ഇത്തവണ പന്ത് വളരെ സ്ലോ ആയിരുന്നു; പുതിയ റൈവല്‍റിയില്‍ സ്റ്റാര്‍ക്കിന് ഇരട്ട നാണക്കേട് സമ്മാനിച്ച് ജെയ്‌സ്വാള്‍
Sports News
ഇത്തവണ പന്ത് വളരെ സ്ലോ ആയിരുന്നു; പുതിയ റൈവല്‍റിയില്‍ സ്റ്റാര്‍ക്കിന് ഇരട്ട നാണക്കേട് സമ്മാനിച്ച് ജെയ്‌സ്വാള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 4th January 2025, 11:07 am

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ നിര്‍ണായകമായ അഞ്ചാം മത്സരത്തില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയാണ് എതിരാളികളെ ഞെട്ടിച്ചിരിക്കുന്നത്. ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് മറികടന്ന് ലീഡ് ഉയര്‍ത്താനെത്തിയ കങ്കാരുക്കളെ 181 റണ്‍സിന് പുറത്താക്കിയാണ് ഇന്ത്യ പരമ്പരയിലെ അവസാന ടെസ്റ്റില്‍ മേല്‍ക്കൈ നേടിയിരിക്കുന്നത്.

മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. മിച്ചല്‍ സ്റ്റാര്‍ക് എറിഞ്ഞ ആദ്യ ഓവറില്‍ 16 റണ്‍സാണ് പിറവിയെടുത്തത്. സ്റ്റാര്‍ക്കിന്റെ ആദ്യ ഓവറിലെ ആറ് പന്തും നേരിട്ട യശസ്വി ജെയ്‌സ്വാള്‍ നാല് ബൗണ്ടറിയടിച്ചാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയൊരുക്കിയത്.

 

ആദ്യ പന്ത് ഡോട്ട് ആയി മാറിയെങ്കിലും തുടര്‍ന്നെറിഞ്ഞ മൂന്ന് പന്തിലും ജെയ്‌സ്വാള്‍ ഫോറടിച്ചു. അഞ്ചാം പന്തില്‍ റണ്‍സൊന്നും പിറന്നില്ലെങ്കിലും അവസാന പന്തിലും താരം ബൗണ്ടറി നേടി.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ജെയ്‌സ്വാളിന്റെ പേരില്‍ കുറിക്കപ്പെട്ടത്. ഒരു ടെസ്റ്റ് ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന നേട്ടമാണ് ജെയ്‌സ്വാള്‍ സ്വന്തമാക്കിയത്. 16 റണ്‍സടിച്ച് മറ്റ് മൂന്ന് താരങ്ങള്‍ക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുകയാണ് ഇന്ത്യന്‍ ഓപ്പണര്‍.

ടെസ്റ്റ് ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ എറ്റവുമധികം റണ്‍സ് നേടിയ താരം

(റണ്‍സ് – താരം – ടീം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

16 റണ്‍സ് – മൈക്കല്‍ സ്ലേറ്റര്‍ – ഓസ്‌ട്രേലിയ – ഇംഗ്ലണ്ട് – 2001

16 റണ്‍സ് – ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – ന്യൂസിലാന്‍ഡ് – 2012

16 റണ്‍സ് – ഒഷാദ ഫെര്‍ണാണ്ടോ – ശ്രീലങ്ക – ബംഗ്ലാദേശ് – 2022

16 റണ്‍സ് – യശസ്വി ജെയ്‌സ്വാള്‍ – ഇന്ത്യ – ഓസ്‌ട്രേലിയ – 2025*

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇത് രണ്ടാം തവണ മാത്രമാണ് സ്റ്റാര്‍ക് ആദ്യ ഓവറില്‍ 15 റണ്‍സിലധികം വളങ്ങുന്നത്. സ്റ്റാര്‍ക്കിന്റെ ട്രാക്ക് റെക്കോഡില്‍ ബ്ലാക് മാര്‍ക് തീര്‍ത്താണ് ജെയ്‌സ്വാള്‍ ആദ്യ ഇന്നിങ്‌സില്‍ വെടിക്കെട്ട് പുറത്തെടുത്തത്.

ടെസ്റ്റിന്റെ ആദ്യ ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക് വിട്ടുകൊടുത്ത ഏറ്റവുമുയര്‍ന്ന റണ്‍സ്

(റണ്‍സ് – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

17 – ശ്രീലങ്ക – ഗല്ലെ – 2022

16 – ഇന്ത്യ – സിഡ്‌നി – 2025*

13 – ഇംഗ്ലണ്ട് – ലണ്ടന്‍ – 2023

11 – ശ്രീലങ്ക – കാന്‍ബെറ – 2019

10 – ഇന്ത്യ – മൊഹാലി – 2013

10 – ഇന്ത്യ – ബെംഗളൂരു – 2017

ആദ്യ ഓവറില്‍ 16 റണ്‍സ് നേടിയ ജെയ്‌സ്വാള്‍ ശേഷം നേരിട്ട 29 പന്തില്‍ നിന്നും ആറ് റണ്‍സ് മാത്രമാണ് നേടിയത്. 35 പന്തില്‍ 22 റണ്‍സുമായി നില്‍ക്കവെ സ്‌കോട് ബോളണ്ടിന്റെ പന്തില്‍ താരം പുറത്താവുകയായിരുന്നു.

ജെയ്‌സ്വാളിന് മുമ്പ് രാഹുലിനെയും ബോളണ്ട് മടക്കിയിരുന്നു. 20 പന്തില്‍ 13 റണ്‍സടിച്ച രാഹുലിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ബോളണ്ട് പറഞ്ഞയച്ചത്.

അതേസമയം, നിലവില്‍ 13 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 59 എന്ന നിലയിലാണ് ഇന്ത്യ. 12 പന്തില്‍ 11 റണ്‍സുമായി ശുഭ്മന്‍ ഗില്ലും 11 പന്തില്‍ ആറ് റണ്‍സുമായി വിരാട് കോഹ്‌ലിയുമാണ് ക്രീസില്‍.

 

Content Highlight: Yashasvi Jaiswal’s brilliant batting against Mitchel Starc