| Tuesday, 23rd April 2024, 8:17 am

അവന്റെ തിരിച്ചുവരവ് താങ്ങാനാവില്ലെന്ന് വെറുതെ പറഞ്ഞതല്ല; അണ്‍ സ്റ്റോപ്പബിള്‍ രാജസ്ഥാന്‍ + റെക്കോഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്നലെ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് മുംബൈ ഇന്ത്യന്‍സിനെതിരെ 9 വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം. യശസ്വി ജയ്‌സ്വാളിന്റെ തകര്‍പ്പന്‍ സെഞ്ച്വറി മികവും സന്ദീപ് ശര്‍മയുടെ മികച്ച ഫൈഫര്‍ വിക്കറ്റ് നേട്ടവുമാണ് രാജസ്ഥാനെ സ്വന്തം തട്ടകത്തില്‍ വിജയത്തിലേക്ക് എത്തിച്ചത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യന്‍സ് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് ആണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ രാജസ്ഥാന്‍ വെറും ഒരു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.

ചെയ്‌സിങ്ങിന് ഇറങ്ങിയ രാജസ്ഥാന് വേണ്ടി ജോസ് ബട്‌ലറും ജയ്‌സ്വാളും മികച്ച തുടക്കമാണ് നല്‍കിയത്. എന്നാല്‍ 25 പന്തില്‍ 6 ഫോര്‍ അടക്കം 35 റണ്‍സ് നേടി പുറത്താവുകയായിരുന്നു ബട്‌ലര്‍. പീയൂഷ് ചൗളയുടെ തകര്‍പ്പന്‍ ബൗളിങ്ങില്‍ ക്ലീന്‍ ബൗള്‍ഡ് ആവുകയായിരുന്നു താരം.

എന്നാല്‍ അതിനു ശേഷം ക്യാപ്റ്റന്‍ സഞ്ജു സാംസണും ജയ്‌സ്വാളും പടുത്തുയര്‍ത്തിയ വമ്പന്‍ കൂട്ടുകെട്ടിലാണ് രാജസ്ഥാന് വിജയം എളുപ്പമായത്. 7 സിക്‌സറും ഒമ്പത് ഫോറും ഉള്‍പ്പെടെ 104 റണ്‍സ് നേടി പുറത്താകാതെ മികച്ച പ്രകടനമാണ് ജയ്‌സ്വാള്‍ പുറത്തെടുത്തത്. 173.33 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

കഴിഞ്ഞ മത്സരങ്ങളില്‍ ഒന്നും മികച്ച ഫോം കണ്ടെത്താനാകാതെ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ജയ്‌സ്വാള്‍ അമ്പരപ്പിക്കുന്ന തിരിച്ചുവരവാണ് തന്റെ ബാറ്റിലൂടെ കാഴ്ച വെച്ചത്.

ഐ.പി.എല്ലില്‍ ജയ്‌സ്വാളിന്റെ രണ്ടാമത്തെ സെഞ്ച്വറി നേട്ടമാണ് ഇത്. പ്രത്യേകത എന്താണെന്നാല്‍ രണ്ട് സെഞ്ച്വറിയും താരം മുംബൈ ഇന്ത്യന്‍സിനെതിരെയാണ് നേടിയത്. തന്റെ 22ാം വയസിലാണ് താരം ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സെഞ്ച്വറി നേടുന്നത്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കുകയാണ്. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം എന്ന നേട്ടമാണ് ജയ്‌സ്വാളിനെ തേടിയെത്തിയത്.

ജയ്‌സ്വാളിന് പുറമേ സഞ്ജു സാംസണ്‍ 28 പന്തില്‍ നിന്ന് രണ്ട് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 38 റണ്‍സ് ആണ് അടിച്ചുകൂട്ടി ജയ്‌സ്വാളിന് കൂട്ട് നിന്നത്.

ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് വേണ്ടി തിലക് വര്‍മയും നേഹാല്‍ വധേരയും ചേര്‍ന്ന് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 6 റണ്‍സിനാണ് രോഹിത്തിനെ പുറത്താക്കി മുംബൈയുടെ ടോപ് ഓര്‍ഡര്‍ തകര്‍ക്കാന്‍ തുടക്കമിട്ടത് ട്രന്റ് ബോള്‍ട്ടാണ്. പിന്നാലെ ഇഷാന്‍ കിഷന്‍ (0), സൂര്യകുമാര്‍ യാദവ് (10), തിലക് വര്‍മ (65), ടിം ടേവിഡ് (3), ജെറാള്‍ഡ് കേട്‌സി (0)എന്നിവരെ വീഴ്ത്തി സന്ദീപ് ശര്‍മ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

നാലു ഓവറില്‍ വെറും പതിനെട്ട് റണ്‍സ് മാത്രം വിട്ടു നല്‍കിയാണ് താരം അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ട്രെന്‍ഡ് ബോള്‍ട്ട് രണ്ട് വിക്കറ്റും ആവേശ് ഖാന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി നിര്‍ണായകമായി.

Content Highlight: Yashasvi Jaiswal In Record Achievement

We use cookies to give you the best possible experience. Learn more