|

അദ്ദേഹത്തോടൊപ്പം ബാറ്റ് ചെയ്തപ്പോൾ ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു: ജെയ്‌സ്വാൾ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്കൊപ്പം കളിക്കളത്തില്‍ ബാറ്റ് ചെയ്യുമ്പോഴുള്ള അനുഭവത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇന്ത്യന്‍ യുവതാരം യശ്വസി ജെയ്സ്വാള്‍. രോഹിത്തിനൊപ്പം ബാറ്റ് ചെയ്യുന്നത് അവിശ്വസനീയമായ കാര്യമാണെന്നും ഇന്ത്യന്‍ നായകനില്‍ നിന്നും താന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്നുമാണ് ജെയ്സ്വാള്‍ പറഞ്ഞത്.

‘അദ്ദേഹത്തോടൊപ്പം ബാറ്റ് ചെയ്യുമ്പോഴെല്ലാം എനിക്ക് അവിശ്വസനീയമായ ഒരു അനുഭവമാണ് ലഭിച്ചത്. അദ്ദേഹം തന്റെ അനുഭവങ്ങള്‍ എന്നോട് പങ്കുവെക്കും. കളി എങ്ങനെ നിയന്ത്രിക്കും വിക്കറ്റുകള്‍ എങ്ങനെ മനസിലാക്കും എന്നീ കാര്യങ്ങള്‍ എല്ലാം ഞാന്‍ അദ്ദേഹത്തില്‍ നിന്നും പഠിച്ചു. ഇതില്‍ നിന്നും ധാരാളം കാര്യങ്ങള്‍ പഠിക്കാന്‍ കഴിയും. മത്സരത്തില്‍ ഒന്നോ രണ്ടോ വിക്കറ്റ് വീണാല്‍ എങ്ങനെ ബാറ്റിങ് ശൈലി മാറ്റാമെന്നും അദ്ദേഹത്തില്‍ നിന്നും പഠിക്കാന്‍ കഴിയും,’ ജെയ്സ്വാള്‍ പി.ടി.ഐയോട് പറഞ്ഞു.

രോഹിത്തും ജെയ്സ്വാളും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടാണ് ഇന്ത്യന്‍ ടീമിനായി നടത്തിയിട്ടുള്ളത്. 16 ഇന്നിങ്സുകളില്‍ നിന്നും 980 റണ്‍സാണ് ഇരുവരും നേടിയത്. 61.25 ആവറേജിലാണ് ഇരുവരും ബാറ്റ് വീശിയത്. മൂന്ന് തവണ ഇരുവരും ചേര്‍ന്ന് കൂട്ട്‌കെട്ട് 100 കടത്തുകയും ചെയ്തു.

2023ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ജെയ്സ്വാള്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്. രോഹിത് ശര്‍മയുടെ കീഴില്‍ ഒമ്പത് ടെസ്റ്റ് മത്സരങ്ങളിലാണ് ജെയ്സ്വാള്‍ കളത്തിലിറങ്ങിയത്. ഇതില്‍ 16 ഇന്നിങ്സുകളില്‍ നിന്നും 1028 റണ്‍സാണ് ജെയ്സ്വാള്‍ നേടിയത്. രണ്ട് ഡബിള്‍ സെഞ്ച്വറികളും ഒരു സെഞ്ച്വറിയും നാല് അര്‍ധസെഞ്ച്വറികളുമാണ് ജെയ്സ്വാള്‍ റെഡ് ബോള് ക്രിക്കറ്റില്‍ നേടിയത്.

ടി-20യില്‍ 23 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും അഞ്ചു അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 723 റണ്‍സാണ് താരം നേടിയത്.

ഈ വര്‍ഷമാദ്യം നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലായിരുന്നു ജെയ്സ്വാള്‍ തന്റെ മികച്ച പ്രകടനം പുറത്തെടുത്തത്. ഇംഗ്ലണ്ടിനെതിരെ നേടിയ രണ്ട് ഡബിള്‍ സെഞ്ച്വറികളോടെ ടെസ്റ്റ് ചരിത്രത്തില്‍ ത്രീ ലയന്‌സിനെതിരെ രണ്ട് തവണ ഡബിള്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറാനും ജെയ്സ്വാളിന് സാധിച്ചിരുന്നു.

അടുത്തിടെ അവസാനിച്ച ടി-20 ലോകകപ്പ് വിജയിച്ച ഇന്ത്യന്‍ ടീമിന്റെ ഭാഗമാവാന്‍ ജെയ്സ്വാളിനു സാധിച്ചിരുന്നു.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. രണ്ട് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി-20യുമാണ് ഇന്ത്യ ബംഗ്ലാദേശില്‍ കളിക്കുക. ആദ്യ ടെസ്റ്റ് സെപ്റ്റംബര്‍ 19 മുതലാണ് പരമ്പരക്ക് തുടക്കം കുറിക്കുക.

Content Highlight: Yashasvi Jaiswal Talks About Rohit Sharma