ന്യൂദല്‍ഹി: മോദി മന്ത്രിസഭയിലെ അംഗവും മകനുമായ ജയന്ത് സിന്‍ഹയെ ഒന്നിനും കൊള്ളാത്തവനെന്ന് വിളിച്ച് ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. ജാര്‍ഖണ്ഡില്‍ 55കാരനെ തല്ലിക്കൊന്ന കേസില്‍ പ്രതികളായ എട്ടുപേര്‍ക്ക് സ്വീകരണം നല്‍കിയ ജയന്ത് സിന്‍ഹയുടെ നടപടിയാണ് യശ്വന്ത് സിന്‍ഹയെ ചൊടിപ്പിച്ചത്.
മകന്റെ നടപടിയോട് യോജിക്കുന്നില്ലെന്ന് പ്രതികരിച്ചുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ” നേരത്തെ എല്ലാത്തിനും മതിയായ മകന് ഞാന്‍ ഒന്നിനും കൊള്ളാത്ത പിതാവായിരുന്നു. ഇപ്പോള്‍ നേരെ തിരിച്ചായി.” എന്ന് ട്വീറ്റ് ചെയ്താണ് യശ്വന്ത് സിന്‍ഹ തിരിച്ചടിച്ചത്.
Also Read:പപ്പാ… നിങ്ങള്‍ക്ക് വയസായല്ലോ; ധോണിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസയുമായി മകള്‍ സിവ, വീഡിയോ
പശുവിന്റെ പേരില്‍ ജാര്‍ഖണ്ഡില്‍ 55കാരനെ തല്ലിക്കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികളെ മാലയിട്ടാണ് ജയന്ത് സിന്‍ഹ സ്വീകരിച്ചത്. കൂടാതെ അവര്‍ക്ക് മധുരപലഹാരങ്ങളും വാഗ്ദാനം ചെയ്തിരുന്നു.
ജാര്‍ഖണ്ഡ് ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ച ഇവര്‍ക്ക് ബി.ജെ.പി ഏര്‍പ്പെടുത്തിയ സ്വീകരണ പരിപാടിയിലായിരുന്നു സംഭവം.
മകന്റെ പ്രവൃത്തിയോട് യോജിക്കില്ലെന്നു പറഞ്ഞ യശ്വന്ത് സിന്‍ഹ ഇത് ഇത്തരം ആക്രമണങ്ങള്‍ വര്‍ധിക്കാനിടയാക്കുമെന്നും അഭിപ്രായപ്പെട്ടു.
Also Read:മോഹന്‍ലാലിനെ നായകനാക്കി അഞ്ജലി മേനോന്‍ ചിത്രം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
എട്ടുപേര്‍ നിരപരാധികളാണെന്ന് പറഞ്ഞാണ് ജയന്ത് സിന്‍ഹ തന്റെ പ്രവൃത്തിയെ ന്യായീകരിച്ചത്. എട്ടുപേരെ ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ച നടപടി തെറ്റാണെന്ന് താന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഫാസ്റ്റ് ട്രാക്ക് കോടതി ഉത്തരവിലെ പിഴവുകള്‍ തിരുത്തി ഹൈക്കോടതി ഉത്തരവിട്ടതില്‍ തനിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2017 ജൂണിലാണ് ജാര്‍ഖണ്ഡില്‍ 55 കാരനായ കച്ചവടക്കാരനെ വണ്ടിയില്‍ നിന്നും വലിച്ചു പുറത്തിട്ട് തല്ലിക്കൊന്നത്. ബീഫ് കടത്ത് ആരോപിച്ചായിരുന്നു ആക്രമണം. പ്രാദേശിക ബി.ജെ.പി നേതാവ് ഉള്‍പ്പെടെ 11 പേരെ ഈ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് പരിഗണിച്ച ഹൈക്കോടതി ശിക്ഷ തടഞ്ഞുവെക്കുകയും എട്ടുപേര്‍ക്ക് ജാമ്യം നല്‍കുകയും ചെയ്തു. ഇതില്‍ ഏഴുപേരാണ് കേന്ദ്രമന്ത്രിയുടെ സ്വീകരണം ഏറ്റുവാങ്ങിയത്.
അടല്‍ ബിഹാരി വാജ്‌പേയ് മന്ത്രിസഭയിലെ മന്ത്രിയായിരുന്ന യശ്വന്ത് സിന്‍ഹ മോദി സര്‍ക്കാറിനെ പലവിഷയങ്ങളിലും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഏപ്രില്‍ ബി.ജെ.പി വിട്ട അദ്ദേഹം രാജ്യത്തെ ജനാധിപത്യം അപകടാവസ്ഥയിലാണെന്നും പറഞ്ഞിരുന്നു.
ഇതാദ്യമായല്ല യശ്വന്ത് സിന്‍ഹയും ജയന്ത് സിന്‍ഹയും തമ്മില്‍ പരസ്യമായി കൊമ്പുകോര്‍ക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ യശ്വന്ത് സിന്‍ഹ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ വിമര്‍ശിച്ചപ്പോള്‍ ജയന്ത് സിന്‍ഹ സര്‍ക്കാറിനെ പ്രതിരോധിച്ചു രംഗത്തുവന്നിരുന്നു.