അവന്‍ പാനി പൂരി വിറ്റിട്ടില്ല, അത് വാര്‍ത്തകള്‍ക്ക് പറ്റിയ തലക്കെട്ടാണ് പക്ഷേ സത്യം 5% മാത്രം: ജെയ്‌സ്വാളിന്റെ കോച്ച്
Sports News
അവന്‍ പാനി പൂരി വിറ്റിട്ടില്ല, അത് വാര്‍ത്തകള്‍ക്ക് പറ്റിയ തലക്കെട്ടാണ് പക്ഷേ സത്യം 5% മാത്രം: ജെയ്‌സ്വാളിന്റെ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 3rd August 2023, 1:45 pm

ഇന്ത്യന്‍ യുവതാരം യശസ്വി ജെയ്‌സാളിന്റെ ജീവതം ഒരു കഥപോലെ വായിച്ചെടുക്കാന്‍ സാധിക്കുന്നതാണ്. ഒന്നുമില്ലായ്മയില്‍ നിന്നും കഠിനപ്രയത്‌നത്താല്‍ ഉയര്‍ന്ന് വരികയും ഇന്ത്യന്‍ ടീമിനായി ബാറ്റേന്തുകയും ചെയ്ത അവന്റെ ജീവതം ഒരു ഫെയറി ടെയ്ല്‍ പോലെയാണ് പലര്‍ക്കും അനുഭവപ്പെടുക.

മുംബൈയിലെത്തി അനേകം കഷ്ടതകള്‍ സഹിച്ചാണ് ജെയ്‌സ്വാള്‍ ക്രിക്കറ്റ് കളിച്ചിരുന്നത്. അവിടുന്ന് കോച്ച് ജ്വാല സിങ്ങിനെ പരിചയപ്പെട്ടതോടെ താരത്തിന്റെ ജീവതത്തില്‍ വെളിച്ചം വീഴുകയായിരുന്നു. തുടര്‍ന്നങ്ങോട്ട് ജെയ്‌സ്വാളിന്റെ വളര്‍ച്ചയായിരുന്നു ക്രിക്കറ്റ് ലോകം കണ്ടത്.

പരിശീലനമില്ലാത്തപ്പോള്‍ പാനി പൂരി വിറ്റാണ് ജെയ്‌സ്വാള്‍ ജീവിക്കാനുള്ള പണം സമ്പാദിച്ചതെന്ന റിപ്പോര്‍ട്ടുകളും കുറച്ച് മുമ്പ് പുറത്തുവന്നിരുന്നു. എന്നാല്‍ ആ റിപ്പോര്‍ട്ടുകളെയും കഥകളെയും പൂര്‍ണമായി തള്ളുകയാണ് ജെയ്‌സ്വാളിന്റെ പരിശീലകന്‍ ജ്വാല സിങ്.

പുറത്തുവരുന്ന കഥകളില്‍ അഞ്ച് ശതമാനം മാത്രമാണ് സത്യമുള്ളതെന്നും കാശിന് വേണ്ടി ജെയ്‌സ്വാള്‍ ഒരിക്കലും പാനി പൂരി വിറ്റിട്ടില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്.

ജ്വാല സിങ് നല്‍കിയ ഒരു അഭിമുഖത്തെ ഉദ്ധരിച്ച് ക്രിക്കറ്റ് അഡിക്ടറാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘കാശിന് വേണ്ടി പാനി പൂരി വിറ്റിട്ടില്ല എന്ന കാര്യം ഞാനും യശസ്വിയും പലയാവര്‍ത്തി പറഞ്ഞതാണ്. 2013ല്‍ എനിക്കൊപ്പം ചേര്‍ന്ന് ക്രിക്കറ്റ് പരിശീലനം തുടങ്ങിയത് മുതല്‍ അവന്‍ പാനി പൂരി വിറ്റിട്ടില്ല എന്നത് പല മാധ്യമങ്ങളോടും ഞാന്‍ ഇതിനോടകം തന്നെ പറഞ്ഞു കഴിഞ്ഞതാണ്.

അവനെ കുറിച്ചുള്ള സ്റ്റോറികള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കും പ്രചാരണം ലഭിക്കാന്‍ വേണ്ടിയാണ് ഈ പാനി പൂരി കഥ ഊതിപ്പെരുപ്പിക്കുന്നത്.

ഇത് റിപ്പോര്‍ട്ടുകള്‍ക്ക് ആ നല്ലൊരു ഹെഡ്‌ലൈന്‍ ഉണ്ടാക്കും. പക്ഷേ അതില്‍ അഞ്ച് ശതമാനം മാത്രമാണ് സത്യമുള്ളത്. അവന്‍ ആദ്യമായി മുംബൈയിലെത്തുമ്പോള്‍ ഒരു ടെന്റിലാണ് താമസിച്ചിരുന്നത്. അപ്പോള്‍ വളരെ കുറച്ച് ദിവസത്തേക്ക് അവന്‍ അത് ചെയ്തിരിക്കാം.

അവന്‍ താമസിക്കുന്ന ടെന്റില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെയില്ല, വൈദ്യുതിയോ ആവശ്യത്തിന് ഭക്ഷണമോ ഇല്ല. മഴക്കാലത്ത് ആ ടെന്റിനുള്ളിലേക്ക് വെള്ളം കയറുന്ന സ്ഥിതി ഉണ്ടായിരുന്നു.

കുട്ടിയായിരുന്നപ്പോള്‍ അവന്‍ ചില കച്ചവടക്കാരെ സഹായിക്കുകയും അതില്‍ നിന്നും ചെറിയ തുക സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അവന്‍ എന്റെയടുക്കലെത്തിയപ്പോള്‍ ഇതെല്ലാം അവസാനിപ്പിച്ചിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിന് പിന്നാലെ ജെയ്‌സ്വാള്‍ ഇന്ത്യന്‍ ടീമിനായി അരങ്ങേറ്റം കുറിച്ചിരുന്നു. ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലാണ് ജെയ്‌സ്വാള്‍ ആദ്യമായി ഇന്ത്യന്‍ ജേഴ്‌സിയിലെത്തിയത്.

തന്റെ ആദ്യ ഇന്നിങ്‌സില്‍ തന്നെ സെഞ്ച്വറിയടിച്ചാണ് ജെയ്‌സ്വാള്‍ തരംഗമായത്. ആ മത്സരത്തില്‍ കളിയിലെ താരമായും ജെയ്‌സ്വാളിനെ തെരഞ്ഞെടുത്തിരുന്നു.

 

 

റെഡ്‌ബോള്‍ ഫോര്‍മാറ്റിന് പിന്നാലെ ജെയ്‌സ്വാള്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പരയിലാണ് താരം ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.

 

Content Highlight:  Yashasvi Jaiswal’s coach Jwala Singh denies rumor about sold Pani Puri