ക്രിക്കറ്റിന്റെ ഏറ്റവും വശ്യമായ ഫോര്‍മാറ്റാണ് ടെസ്റ്റ് ക്രിക്കറ്റ്. ഏതൊരു ക്രിക്കറ്ററേയും സാധാരണ താരത്തില്‍ നിന്നും എക്‌സ്ട്രാ ഓര്‍ഡനറി താരമായി മാറ്റിയെടുക്കുന്നത് ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനം തന്നെയാണ്.
ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിലെ രഞ്ജി ട്രോഫിയാണ് ഇന്ത്യന്‍ താരങ്ങളെ എന്നും എക്‌സ്ട്രാ ഓര്‍ഡിനറിയാക്കിയിട്ടുള്ളത്. അത്തരമൊരു എക്‌സ്ട്രാ ഓര്‍ഡിനറി പ്രകടനത്തിനാണ് രഞ്ജി ട്രോഫി കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്.
രഞ്ജി സെമി ഫൈനലില്‍ മുംബൈ – ഉത്തര്‍പ്രദേശ് മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മുംബൈ താരം യശസ്വി ജെയ്‌സ്വാളാണ് അത്തരമൊരു പ്രകടനം നടത്തിയത്. റണ്ണടിച്ചുകൂട്ടിയായിരുന്നില്ല പകരം ക്രീസില്‍ നിലയുറപ്പിച്ച് നിന്നാണ് താരം തന്റെ അസാമാന്യ ക്രിക്കറ്റിങ് സ്‌കില്‍ പുറത്തെടുത്തത്.
53 പന്തില്‍ നിന്നും ഒറ്റ റണ്‍ പോലും എടുക്കാതെയാണ് യശസ്വി ബാറ്റിങില്‍ കരുത്തായത്. 54ാം പന്തില്‍ ബൗണ്ടറിയോടെയാണ് താരം തന്റെ ആദ്യ റണ്‍ സ്വന്തമാക്കിയത്.
ആദ്യ റണ്ണെടുത്തതോടെ സെഞ്ച്വറി തികച്ചതിന്റെ ആവേശമായിരുന്നു താരത്തിന്റെ മുഖത്ത്. ആകാശത്തേക്ക് ബാറ്റ് ഉയര്‍ത്തി താരം ആദ്യ റണ്‍ ആഘോഷിച്ചപ്പോള്‍ ടീം അംഗങ്ങള്‍ മാത്രമല്ല എതിരാളികള്‍ പോലും ജെയ്‌സ്വാളിനെ കയ്യടിച്ച് അഭിനന്ദിച്ചു.
ജെയ്‌സ്വാളിന്റെ മെല്ലപ്പോക്ക് റെക്കോഡ് ബുക്കിലും ഇടം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ആദ്യ റണ്ണെടുക്കാന്‍ 50+ പന്ത് നേരിട്ട താരം എന്ന ജോയിന്റ് റെക്കോഡിനാണ് താരം അര്‍ഹനായിരിക്കുന്നത്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് താരം ചേതേശ്വര്‍ പൂജാരയാണ് ജെയ്‌സ്വാളിനൊപ്പമുള്ള താരം.
2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന ടെസ്റ്റ് മത്സരത്തിലും 54 പന്ത് നേരിട്ടാണ് താരം ആദ്യ റണ്‍ കണ്ടെത്തിയത്.
മാത്രമല്ല ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ആദ്യത്തെ റണ്‍സ് കുറിക്കാന്‍ ഏറ്റവുമധികം സമയം ക്രീസില്‍ നിന്ന ലോകത്തിലെ രണ്ടാമത്തെ താരം കൂടിയാണ് ജയ്‌സ്വാള്‍. 108 മിനിറ്റുകള്‍ക്കൊടുവിലാണ് താരം ഈ മത്സരത്തില്‍ അക്കൗണ്ട് തുറന്നത്.
ഇംഗ്ലീഷ് പേസര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ പേരിലായിരുന്നു റെക്കോഡ് ആദ്യമുണ്ടായിരുന്നത്. 2013ല്‍ ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റില്‍ 103 മിനിറ്റിനു ശേഷമായിരുന്നു അദ്ദേഹം ആദ്യ റണ്‍സെടുത്തത്. ഇതാണ് ജയ്‌സ്വാള്‍ തിരുത്തിയത്.
അതേസമയം ആദ്യ ഇന്നിങ്‌സില്‍ താരം സെഞ്ച്വറിയടിച്ചിരുന്നു. 227 പന്തില്‍ നിന്നും 15 ബൗണ്ടറിയോടെയാണ് താരം നൂറടിച്ചത്.
Content Highlight: Yashswi Jaiswal joins Cheteshwar Poojara for a super record in test cricket