| Wednesday, 12th April 2023, 5:19 pm

ഹിജാബിട്ട പെണ്‍കുട്ടികളെ തീവ്രവാദികളെന്ന് വിളിച്ചു; യശ്പാല്‍ സുവര്‍ണക്ക് സീറ്റ് നല്‍കി ബി.ജെ.പിയുടെ പ്രത്യുപകാരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: ഹിജാബിട്ട പെണ്‍കുട്ടികളെ തീവ്രവാദികളെന്ന് വിളിച്ച യശ്പാല്‍ സുവര്‍ണക്ക് കര്‍ണാടക തെരഞ്ഞെടുപ്പില്‍ സീറ്റ് അനുവദിച്ച് ബി.ജെ.പി. ഉഡുപ്പിയിലെ സിറ്റിങ് എം.എല്‍.എയായിരുന്ന രഘുപതി ഭട്ടിനെ തഴഞ്ഞാണ് മണ്ഡലത്തില്‍ സുവര്‍ണക്ക് ബി.ജെ.പി അവസരം നല്‍കിയത്.

എന്നാല്‍ നടപടിയെ വിമര്‍ശിച്ച് രഘുപതി ഭട്ട് തന്നെ രംഗത്തെത്തിയത് പാര്‍ട്ടിയിലെ ഭിന്നതകള്‍ കൊണ്ട് പൊറുതി മുട്ടിയ ബി.ജെ.പിക്ക് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. മൂന്ന് തവണ തുടര്‍ച്ചയായി ഉഡുപ്പിയില്‍ നിന്ന് വിജയിച്ച എം.എല്‍.എയെന്ന നിലയില്‍ തന്നെ തഴഞ്ഞ നടപടിയില്‍ ദുഖമുണ്ടെന്നും ആറുമാസം മുന്നേയെങ്കിലും തീരുമാനം പറയാനുള്ള മര്യാദ നേതൃത്വം കാണിക്കണമായിരുന്നെന്നും രഘുപതി ഭട്ട് പറഞ്ഞു.

‘പാര്‍ട്ടിയില്‍ ഇത്തവണ രണ്ട് ബ്രാഹ്മണ സ്ഥാനാര്‍ത്ഥികളെങ്കിലും ഉണ്ടാകുമെന്നാണ് അവസാന നിമിഷം വരെ പറഞ്ഞു കൊണ്ടിരുന്നത്. സീറ്റിന് വേണ്ടി ഞാന്‍ വാദമുയര്‍ത്തിയിട്ടില്ല. ഉഡുപ്പിയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ ഞാനെന്റെ എല്ലാം സമര്‍പ്പിച്ചു. എന്നിട്ടിപ്പോള്‍ പാര്‍ട്ടിക്ക് എന്നെ ആവശ്യമില്ല. പാര്‍ട്ടിയൊക്കെ ഒരുപാട് വളര്‍ന്നു.

പാര്‍ട്ടിയുടെ തീരുമാനത്തില്‍ എനിക്ക് ദുഖമില്ല. പക്ഷെ പാര്‍ട്ടി എനിക്ക് പകരം സുവര്‍ണയെ കൊണ്ട് വന്നതില്‍ എനിക്ക് എതിര്‍പ്പുണ്ട്,’ രഘുപതി ഭട്ട് പറഞ്ഞതായി സിയാസത് റിപ്പോര്‍ട്ട് ചെയ്തു.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ ഹിജാബ് ധരിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം നടന്ന ഉഡുപ്പി ഗവണ്‍മെന്റ് പി.യു ഗേള്‍സ് കോളേജിലെ വികസന സമിതി വൈസ് പ്രസിഡന്റാണ് സുവര്‍ണ. ഹിജാബ് വിലക്കിയ കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരെ കോടതിയെ സമീപിച്ച മുസ്‌ലിം വിദ്യാര്‍ത്ഥിനികളെ തീവ്രവാദികളെന്ന് വിളിച്ചാണ് യശ്പാല്‍ സുവര്‍ണ വാര്‍ത്തകളില്‍ നിറയുന്നത്.

സമരം ചെയ്ത വിദ്യാര്‍ത്ഥിനികള്‍ രാജ്യ ദ്രോഹികളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംസ്ഥാനത്ത് സംഘര്‍ഷം രൂക്ഷമാക്കാനായി ഹിന്ദു കുട്ടികളെ കാവി ഷാള്‍ ധരിപ്പിച്ച് ക്യാമ്പസിനകത്തേക്ക് പറഞ്ഞ് വിട്ടതും സുവര്‍ണയാണെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് നല്‍കിയ റിപ്പോര്‍ട്ട്.

ചെറുപ്പം തൊട്ടേ ആര്‍.എസ്.എസ് സഹചാരിയായിരുന്ന സുവര്‍ണ 2005ല്‍ കന്നുകാലിക്കടത്ത് ആരോപിച്ച് അച്ഛനെയും മകനെയും നഗ്നരാക്കി തെരുവില്‍ കൂടി നടത്തിച്ച കേസില്‍ അറസ്റ്റിലായിട്ടുമുണ്ട്. എന്നാല്‍ പിന്നീട് സ്‌പെഷ്യല്‍ കോടതി കുറ്റവിമുക്തനാക്കുകയായിരുന്നു. നിലവില്‍ ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളുടെ സഹകരണ മത്സ്യ വിപണന ഫെഡറേഷന്റെ പ്രസിഡന്റാണ് യശ്പാല്‍ സുവര്‍ണ.

അതേസമയം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയതിന് പിന്നാലെ സംസ്ഥാന ബി.ജെ.പിയില്‍ ഭിന്നത രൂക്ഷമാവുകയാണ്. മുതിര്‍ന്ന നേതാവ് ഈശ്വരപ്പ ഇത്തവണ മത്സരത്തിനില്ലായെന്ന് ഉറച്ചതോടെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.

മുന്‍ മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് ഷെട്ടാര്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന ലക്ഷ്മി സാവഡിയെയും പാര്‍ട്ടി ഇത്തവണ പരിഗണിക്കാതായതോടെ പാര്‍ട്ടി വിട്ടിട്ടുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിലെ അതികായകന്മാരെ തഴഞ്ഞ ബി.ജെ.പിയുടെ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Content Highlight: yashpal suvarna get election seat in karnataka election

We use cookies to give you the best possible experience. Learn more