| Thursday, 11th May 2023, 10:19 pm

ഇതിഹാസം പിറന്ന് ഒരു മണിക്കൂര്‍ കഴിയും മുമ്പേ അടുത്ത ഇതിഹാസത്തിന്റെ പിറവി; ഇതാ, യശസ്വി Smashing ജെയ്‌സ്വാള്‍ 🤯🤯

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ചരിത്രം തിരുത്തിയെഴുതാന്‍ മത്സരിച്ച് രാജസ്ഥാന്‍ റോയല്‍സ്. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ എക്കാലത്തേയും മികച്ച വിക്കറ്റ് വേട്ടക്കാരനായി യൂസ്വേന്ദ്ര ചഹല്‍ ചരിത്രം കുറിച്ച അതേ മത്സരത്തില്‍ തന്നെ മറ്റൊരു ചരിത്ര നേട്ടവും തങ്ങളുടെ പേരില്‍ കുറിച്ചാണ് ഹല്ലാ ബോല്‍ ആര്‍മി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുന്നത്.

ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറിയുടെ റെക്കോഡ് തന്റെ പേരിലാക്കിയാണ് ജെയ്‌സ്വാള്‍ പുതിയ ചരിത്രമെഴുതിയിരിക്കുന്നത്. 13 പന്തില്‍ നിന്നുമാണ് ജെയ്‌സ്വാള്‍ ഫിഫ്റ്റി തികച്ചത്.

ടി-20 ഫോര്‍മാറ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ച്വറിയും ഇതാണ്. 2007 ടി-20 ലോകകപ്പില്‍ യുവരാജ് സിങ് നേടിയ 12 പന്തിലെ അര്‍ധ സെഞ്ച്വറിയുടെ റെക്കോഡാണ് ഇപ്പോഴും തകരാതെ കിടക്കുന്നത്.

ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ 26 റണ്‍സ് നേടിയാണ് ജെയ്‌സ്വാള്‍ തുടങ്ങിയത്. കെ.കെ.ആര്‍ നായകന്‍ നിതീഷ് റാണയെറിഞ്ഞ ആദ്യ പന്ത് തന്നെ സിക്‌സര്‍ പറത്തിയാണ് ജെയ്‌സ്വാള്‍ വെടിക്കെട്ടിന് തിരികൊളുത്തിയത്.

ആദ്യ പന്ത് ലോങ് ഓണിന് മുകളിലൂടെ സിക്‌സര്‍ പറന്നപ്പോള്‍ രണ്ടാം പന്ത് സ്‌ക്വയര്‍ ലെഗിന് മുകളിലൂടെ അതിര്‍ത്തി കടന്നു. മൂന്നാം പന്തിലും നാലാം പന്തിലും ബൗണ്ടറി നേടിയ ജെയ്‌സ്വാള്‍ അഞ്ചാം പന്തില്‍ ഡബിളോടി സ്‌ട്രൈക്ക് നിലനിര്‍ത്തി. അവസാന പന്തില്‍ മറ്റൊരു ബൗണ്ടറിയും നേടിയാണ് ജെയ്‌സ്വാള്‍ ഈഡന്‍ ഗാര്‍ഡന്‍സിനെ കരയിച്ചത്.

ഒന്നിന് പിന്നാലെ ബൗണ്ടറികളുമായി തുടര്‍ന്നുള്ള പന്തുകളും ജെയ്‌സ്വാള്‍ ആക്രമിച്ച് കളിച്ചപ്പോള്‍ 13ാം പന്തില്‍ താരം 50 എന്ന മാജിക് നമ്പര്‍ തൊട്ടു.

2018ല്‍ മൊഹാലിയില്‍ വെച്ച് ദല്‍ഹിക്കെതിരെ 14 പന്തില്‍ നിന്നും 50 റണ്‍സ് നേടിയ കെ.എല്‍. രാഹുലിന്റെ റെക്കോഡാണ് ജെയ്‌സ്വാള്‍ തകര്‍ത്തെറിഞ്ഞത്.

കൊല്‍ക്കത്ത ഉയര്‍ത്തിയ 150 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ 78ന് ഒന്ന് എന്ന നിലയിലാണ്. മൂന്ന് പന്ത് നേരിട്ട് റണ്ണൊന്നും നേടാതെ ബട്‌ലറാണ് പുറത്തായത്.

നിലവില്‍ 23 പന്തില്‍ നിന്നും 62 റണ്‍സുമായി ജെയ്‌സ്വാളും പത്ത് പന്തില്‍ നിന്നും 12 റണ്‍സുമായി സഞ്ജു സാംസണുമാണ് ക്രീസില്‍.

Content highlight: Yashasvi Jaiswal smashes fastest 50 in IPL History

We use cookies to give you the best possible experience. Learn more