സഞ്ജുവായിരുന്നു ക്യാപ്റ്റനെങ്കിൽ ജെയ്‌സ്വാൾ സെഞ്ച്വറി നേടിയേനെ; ഗില്ലിനെതിരെ ആരാധകരോഷം
Cricket
സഞ്ജുവായിരുന്നു ക്യാപ്റ്റനെങ്കിൽ ജെയ്‌സ്വാൾ സെഞ്ച്വറി നേടിയേനെ; ഗില്ലിനെതിരെ ആരാധകരോഷം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th July 2024, 11:46 am

ഇന്ത്യ-സിംബാബ്‌വേ അഞ്ച് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 15.2 ഓവറില്‍ വിക്കറ്റ് ഒന്നും നഷ്ടമാവാതെ ലക്ഷ്യം മറികടക്കുകയായിരുന്നു.

യശ്വസി ജെയ്‌സ്വാളും ഗില്ലിന്റെയും തകർപ്പൻ പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ ജയം അനായാസമാക്കിയത്. ജെയ്‌സ്വാള്‍ 53 പന്തില്‍ 93 റണ്‍സാണ് നേടിയത്. 13 ഫോറുകളും രണ്ട് സിക്സുകളുമാണ് താരം നേടിയത്. ഗില്‍ 39 പന്തില്‍ 58 റണ്‍സും നേടി. ആറ് ഫോറുകളും രണ്ട് സിക്സുമാണ് ഗില്ലിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

എന്നാല്‍ മത്സരത്തില്‍ ജെയ്‌സ്വാളിന് സെഞ്ച്വറി നേടാന്‍ മികച്ച അവസരമാണ് മുന്നിലുണ്ടായിരുന്നത്. 28 പന്തുകള്‍ ആയിരുന്നു മത്സരത്തില്‍ ഇന്ത്യക്ക് ബാക്കി ഉണ്ടായിരുന്നത്. എന്നാല്‍ ക്യാപ്റ്റന്‍ ഗില്‍ പെട്ടന്ന് തന്നെ സ്‌കോര്‍ ഉയര്‍ത്തികൊണ്ട് ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വിജയിക്കാന്‍ 25 റണ്‍സ് ആവശ്യമുള്ള സമയത്ത് ജെയ്സ്വാളിന് 83 റണ്‍സായിരുന്നു ഉണ്ടായിരുന്നത്. സെഞ്ച്വറിക്കായി 17 റണ്‍സ് മാത്രം അകലെയായിരുന്നു ജെയ്സ്വാള്‍. എന്നാല്‍ ഗില്‍ പെട്ടന്ന് തന്നെ മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

ഇപ്പോഴിതാ ജെയ്സ്വാളിന്റെ സെഞ്ച്വറി നഷ്ടമാക്കിയതിനെതിരെ ധാരാളം വിമര്‍ശനങ്ങളാണ് ഉയര്‍ന്നുനില്‍ക്കുന്നത്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ പേരാണ് ആരാധകര്‍ക്കിടയില്‍ വന്‍തോതില്‍ മുഴങ്ങിനില്‍ക്കുന്നത്.

2023 ഐ.പി.എല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മത്സരത്തിലെ സംഭവമാണ് ആരാധകര്‍ ചൂണ്ടികാണിക്കുന്നത്. മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയും എതിരാളികളെ 149 റണ്‍സിന് എറിഞ്ഞൊതുക്കുകയുമായിരുന്നു. 150 റണ്‍സ് ചെയ്സ് ചെയ്തിറങ്ങിയ രാജസ്ഥാന്‍ 13.1 ഓവറില്‍ വിജയം സ്വന്തമാക്കി.

ഈ മത്സരത്തില്‍ രാജസ്ഥാന് വിജയിക്കാന്‍ മൂന്ന് റണ്‍സ് വേണ്ടിയിരുന്ന സമയത്ത് ജെയ്‌സ്വാളിന് 94 റണ്‍സായിരുന്നു ഉണ്ടായിരുന്നത്. സഞ്ജു 48 റണ്‍സുമായുമാണ് ബാറ്റ് ചെയ്തത്. ആ സമയത്ത് കൊല്‍ക്കത്ത താരം സായുഷ് ശര്‍മ മനപ്പൂര്‍വ്വം വൈഡ് എറിയാന്‍ ശ്രമിക്കുകയായിരുന്നു എന്നാല്‍ ആ ബോള്‍ സഞ്ജു കൃത്യമായി ഡിഫന്‍ഡ് ചെയ്യുകയായിരുന്നു.

 

ഇതിന് ശേഷം ജെയ്സ്വാളിനോട് സിക്‌സര്‍ നേടിക്കൊണ്ട് സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു രാജസ്ഥാന്‍ നായകന്‍. എന്നാല്‍ ജെയ്സ്വാളിന് ഫോര്‍ നേടാനാണ് സാധിച്ചത്. മത്സരത്തില്‍ 98 റണ്‍സുമായാണ് ജെയ്സ്വാള്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഈ മത്സരത്തില്‍ സഞ്ജു ജെയ്സ്വാളിന് നല്‍കിയ പിന്തുണയാണ് ആരാധകര്‍ ഉയര്‍ത്തിപിടിക്കുന്നത്.

അതേസമയം മത്സരം വിജയിച്ചതോടെ പരമ്പര 3-1ന് സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു. പരമ്പരയിലെ ആദ്യ മത്സരം പരാജയപ്പെട്ടതിന് ശേഷം തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളും വിജയിച്ചുകൊണ്ടാണ് ഗില്ലും കൂട്ടരും പരമ്പര നേടിയെടുത്തത്.

ഇന്നാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ഹരാരേ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ തന്നെയാണ് മത്സരം നടക്കുക.

 

Content Highlight: Yashavsi Jaiswal would have scored a century if Sanju samson had been the captain, Fans Criticize Shubhman Gill