ആ രണ്ട് പേരും കാരണമാണ് ഞാന്‍ അഗ്രസീവായത്; വമ്പന്‍ പ്രസ്താവനയുമായി ജെയ്‌സ്വാള്‍
Sports News
ആ രണ്ട് പേരും കാരണമാണ് ഞാന്‍ അഗ്രസീവായത്; വമ്പന്‍ പ്രസ്താവനയുമായി ജെയ്‌സ്വാള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 1st October 2024, 10:03 pm

ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര 2-0ത്തിന് ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. അവസാന ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 95 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ ഏഴ് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിന് അയച്ചപ്പോള്‍ 233 റണ്‍സിന് ടീം ഓള്‍ ഔട്ട് ആയിരുന്നു. ശേഷം കാണ്‍പൂരില്‍ നടന്ന മത്സരത്തിന്റെ രണ്ടര ദിവസങ്ങള്‍ മഴമൂലം നഷ്ടമായിരുന്നു.

തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സിന് ഡിക്ലയര്‍ ചെയ്തു. മത്സരം വിജയിക്കാന്‍ ഏതറ്റം പോവാനും തയ്യാറായ ഇന്ത്യന്‍ ബൗളിങ് നിരയും ബാറ്റിങ് നിര അഗ്രസീവ് സ്‌റ്റൈല്‍ കൊണ്ടുവരുകയായിരുന്നു. പിന്നീട് രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിനെ 146 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട് ആക്കിയപ്പോള്‍ 95 റണ്‍സിന്റെ വിജയലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു ഇന്ത്യ.

രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്കായി യശസ്വി ജെയ്സ്വാള്‍ 45 പന്തില്‍ 51 റണ്‍സ് നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. എട്ട് ഫോറും ഒരു സിക്സും ഉള്‍പ്പെടെയായിരുന്നു യശസ്വി തകര്‍ത്തടിച്ചത്. ആദ്യ ഇന്നിങ്‌സില്‍ 71 റണ്‍സും നേടി താരം നിര്‍ണായകമായിരുന്നു. മാത്രമല്ല രണ്ടാം ടെസ്റ്റില്‍ പ്ലെയര്‍ ഓഫ്ദി മാച്ച് അവാര്‍ഡും ജെയ്‌സ്വാള്‍ നേടിയിരുന്നു.

ഇപ്പോള്‍ തന്റെ അഗ്രസീവ് ബാറ്റിങ് ശൈലിയക്കുറിച്ച് സംസാരിക്കുകയാണ് യശസ്വി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ ഗൗതം ഗംഭീറും തന്റെ ശൈലി തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു എന്നാണ് താരം പറഞ്ഞത്.

‘ടീമിന് വേണ്ടി മത്സരങ്ങള്‍ വിജയിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ പരമ്പരയില്‍ ഇറങ്ങിയത്. വിജയത്തിന് സംഭാവന നല്‍കാന്‍ ഞാന്‍ ആഗ്രഹിച്ചു. ചെന്നൈയില്‍ ഞങ്ങള്‍ നേരിട്ടതില്‍ നിന്ന് വ്യത്യസ്തമായിരുന്നു കാണ്‍പൂരിലെ സാഹചര്യങ്ങള്‍.

ഞങ്ങളുടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഗൗതി സാറും ആദ്യ ഇന്നിങ്സില്‍ എന്റെ സ്വാഭാവിക കളി പുറത്തെടുക്കാന്‍ എന്നോട് പറഞ്ഞു. ബൗണ്ടറികളും കൂറ്റന്‍ ഷോട്ടുകളും അടിക്കാന്‍ അത് എന്നെ സഹായിച്ചു. എന്റെ സമീപനവുമായി പൊരുത്തപ്പെടാന്‍ അവര്‍ ആഗ്രഹിച്ചില്ല, അവസാനം അത് നിര്‍ണായകമായിത്തീര്‍ന്നു,’ യശസ്വി ജെയ്‌സ്വാള്‍ ജിയോ സിനിമയില്‍ പറഞ്ഞു.

ഇനി ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയാണ് ഇന്ത്യയക്ക് ഉള്ളത്. ഒക്ടോബര്‍ ആറിന് മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ആദ്യ മത്സരം ആരംഭിക്കുന്നത്. രണ്ടാം മത്സരം ഒക്ടോബര്‍ ഒമ്പതിന് ദല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തിലും അവസാന മത്സരം ഒക്ടോബര്‍ 12ന് ഹൈദരബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിലും നടക്കും.

 

Content Highlight: Yashasvi Jaiswal Talking About His Aggressive Approach In Test Cricket