ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ അടിച്ചൊതുക്കി രാജസ്ഥാന്‍ യുവതാരം യശസ്വി ജെയ്‌സ്വാള്‍ റെക്കോഡ് ബുക്കില്‍ ഇടം നേടിയിരുന്നു. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി തികച്ചുകൊണ്ടായിരുന്നു ജെയ്‌സ്വാള്‍ തരംഗമായത്.
വെറും 13 പന്ത് മാത്രമായിരുന്നു അര്‍ധ സെഞ്ച്വറി നേടാന്‍ ജെയ്‌സ്വാള്‍ നേരിട്ടത്. ഇതോടെ കെ.എല്‍. രാഹുലിന്റെയും പാറ്റ് കമ്മിന്‍സിന്റെയും 14 പന്തില്‍ നിന്നും 50 തികച്ചതിന്റെ ജോയിന്റ് റെക്കോഡ് ഒറ്റയടിക്ക് തകര്‍ത്താണ് ജെയ്‌സ്വാള്‍ തരംഗമായത്.
നേരിട്ട ആദ്യ രണ്ട് പന്തും സിക്‌സറിടിച്ചുതുടങ്ങിയ ജെയ്‌സ്വാള്‍ ആദ്യ ഓവറില്‍ തന്നെ 26 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു.
നേരിടുന്ന ആദ്യ പന്ത് മുതല്‍ക്കുതന്നെ ആക്രമിച്ചുകളിക്കുന്ന താരത്തിന്റെ അറ്റാക്കിങ് ബാറ്റിങ് ശൈലിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സാക്ഷാല്‍ ബ്രായാന്‍ ലാറ വരെ രാജസ്ഥാന്റെ യുവതാരത്തിന് അഭിനന്ദനമറിയിച്ചിരുന്നു.
താരത്തിന്റെ ഈ അറ്റാക്കിങ് മൈന്‍ഡ്‌സെറ്റ് വെളിവാക്കുന്ന ഒരു ഷോര്‍ട്ട് വീഡിയോ രാജസ്ഥാന്‍ റോയല്‍സ് വീണ്ടും പങ്കുവെച്ചിരുന്നു. രാജസ്ഥാന്റെ റാപ്പിഡ് ഫയര്‍ ഗെയിമിലെ ഒരു ചെറിയ ഭാഗമാണ് ടീം സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചത്.
‘ഫോമിന്റെ പാരമ്യത്തില്‍ നില്‍ക്കുന്ന ലസിത് മലിംഗയെ ആണോ അതോ പീക്ക് ടൈമില്‍ നില്‍ക്കുന്ന ബ്രെറ്റ് ലീയെ ആണോ നേരിടാന്‍ ആഗ്രഹിക്കാത്തത്’ എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് വീണ്ടും വൈറലാകുന്നത്. തനിക്ക് രണ്ട് പേരെയും നേരിടണമെന്നായിരുന്നു ജെയ്‌സ്വാള്‍ പറഞ്ഞത്.
കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ 12 ബൗണ്ടറിയും അഞ്ച് സിക്‌സറും ഉള്‍പ്പെടെയായിരുന്നു ജെയ്‌സ്വാളിന്റെ വെടിക്കെട്ട്. ഈ പ്രകടനത്തിന് പിന്നാലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്താനും ജെയ്‌സ്വാളിനായി.
12 മത്സരത്തില്‍ നിന്നും 52.27 എന്ന ശരാശരിയിലും 167.15 എന്ന തകര്‍പ്പന്‍ പ്രഹരശേഷിയിലും 575 റണ്‍സാണ് താരം നേടിയത്.
Content Highlight: Yashasvi Jaiswal says he wants to face both prime Malinga and prime Brett Lee