണകാലത്ത് കേന്ദ്ര ധനമന്ത്രിയായിരുന്നു ഇദ്ദേഹം. 83 കാരനായ സിന്‍ഹ 2018 ല്‍ തന്റെ മുന്‍ പാര്‍ട്ടിയായ ബി.ജെ.പിയില്‍ നിന്ന് പുറത്തുവന്നിരുന്നു.

കൊല്‍ക്കത്തയിലെ തൃണമൂല്‍ ഭവനില്‍ ഡെറക് ഒബ്രയന്‍, സുദീപ് ബന്ദോപാധ്യായ, സുബ്രത മുഖര്‍ജി എന്നിവരുടെ സാന്നിധ്യത്തിലാണ് സിന്‍ഹ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ‘രാജ്യം ഇന്ന് പണ്ടുകാണാത്തവിധം ഒരു സാഹചര്യത്തെ അഭിമുഖീകരിക്കുകയാണ്. ജനാധിപത്യത്തിന്റെ ശക്തി ജനാധിപത്യ സ്ഥാപനങ്ങളുടെ ശക്തിയിലാണ് നിലകൊള്ളുന്നത്. ജുഡീഷ്യറി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളെല്ലാം ഇപ്പോള്‍ ദുര്‍ബലമായിരിക്കുന്നു,” തൃണമൂലില്‍ ചേര്‍ന്നതിന് പിന്നാലെ സിന്‍ഹ പറഞ്ഞു. പാര്‍ട്ടിയില്‍ ചേരുന്നതിന് മുമ്പ് സിന്‍ഹ മമതാ ബാനര്‍ജിയെ സന്ദര്‍ശിച്ചിരുന്നു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിവിട്ട് മുതിര്‍ന്ന നേതാക്കളടക്കം ബി.ജെ.പിയില്‍ ചേര്‍ന്നത് തൃണമൂലിന് വലിയ തിരിച്ചടിയായിരുന്നു. യശ്വന്ത് സിന്‍ഹയുടെ വരവോടെ ഇതിന് തിരിച്ചടി നല്‍കാനായെന്ന ആത്മവിശ്വാസത്തിലാണ് തൃണമൂല്‍.

മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 1 വരെയാണ് ബംഗാളില്‍ വോട്ടിംഗ് നടക്കുന്നത്. മെയ് രണ്ടിനാണ് ഫലം പ്രഖ്യാപിക്കുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Yashwant Sinha praises Mamata Banerjee after joining TMC

We use cookies to give you the best possible experience. Learn more