വിരാട് 113 മത്സരത്തില്‍ സ്വന്തമാക്കിയത് എട്ടാം മത്സരത്തില്‍ അടിച്ചുനേടാന്‍ ജെയ്‌സ്വാള്‍; ഇവനാണോ കിങ്ങിന്റെ യഥാര്‍ത്ഥ പിന്‍ഗാമി?
Sports News
വിരാട് 113 മത്സരത്തില്‍ സ്വന്തമാക്കിയത് എട്ടാം മത്സരത്തില്‍ അടിച്ചുനേടാന്‍ ജെയ്‌സ്വാള്‍; ഇവനാണോ കിങ്ങിന്റെ യഥാര്‍ത്ഥ പിന്‍ഗാമി?
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 21st February 2024, 2:54 pm

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി താരങ്ങളില്‍ പ്രധാനിയെന്ന് സ്വന്തം പ്രകടനം കൊണ്ട് അടയാളപ്പെടുത്തിയാണ് യശസ്വി ഭൂപേന്ദ്ര കുമാര്‍ ജെയ്‌സ്വാള്‍ എന്ന 22കാരന്‍ ആരാധകരുടെ കയ്യടികളേറ്റുവാങ്ങുന്നത്. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ മറ്റൊരു താരത്തിനും സാധിക്കാത്ത അത്ഭുത നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് ജെയ്‌സ്വാള്‍ ബാറ്റ് വീശുന്നത്.

പരമ്പരയിലെ മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ ഇരട്ട സെഞ്ച്വറി നേടിയാണ് താരം റെക്കോഡിട്ടത്. 236 പന്തില്‍ പുറത്താകാതെ 214 റണ്‍സാണ് താരം നേടിയത്. 14 ബൗണ്ടറിയും 12 സിക്‌സറും അടക്കം 90.68 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ഇരട്ട സെഞ്ച്വറി നേടിയത്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ വിരാട് കോഹ്‌ലിയെ ഏഴ് തവണ മടക്കിയ ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്ന അതികായനെ ഒരു ബഹുമാനവുമില്ലാതെയാണ് മൂന്നാം ടെസ്റ്റില്‍ ജെയ്‌സ്വാള്‍ അടിച്ചുകൂട്ടിയത്.

ഇതിന് പുറമെ രണ്ടാം ടെസ്റ്റിലും ജെയ്‌സ്വാള്‍ ഇരട്ട സെഞ്ച്വറി നേടിയിരുന്നു. 290 പന്തില്‍ 209 റണ്‍സാണ് താരം നേടിയത്.

സിക്‌സറുകളിലൂടെ സ്‌കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിപ്പിക്കുന്ന ജെയ്‌സ്വാളിന് മുമ്പില്‍ വിരാടിനെ മറികടക്കാനുള്ള അവസരമാണ് തുറന്നിരിക്കുന്നത്. അടുത്ത മത്സരങ്ങളില്‍ നിന്നായി വെറും രണ്ട് സിക്‌സര്‍ കൂടി നേടിയാല്‍ ടെസ്റ്റില്‍ വിരാട് കോഹ്‌ലി ആകെ നേടിയ സിക്‌സറുകളുടെ എണ്ണത്തെ മറികടക്കാം.

113 മത്സരത്തിലെ 191 ഇന്നിങ്‌സില്‍ നിന്നും 26 സിക്‌സറുകളാണ് വിരാട് സ്വന്തമാക്കിയത്. എന്നാല്‍ ഇതുവരെ കളിച്ച ഏഴ് മത്സരത്തില്‍ നിന്നും 25 സിക്‌സറാണ് ജെയ്‌സ്വാള്‍ നേടിയത്. ഇപ്പോള്‍ തുടരുന്ന മികച്ച ഫോം റാഞ്ചിയിലും ആവര്‍ത്തിച്ചാല്‍ വിരാടിനെ മറികടക്കാന്‍ ജെയ്‌സ്വാളിന് സാധിക്കുമെന്നുറപ്പാണ്.

ഇതേ ഫോമില്‍ സിക്‌സറുകളടിച്ചും റണ്‍ നേടിയും ജെയ്‌സ്വാള്‍ മുമ്പോട്ട് കുതിക്കുകയാണെങ്കില്‍ റെഡ് ബോള്‍ ഫോര്‍മാറ്റിലെ പല ഐതിഹാസിക റെക്കോഡുകള്‍ക്കും അധികകാലം ആയുസ്സുണ്ടാകില്ല.

ഇതിന് പുറമെ വിരാട് കോഹ്‌ലിയുടെ പേരിലുള്ള ഇന്ത്യന്‍ റെക്കോഡും ഒരുപക്ഷേ ഈ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറുടെ പേരില്‍ കുറിക്കപ്പെട്ടേക്കും. ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയില്‍ ശേഷിക്കുന്ന നാല് ഇന്നിങ്‌സുകളില്‍ നിന്നും 147 റണ്‍സ് നേടിയാല്‍ വിരാടിനെ മറികടക്കാന്‍ ജെയ്‌സ്വാളിന് സാധിക്കും.

ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം എന്ന നേട്ടത്തിലേക്കാണ് ജെയ്‌സ്വാള്‍ കണ്ണെറിയുന്നത്.

നിലവില്‍ പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തില്‍ നിന്നും രണ്ട് ഇരട്ട സെഞ്ച്വറികളടക്കം 545 റണ്‍സാണ് ജെയ്‌സ്വാള്‍ തന്റെ പേരില്‍ കുറിച്ചിട്ടുള്ളത്.

 

 

2014 ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ വിരാട് നേടിയ 694 റണ്‍സാണ് ഒരു ഇന്ത്യന്‍ താരം ടെസ്റ്റില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന ടോട്ടല്‍.

ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ നേടിയ താരങ്ങളില്‍ ആദ്യ നാല് സ്ഥാനങ്ങളിലും വിരാടിന്റെ പേര് തന്നെയാണ് എഴുതിച്ചേര്‍ക്കപ്പെട്ടിട്ടുള്ളത്. 2016 ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍ 655 റണ്‍സും 2017 ശ്രീലങ്കക്കെതിരായ പരമ്പരയില്‍ 610 റണ്‍സും തൊട്ടടുത്ത വര്‍ഷം ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയില്‍ 593 റണ്‍സുമാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് നായകന്‍ നേടിയത്.

 

Content highlight: Yashasvi Jaiswal need 2 more sixer to surpass Virat Kohli