ഓസ്‌ട്രേലിയയില്‍ ജെയ്‌സ്വാള്‍ തിളങ്ങിയാല്‍ ഇളകുന്നത് സച്ചിന്റെ സിംഹാസനം; ആ പോക്കില്‍ സേവാഗും ഗവാസ്‌കറും വീഴും
Sports News
ഓസ്‌ട്രേലിയയില്‍ ജെയ്‌സ്വാള്‍ തിളങ്ങിയാല്‍ ഇളകുന്നത് സച്ചിന്റെ സിംഹാസനം; ആ പോക്കില്‍ സേവാഗും ഗവാസ്‌കറും വീഴും
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 29th November 2024, 12:18 pm

ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ രണ്ടാം മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ആദ്യ മത്സരത്തില്‍ 295 റണ്‍സിന്റെ ചരിത്ര വിജയം നേടി ഗാബക്ക് ശേഷം പെര്‍ത്തും കീഴടക്കിയ ഇന്ത്യ അഡ്‌ലെയ്ഡിലും അതേ ഡോമിനന്‍സ് ആവര്‍ത്തിക്കാനാണ് ഒരുങ്ങുന്നത്.

പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 535 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയ 238ന് പുറത്താവുകയായിരുന്നു.

 

യുവതാരം യശസ്വി ജെയ്‌സ്വാളിന്റെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് ഓടിയെത്തിയത്. ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ താരം രണ്ടാം ഇന്നിങ്‌സില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് തിളങ്ങിയത്.

297 പന്തില്‍ നിന്നും 161 റണ്‍സാണ് ജെയ്‌സ്വാള്‍ അടിച്ചെടുത്തത്. 15 ഫോറും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ബാറ്റിങ് പ്രകടനം.

നിലവില്‍ 12 മത്സരത്തില്‍ നിന്നും 58.18 ശരാശരിയില്‍ 1,280 റണ്‍സാണ് ജെയ്‌സ്വാള്‍ അടിച്ചെടുത്തിരിക്കുന്നത്. മൂന്ന് 100+ സ്‌കോറും ഏഴ് അര്‍ധ സെഞ്ച്വറിയും അടങ്ങുന്നതാണ് രാജസ്ഥാന്‍ ഓപ്പണറുടെ ഈ വര്‍ഷത്തെ കരിയര്‍.

വരും മത്സരങ്ങളില്‍ ജെയ്‌സ്വാളിനെ ഒരു ചരിത്ര നേട്ടവും കാത്തിരിക്കുന്നുണ്ട്. അതിനാകട്ടെ ബോക്‌സിങ് ഡേ ടെസ്റ്റ് വരെ സമയവുമുണ്ട്.

ഈ വര്‍ഷം ശേഷിക്കുന്ന ആറ് ഇന്നിങ്‌സില്‍ നിന്നും 283 റണ്‍സ് സ്വന്തമാക്കിയാല്‍ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് യുവതാരത്തിന് നേടാന്‍ സാധിക്കുക. 2010ല്‍ സച്ചിന്‍ സ്ഥാപിച്ച റെക്കോഡാണ് ജെയ്‌സ്വാളിന് കയ്യെത്തും ദൂരത്തുള്ളത്.

ഒരു കാലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – ഇന്നിങ്‌സ് – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 23 – 1,562 – 2010

വിരേന്ദര്‍ സേവാഗ് – 27 – 1,462 – 2008

വിരേന്ദര്‍ സേവാഗ് – 25 – 1,422 – 2010

സുനില്‍ ഗവാസ്‌കര്‍ – 26 – 1,407 – 1979

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 26 – 1,392 – 2002

ഗുണ്ടപ്പ വിശ്വനാഥ് – 26 – 1,388 – 1979

രാഹുല്‍ ദ്രാവിഡ് – 26 – 1,357 – 2002

വിരാട് കോഹ്‌ലി – 24 – 1,322 – 2018

സുനില്‍ ഗവാസ്‌കര്‍ – 32 – 14,310 – 2183

യശസ്വി ജെയ്‌സ്വാള്‍ – 23 – 1,280* – 2024

വിരാട് കോഹ്‌ലി – 18 – 1,215 – 2016

രാഹുല്‍ ദ്രാവിഡ് – 23 – 1,145 – 2011

 

ഈ വര്‍ഷം ശേഷിക്കുന്ന ആറ് ഇന്നിങ്‌സില്‍ നിന്നും 509റണ്‍സ് കണ്ടെത്താന്‍ സാധിച്ചാല്‍ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം റണ്‍സ് എന്ന പാക് ഇതിഹാസ താരം മുഹമ്മദ് യൂസഫിന്റെ റെക്കോഡ് തകര്‍ക്കാനും ജെയ്‌സ്വാളിന് സാധിക്കും.

2006ല്‍ 99.33 ശരാശരിയില്‍ 1,788 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഒമ്പത് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടുന്നതായിരുന്നു യൂസഫിന്റെ 2006ലെ പ്രകടനം.

 

Content Highlight: Yashasvi Jaiswal need 283 runs to surpass Sachin Tendulkar in most test runs in a calendar year