റിഷബ് പന്തൊക്കെ ആ മൂലയിലേക്ക് മാറിയിരി, ആ റെക്കോഡ് രാജസ്ഥാന്‍ റോയല്‍സിന്റെ ചെക്കന്‍ ഇങ്ങ് തൂക്കി
Sports News
റിഷബ് പന്തൊക്കെ ആ മൂലയിലേക്ക് മാറിയിരി, ആ റെക്കോഡ് രാജസ്ഥാന്‍ റോയല്‍സിന്റെ ചെക്കന്‍ ഇങ്ങ് തൂക്കി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 24th September 2022, 5:51 pm

ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യന്‍ യുവതാരം യശസ്വി ജെയ്‌സ്വാള്‍. ദുലീപ് ട്രോഫി ഫൈനല്‍ മത്സരത്തില്‍ ഇരട്ട സെഞ്ച്വറി നേടിയാണ് താരം റെക്കോഡിന് ഉടമയായിരിക്കുന്നത്.

സൗത്ത് സോണും വെസ്റ്റ് സോണും തമ്മിലാണ് ആഭ്യന്തര ക്രിക്കറ്റിലെ വണ്‍ ഓഫ് ദി മോസ്റ്റ് പ്രസ്റ്റീജ്യസ് കിരീടത്തിന് വേണ്ടി പോരാടുന്നത്. വെസ്റ്റ് സോണിന് വേണ്ടിയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണിങ് ബാറ്റര്‍ കളിക്കുന്നത്.

മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സിലാണ് ജെയ്‌സ്വാള്‍ ഇരട്ട സെഞ്ച്വറി നേടിയത്. 323 പന്തില്‍ നിന്നും 265 റണ്‍സാണ് താരം സ്വന്തമാക്കിയത്.

രണ്ടാം ഇന്നിങ്‌സിലെ മികച്ച പ്രകടനത്തിലൂടെ ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ ആയിരം റണ്‍സ് എന്ന മൈല്‍ സ്റ്റോണ്‍ കടക്കാനും ജെയ്‌സ്വാളിന് സാധിച്ചു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ ആയിരം റണ്‍സ് നേടുന്നതിന്റെ റെക്കോഡാണ് ജെയ്‌സ്വാള്‍ തന്റെ പേരിലാക്കിയിരിക്കുന്നത്.

13 ഇന്നിങ്‌സില്‍ നിന്നുമാണ് താരം ആയിരം റണ്‍സ് കുറിച്ചത്. 14 ഇന്നിങ്‌സില്‍ നിന്നും ആയിരം ഫസ്റ്റ് ക്ലാസ് റണ്‍സ് സ്വന്തമാക്കിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിന്റെ റെക്കോഡാണ് ജെയ്‌സ്വാള്‍ മറികടന്നത്.

ജെയ്‌സ്വാള്‍ മാത്രമല്ല മറ്റ് രണ്ട് താരങ്ങള്‍ കൂടി 13 ഇന്നിങ്‌സില്‍ നിന്നും ആയിരം ഫസ്റ്റ് ക്ലാസ് റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്.

മുന്‍ ഇന്ത്യന്‍ താരമായ റുസി മോദിയും അമുല്‍ മസുംദാറുമാണ് നേരത്തെ 13 ഇന്നിങ്‌സില്‍ നിന്നും ആയിരം റണ്‍സ് തികച്ചത്.

ഫൈനലിന് കളത്തിലിറങ്ങും മുമ്പ് 11 ഇന്നിങ്‌സില്‍ നിന്നും 749 റണ്‍സായിരുന്നു ജെയ്‌സ്വാളിന്റെ പേരിലുണ്ടായിരുന്നത്.

ആദ്യ ഇന്നിങ്‌സില്‍ ഒറ്റ റണ്‍സ് മാത്രമായിരുന്നു ജയ്‌സ്വാളിന് സ്വന്തമാക്കാന്‍ സാധിച്ചത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ കളിമാറി. ഡബിള്‍ സെഞ്ച്വറിയും തികച്ച് ആകെ 1015 റണ്‍സാണ് 13 ഇന്നിങ്‌സില്‍ നിന്നും തന്റെ പേരിലാക്കിയത്.

വേഗത്തില്‍ ആയിരം ഫസ്റ്റ് ക്ലാസ് റണ്‍സ് തികച്ച താരങ്ങള്‍

യശസ്വി ജയ്‌സ്വാള്‍ – 13 ഇന്നിങ്‌സ്

അമുല്‍ മസുംദാര്‍ – 13 ഇന്നിങ്‌സ്

റുസി മോദി – 13 ഇന്നിങ്‌സ്

റിഷബ് പന്ത് – 14 ഇന്നിങ്‌സ്

 

Content highlight: Yashaswi Jaiswal overtook Rishbh Pant to claim the domestic record