കോഹ്‌ലിയുടെ റെക്കോഡ് തകർക്കാൻ അവന് വേണ്ടത് 147 റൺസ് മാത്രം; വിരാട് രണ്ടാമനാവുമോ?
Cricket
കോഹ്‌ലിയുടെ റെക്കോഡ് തകർക്കാൻ അവന് വേണ്ടത് 147 റൺസ് മാത്രം; വിരാട് രണ്ടാമനാവുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 20th February 2024, 4:10 pm

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 434 റണ്‍സിന്റെ ചരിത്രവിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു.

മത്സരത്തില്‍ ഇന്ത്യക്കായി ഇരട്ടസെഞ്ച്വറി നേടി മികച്ച പ്രകടനമാണ് ജെയ്‌സ്വാള്‍ നടത്തിയത്. 236 പന്തില്‍ പുറത്താവാതെ 214 റണ്‍സാണ് താരം നേടിയത്. 12 സിക്‌സറുകളും 14 ബൗണ്ടറികളും ആണ് ജെയ്വാളിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 90.68 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

രണ്ടാം ടെസ്റ്റിലും ജെയ്സ്വാള്‍ ഇരട്ടസെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തിയിരുന്നു. 290 പന്തില്‍ 209 റണ്‍സ് നേടിയായിരുന്നു താരത്തിന്റെ മികച്ച പ്രകടനം. 19 ഫോറുകളും ഏഴ് സിക്‌സുകളുമാണ് ജെയ്സ്വാളിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഇപ്പോള്‍ ഇന്ത്യന്‍ യുവ ഓപ്പണറെ കാത്തിരിക്കുന്നത് മറ്റൊരു തകര്‍പ്പന്‍ റെക്കോഡ് നേട്ടമാണ്. വരാനിരിക്കുന്ന രണ്ട് ടെസ്റ്റുകളില്‍ 147 റണ്‍സ് കൂടി നേടാന്‍ സാധിച്ചാല്‍ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയുടെ റെക്കോഡ് മറികടക്കാന്‍ ജെയ്സ്വാളിന് സാധിക്കും. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടത്തിലേക്കാവും ജെയ്സ്വാള്‍ നടന്നുകയറുക.

 

നിലവില്‍ മൂന്ന് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 545 റണ്‍സാണ് ജെയ്സ്വാളിന്റെ അക്കൗണ്ടിലുള്ളത്. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ റെക്കോഡില്‍ വിരാടാണ് മുന്നിലുള്ളത്.

2014 ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ കോഹ്‌ലി നേടിയ 694 റണ്‍സാണ് ഒരു ഇന്ത്യന്‍ താരം ടെസ്റ്റില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സ്. ഈ റെക്കോഡാണ് ജെയ്സ്വാളിന് മറികടക്കാന്‍ സാധിക്കുക.

ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ നേടിയ താരങ്ങളില്‍ ആദ്യ നാല് സ്ഥാനങ്ങളിലും കോഹ്‌ലി തന്നെയാണുള്ളത്. 2016 ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍ 655 റണ്‍സും 2017 ശ്രീലങ്കക്കെതിരെയുള്ള പരമ്പരയില്‍ 610 റണ്‍സും തൊട്ടടുത്ത വര്‍ഷം ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പരയില്‍ 593 റണ്‍സുമാണ് കോഹ്‌ലി നേടിയത്.

അതേസമയം ആദ്യ മൂന്ന് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഇന്ത്യ 2-1 എന്ന നിലയില്‍ മുന്നിലാണ്. ഫെബ്രുവരി 23 മുതലാണ് പരമ്പരയിലെ നാലാം ടെസ്റ്റ് നടക്കുന്നത്. ജാര്‍ഖണ്ഡിലെ ജെ.എസ്.സി.എ സ്റ്റേഡിയമാണ് വേദി.

Content Highlight: Yashasvi Jaiswal need 147 runs to break Virat Kohli record