|

സഞ്ജുവിന്റെ വജ്രായുധത്തിന്റെ മൂർച്ചകുറയുന്നു; മോശം നേട്ടത്തിൽ ഒന്നാമൻ ജെയ്‌സ്വാൾ

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ആദ്യ തോല്‍വി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് മൂന്ന് വിക്കറ്റുകള്‍ക്കാണ് രാജസ്ഥാനെ പരാജയപ്പെടുത്തിയത്.

രാജസ്ഥാന്റെ തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് ഹോം ടീമിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

റിയാന്‍ പരാഗിന്റെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെയും അര്‍ധസെഞ്ച്വറിയുടെ കരുത്തിത്തിലാണ് രാജസ്ഥാന്‍ കൂറ്റന്‍ ടോട്ടല്‍ ഗുജറാത്തിനു മുന്നില്‍ പടുത്തുയര്‍ത്തിയത്. 48 പന്തില്‍ 76 റണ്‍സാണ് പരാഗ് നേടിയത്. മൂന്ന് ഫോറുകളും അഞ്ച് സിക്‌സുകളുമാണ് താരം നേടിയത്. മറുഭാഗത്ത് 38 പന്തില്‍ പുറത്താവാതെ 68 റണ്‍സ് നേടിയിരുന്നു രാജസ്ഥാന്‍ നായകന്‍ നിര്‍ണായകമായത്. ഏഴ് ഫോറുകളും രണ്ട് സിക്‌സുകളുമാണ് സഞ്ജു നേടിയത്.

എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഇന്ത്യന്‍ സ്റ്റാര്‍ ഓപ്പണര്‍ യശ്വസി ജെയ്സ്വാളിന്റെ മോശം ഫോമാണ് തലവേദനയാകുന്നത്. ഗുജറാത്തിനെതിരെ 19 പന്തില്‍ 24 റണ്‍സ് നേടിയായിരുന്നു താരം പുറത്തായത്. ഇതിനുപിന്നാലെ ഒരു മോശം നേട്ടവും ജെയ്‌സ്വാളിനെ തേടിയെത്തി. ഈ സീസണില്‍ ഏറ്റവും കുറഞ്ഞ ആവറേജ് ഉള്ള ഓപ്പണര്‍മാരില്‍ ഒന്നാം സ്ഥാനത്താണ് ജെയ്‌സ്വാള്‍. അഞ്ച് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ വെറും 12.6 ശരാശരിയാണ് ജെയ്സ്വാളിനുള്ളത്.

2024 ഐ.പി.എല്‍ സീസണില്‍ ഏറ്റവും കുറഞ്ഞ ശരാശരിയുള്ള ഓപ്പണര്‍

യശ്വസി ജെയ്സ്വാള്‍-12.6

ജോണി ബെയര്‍‌സ്റ്റോ-16.2

വൃധിമാന്‍ സാഹ-19.0

മായങ്ക് അഗര്‍വാള്‍-19.6

മിച്ചല്‍ മാര്‍ഷ്-21.5

ഫാഫ് ഡുപ്ലെസിസ്-21.8

അതേസമയം ഗുജറാത്ത് ബാറ്റിങ്ങില്‍ നായകന്‍ ശുഭ്മന്‍ ഗില്‍ 44 പന്തില്‍ 72 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ആറ് ഫോറുകളും രണ്ട് സിക്സുകളും ആണ് ഗില്‍ നേടിയത്. സായ് സുദര്‍ശന്‍ 29 പന്തില്‍ 35 റണ്‍സും നേടി.

അവസാന ഓവറുകളില്‍ ഇറങ്ങി തകര്‍ത്തടിച്ച അഫ്ഗാന്‍ സൂപ്പര്‍ താരം റാഷിദ് ഖാന്‍ ആണ് ഗുജറാത്തിന് ആവേശകരമായ വിജയം നേടിക്കൊടുത്തത്. 11 പന്തില്‍ 24 റണ്‍സായിരുന്നു താരം നേടിയത്.

രാജസ്ഥാന്‍ ബൗളിങ്ങില്‍ കുല്‍ദീപ് സെന്‍ മൂന്ന് വിക്കറ്റും യൂസ്വേന്ദ്ര ചഹല്‍ രണ്ട് വിക്കറ്റും ആവേശ് ഒരു വിക്കറ്റും നേടി.

Content Highlight: Yashasvi Jaiswal poor performance for Rajasthan Royals in IPL 2024