ന്യൂദല്‍ഹി: അതിഥി തൊഴിലാളികളുടെ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ധര്‍ണ നടത്തിയ മുന്‍ ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ അറസ്റ്റില്‍. ഇദ്ദേഹത്തിനൊപ്പം എ.എ.പി നേതാവ് സഞ്ജയ് സിങിനെയും ദിലീപ് പണ്ടെയെയും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതിഥി തൊഴിലാളികളെ വീട്ടിലെത്തിക്കാന്‍ സായുധ സേനയെ നിയോഗിക്കണം എന്നാവശ്യപ്പെട്ടായിരുന്നു രാജ്ഘട്ടില്‍ ധര്‍ണ സംഘടിപ്പിച്ചത്. അതിഥി തൊഴിലാളികള്‍ കാല്‍നടയായി വീടുകളിലേക്ക് മടങ്ങേണ്ടി വരുന്നത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പരാജയമാണെന്നും തൊഴിലാളികളില്‍ പലരും മരിച്ച് വീഴുകയാണെന്നും ഇവര്‍ കുറ്റപ്പെടുത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമര്‍ശകനാണ് യശ്വന്ത് സിന്‍ഹ. ഇവരെ അറസ്റ്റ് ചെയ്ത് സ്‌റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. തങ്ങളെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണെന്ന് സിന്‍ഹ ട്വീറ്റിലൂടെ അറിയിച്ചു.
വിഷയത്തില്‍ ദല്‍ഹി പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
‘അതിഥി തൊഴിലളികളെ സുരക്ഷിതമായി വീടുകളില്‍ എത്തിക്കാനുള്ള ഉത്തരവാദിത്വം സായുധ സേനയ്ക്കും അര്‍ദ്ധസൈനിക വിഭാഗത്തിനും നല്‍കണമെന്നാണ് ഞങ്ങളുടെ ലളിതമായ ആവശ്യം. അതിഥി തൊഴിലാളികളെ അന്തസ്സോടെ അവരുടെ വീടുകളിലേക്ക് അയയ്ക്കണം’,
സിന്‍ഹ പറഞ്ഞു.
ഈ ആവശ്യങ്ങള്‍ നിറവേറ്റുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടു പോകുമെന്ന് അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് സിന്‍ഹ പറഞ്ഞിരുന്നു. ബി.ജെ.പി സമ്പന്നരെ മാത്രമാണ് ശ്രദ്ധിക്കുന്നത്. ദരിദ്രരെ സ്വയം പ്രതിരോധത്തിന് വിട്ടുകൊടുത്തിരിക്കുകയാണെന്നും സഞ്ജയ് സിങ് ആരോപിച്ചു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക