മലിംഗയുടെ മുഖത്തെ ആവേശം പറയും ഗ്രൗണ്ടില്‍ നടന്നതെന്താണെന്ന്; ഇവനൊക്കെ ഉള്ളപ്പോള്‍ ഇന്ത്യയുടെ ഭാവി എങ്ങനെ വെള്ളത്തിലാവും
IPL
മലിംഗയുടെ മുഖത്തെ ആവേശം പറയും ഗ്രൗണ്ടില്‍ നടന്നതെന്താണെന്ന്; ഇവനൊക്കെ ഉള്ളപ്പോള്‍ ഇന്ത്യയുടെ ഭാവി എങ്ങനെ വെള്ളത്തിലാവും
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 30th April 2023, 9:46 pm

 

ഐ.പി.എല്ലിന്റെ ചരിത്രത്തിലെ മില്ലേനിയം മാച്ചില്‍ പടുകൂറ്റന്‍ ടോട്ടലുമായി രാജസ്ഥാന്‍ റോയല്‍സ്. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്.

യുവതാരം യശസ്വി ജെയ്‌സ്വാളിന്റെ തകര്‍പ്പന്‍ വെടിക്കെട്ടാണ് രാജസ്ഥാന് പടുകൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 61 പന്തില്‍ നിന്നും 124 റണ്‍സാണ് താരം നേടിയത്. 200 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.

ഈ സീസണിലെ ഏറ്റവുമയര്‍ന്ന സ്‌കോറാണിത്. ഈ വെടിക്കെട്ടിന് പിന്നാലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതെത്താനും ജെയ്‌സ്വാളിനായി.

നേരത്തെ ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. പതിവുപോലെ ജെയ്‌സ്വാളിന്റെ വെടിക്കെട്ടോടെയാണ് രാജസ്ഥാന്‍ തുടങ്ങിയത്.

ജോസ് ബട്‌ലറിന്റെ മെല്ലെപ്പോക്ക് രാജസ്ഥാന്‍ സ്‌കോറിങ്ങിന്റെ വേഗം കുറച്ചെങ്കിലും മറുവശത്ത് നിന്ന് ജെയ്‌സ്വാള്‍ ആഞ്ഞടിച്ചുകൊണ്ടേയിരുന്നു. 16 ബൗണ്ടറിയും എട്ട് സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ബട്‌ലര്‍ 19 പന്തില്‍ നിന്നും 18 റണ്‍സുമായി പുറത്തായപ്പോള്‍ വണ്‍ ഡൗണായെത്തിയ സഞ്ജു പത്ത് പന്തില്‍ നിന്നും 14 റണ്‍സ് നേടി. പിന്നാലെയെത്തിയവര്‍ക്കൊന്നും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നപ്പോള്‍ എക്‌സ്ട്രാസ് ഇനത്തില്‍ 25 റണ്‍സാണ് റോയല്‍സിന്റെ ഇന്നിങ്‌സിന് തുണയായത്.

16 റണ്‍സ് വൈഡില്‍ നിന്നും പിറന്നപ്പോള്‍ ലെഗ് ബൈസില്‍ നിന്നും ഏഴ് റണ്‍സും പിറന്നു.

മുംബൈ നിരയില്‍ യുവതാരം അര്‍ഷദ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പീയൂഷ് ചൗള രണ്ട് വിക്കറ്റും വീഴ്ത്തി.

നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള രാജസ്ഥാന് ഈ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും രാജസ്ഥാന് സാധിക്കും.

 

Content Highlight: Yashasvi Jaiswal’s brilliant innings leads Rajasthan Royals to humongous total