ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം സാക്ഷ്യം വഹിക്കുകയാണ്. വിശാഖപട്ടണത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ വിജയിച്ച് പരമ്പരയില്‍ ലീഡ് നേടിയ ഇന്ത്യ രണ്ടാം മത്സരത്തിലും വിജയം മാത്രമാണ് ലക്ഷ്യമിടുന്നത്.
മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഓസീസ് നായകന്‍ മാത്യു വേഡിനെ ഞെട്ടിച്ചുകൊണ്ടാണ് ഇന്ത്യയുടെ യുവ ഓപ്പണിങ് ജോഡി തകര്‍ത്തടിച്ചത്. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ ബൗണ്ടറിയും സിക്‌സറുകളുമടിച്ച് യശസ്വി ജെയ്‌സ്വാളും ഋതുരാജ് ഗെയ്ക്വാദും ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് അതിവേഗം ചലിപ്പിച്ചു.
പവര്‍പ്ലേ അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യന്‍ സ്‌കോര്‍ 70 കടന്നിരുന്നു. അതിന് കാരണക്കാരനായതാകട്ടെ ജെയ്‌സ്വാളും.
അതിവേഗം അര്‍ധ സെഞ്ച്വറി തികച്ചാണ് ജെയ്‌സ്വാള്‍ ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായത്. 25 പന്തില്‍ ഒമ്പത് ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 212.00 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 53 റണ്‍സാണ് താരം നേടിയത്.
നഥാന്‍ എല്ലിസ് എറിഞ്ഞ ആറാം ഓവറിലെ അഞ്ചാം പന്തില്‍ ആദം സാംപക്ക് ക്യാച്ച് നല്‍കിയായിരുന്നു ജെയ്‌സ്വാളിന്റെ മടക്കം. ടീം സ്‌കോര്‍ 77ല്‍ നില്‍ക്കവെയാണ് രാജസ്ഥാന്റെ ഓപ്പണര്‍ പുറത്തായത്.
ഇതിന് പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡും ജെയ്‌സ്വാള്‍ സ്വന്തമാക്കിയിരുന്നു. ടി-20യില്‍ പവര്‍പ്ലേ അവസാനിക്കുന്നതിന് മുമ്പ് ഏറ്റവുമധികം റണ്‍സ് നേടിയ താരം എന്ന റെക്കോഡാണ് ജെയ്‌സ്വാള്‍ സ്വന്തമാക്കിയത്. ഫ്യൂച്ചര്‍ ലെജന്‍ഡ്‌സായ രാ-രോ സഖ്യത്തെ പിന്നിലാക്കിയാണ് ജെയ്‌സ്വാള്‍ ഒന്നാം സ്ഥാനത്തെത്തിയത്.
ടി-20യില്‍ പവര്‍പ്ലേയില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരം
(താരം – എതിരാളികള്‍ – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)
യശസ്വി ജെയ്‌സ്വാള്‍ – ഓസ്‌ട്രേലിയ – 53 (25) – 2023
കെ.എല്‍. രാഹുല്‍ – സ്‌കോട്‌ലാന്‍ഡ് – 50 (19) – 2021
രോഹിത് ശര്‍മ – ന്യൂസിലാന്‍ഡ് – 50* (23) – 2020
ശിഖര്‍ ധവാന്‍ – ശ്രീലങ്ക – 48* (21) – 2016
രോഹിത് ശര്‍മ – ബംഗ്ലാദേശ് – 46* (21) – 2019
അതേസമയം, 14 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 147 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. 26 പന്തില്‍ 38 റണ്‍സുമായി ഇഷാന്‍ കിഷനും 34 പന്തില്‍ 44 റണ്‍സുമായി ഋതുരാജ് ഗെയ്ക്വാദുമാണ് ക്രീസില്‍.
Content highlight: Yashasvi Jaiswal surpassed Rohit Sharma and KL Rahul to achieve a unique record