| Saturday, 8th April 2023, 4:21 pm

4, 4, 4, 0, 4, 4 രാജസ്ഥാന് വേണ്ടി ആദ്യ ഓവറില്‍ സേവാഗ് ക്രീസിലിറങ്ങിയപ്പോള്‍... ഒരു മയവും ഇല്ലാതെ ജെയ്‌സ്വാള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ രണ്ടാം ഹോം സ്‌റ്റേഡിയത്തിലെ അവസാന മത്സരത്തിനിറങ്ങിയിരിക്കുകയാണ്. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ ഡേവിഡ് വാര്‍ണറിന്റെ ദല്‍ഹി ക്യാപ്പിറ്റല്‍സിനെയാണ് സഞ്ജുവിന് നേരിടാനുള്ളത്.

ടോസ് ഭാഗ്യം തുണയ്ക്കാതെ വന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിങ്ങിനിറങ്ങുകയായിരുന്നു. ജോസ് ബട്‌ലറും യശസ്വി ജെയ്‌സ്വളുമാണ് രാജസ്ഥാനായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്.

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ കൈവിരലിന് പരിക്കേറ്റ ബട്‌ലര്‍ ഈ മത്സരത്തില്‍ കളിക്കില്ല എന്നാണ് പ്രതീക്ഷിച്ചിരുന്നത്. ക്യാച്ചിനിടെ പരിക്കേറ്റ താരത്തിന്റെ കൈവിരലിന് തുന്നലിടേണ്ടി വന്നതിനാല്‍ മത്സരത്തില്‍ താരം ഓപ്പണിങ്ങിനിറങ്ങുകയും ചെയ്തിരുന്നില്ല.

പരിക്കിന്റെ പിടിയിലകപ്പെട്ടതിനാല്‍ താരത്തിന് ഒരാഴ്ചയോളം വിശ്രമം ആവശ്യമായി വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു, എന്നാല്‍ ആ റിപ്പോര്‍ട്ടുകളെയും അഭ്യൂഹങ്ങളെയും കാറ്റില്‍ പറത്തി ബട്‌ലര്‍ ടീമിലേക്ക് തിരിച്ചെത്തുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ യശസ്വി ജെയ്വാളിന്റെ വെടിക്കെട്ടിനാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. ഖലീല്‍ അഹമ്മദ് എറിഞ്ഞ ആദ്യ ഓവറില്‍ അഞ്ച് ബൗണ്ടറികള്‍ നേടിയാണ് ജെയ്‌സ്വാള്‍ രാജസ്ഥാന് തകര്‍പ്പന്‍ തുടക്കം നല്‍കിയത്.

ആദ്യ പന്തില്‍ ഡീപ് മിഡ് വിക്കറ്റിലൂടെ ബൗണ്ടറി നേടിയ ജെയ്‌സാള്‍ രണ്ടാം പന്തില്‍ ബാക്ക് വാര്‍ഡ് പോയിന്റിലൂടെ വീണ്ടും നാല് റണ്‍സ് കണ്ടെത്തി. ഡീപ് കവറിലൂടെയായിരുന്നു മൂന്നാം പന്തിലെ ബൗണ്ടറി നേട്ടം.

നാലാം പന്തില്‍ മറ്റൊരു ബൗണ്ടറിക്ക് ശ്രമിച്ചെങ്കിലും എക്‌സ്ട്രാ കവറില്‍ ഫീല്‍ഡര്‍ പന്ത് പിടിച്ചെടുത്തു. അഞ്ചാം പന്തില്‍ മിഡ് ഓണിലടെ ബൗണ്ടറി കണ്ടെത്തിയ ജെയ്‌സ്വാള്‍ ആറാം പന്തില്‍ തേര്‍ഡ് മാനെ മറികടന്ന് അഞ്ചാം ബൗണ്ടറിയും നേടി. ഇതോടെ ആദ്യ ഓവറില്‍ 20 റണ്‍സാണ് പിറന്നത്.

തൊട്ടടുത്ത ഓവര്‍ സ്‌ട്രൈക്കിലെത്തിയ ബട്‌ലറും മോശമാക്കിയില്ല. മൂന്ന് ബൗണ്ടറിയാണ് നോര്‍ക്യയെ പഞ്ഞിക്കിട്ട് ബട്‌ലര്‍ സ്വന്തമാക്കിയത്.

നാലാം ഓവറില്‍ ഇരുവരും ചേര്‍ന്ന് 50 റണ്‍സിന്റെ ആദ്യ വിക്കറ്റ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. നിലവില്‍ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 79 റണ്‍സാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്. 26 പന്തില്‍ നിന്നും 51 റണ്‍സടിച്ച ജെയ്‌സ്വാളും 16 പന്തില്‍ നിന്നും 25 റണ്‍സുമായി ബട്‌ലറും മികച്ച രീതിയില്‍ ബാറ്റിങ് തുടരുകയാണ്.

രാജസ്ഥാന്‍ റോയല്‍സ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), ധ്രുവ് ജുറൈല്‍, ജേസണ്‍ ഹോള്‍ഡര്‍, ജോസ് ബട്‌ലര്‍, സന്ദീപ് ശര്‍മ, ആര്‍. അശ്വിന്‍, റിയാന്‍ പരാഗ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ട്രെന്റ് ബോള്‍ട്ട്, യശ്‌സ്വി ജെയ്‌സ്വാള്‍, യൂസ്വേന്ദ്ര ചഹല്‍.

ദല്‍ഹി ക്യാപ്പിറ്റല്‍സ് ഇലവന്‍

ഡേവിഡ് വാര്‍ണര്‍ (ക്യപ്റ്റന്‍), മനീഷ് പാണ്ഡേ, റിലി റൂസോ, റോവ്മന്‍ പവല്‍, ലളിത് യദവ്, അക്‌സര്‍ പട്ടേല്‍, അഭിഷേക് പോറല്‍ (വിക്കറ്റ് കീപ്പര്‍), ആന്റിച്ച് നോര്‍ക്യ, ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.

Content highlight: Yashaswi Jaiswal’s brilliant bating in 1st over against DC

We use cookies to give you the best possible experience. Learn more