| Friday, 26th January 2024, 9:48 am

ആദ്യ ദിവസം തന്നെ റെക്കോഡ്, ഇവനല്ലേ നമ്മുടെ ഭാവി; ഗംഭീറിനും രാഹുലിനും ശേഷം ഇനി ജെയ്‌സ്വാള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തുടരുകയാണ്. ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 119ന് ഒന്ന് എന്ന നിലയിലാണ് ക്രീസില്‍ തുടരുന്നത്.

70 പന്തില്‍ 76 റണ്‍സുമായി ഓപ്പണര്‍ യശസ്വി ജെയ്‌സ്വാളും 43 പന്തില്‍ 14 റണ്‍സുമായി ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍.

ആദ്യ ദിനം തന്നെ റെക്കോഡ് നേട്ടവുമായാണ് ജെയ്‌സ്വാള്‍ തിളങ്ങുന്നത്. സൂപ്പര്‍ താരങ്ങളായ ഗൗതം ഗംഭീറിനും കെ.എല്‍. രാഹുലിനും ശേഷം ഒരു എലീറ്റ് ലിസ്റ്റില്‍ ഇടം നേടിയാണ് ജെയ്‌സ്വാള്‍ തിളങ്ങുന്നത്.

ഒരു ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിവസം, രണ്ടാമത് ബാറ്റ് ചെയ്ത് ഉയര്‍ന്ന റണ്‍സ് നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് ജെയ്‌സ്വാള്‍ തരംഗമാകുന്നത്.

2005ല്‍ സിംബാബ്‌വേക്കെതിരെ ഗംഭീര്‍ നേടിയ 85* ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 2016ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 76 റണ്‍സ് നേടിയ രാഹുല്‍ പട്ടികയില്‍ ജെയ്‌സ്വാളിനൊപ്പം രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

ടെസ്റ്റില്‍ തന്റെ പതിവ് ശൈലിയില്‍ ബാറ്റ് വീശിയ ജെയ്‌സ്വാള്‍ ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലി അവര്‍ക്കെതിരെ തന്നെ പുറത്തെടുക്കുകയായിരുന്നു. കരിയറിലെ അഞ്ചാം ടെസ്റ്റും ഇന്ത്യന്‍ മണ്ണിലെ ആദ്യ ടെസ്റ്റും കളിക്കാനിറങ്ങിയ ജെയ്സ്വാള്‍ അതിന്റെ ഒരു ആശങ്കയുമില്ലാതെയാണ് ഇംഗ്ലണ്ട് ബൗളര്‍മാരെ അടിച്ചുകൂട്ടിയത്. മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരേന്ദര്‍ സേവാഗിന്റ അതേ ആറ്റിറ്റിയൂഡിലാണ് ജെയ്സ്വാളും കളത്തിലിറങ്ങിയത്.

സ്വന്തം മണ്ണിലെ ആദ്യ അര്‍ധ സെഞ്ച്വറി തന്റെ പേരില്‍ കുറിച്ച ജെയ്സ്വാള്‍ നൂറിന് മേല്‍ സ്ട്രൈക്ക് റേറ്റുമായാണ് ക്രീസില്‍ തുടരുന്നത്. ഒമ്പത് ഫോറും മൂന്ന് സിക്സറും അടക്കമാണ് ജെയ്സ്വാള്‍ ഷോ ഹെദരാബാദില്‍ അരങ്ങേറിയത്.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് മോശമല്ലാത്ത ഒന്നാം ഇന്നിങ്സ് സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

88 പന്തില്‍ 70 റണ്‍സാണ് താരം നേടിയത്. 37 റണ്‍സ് നേടിയ ജോണി ബെയര്‍സ്റ്റോ, 35 റണ്‍സടിച്ച ബെന്‍ ഡക്കറ്റ്, 29 റണ്‍സ് നേടിയ ജോ റൂട്ട് എന്നിവരാണ് ഇംഗ്ലണ്ടിനായി സ്‌കോര്‍ ചെയ്ത മറ്റ് താരങ്ങള്‍.

ഇന്ത്യക്കായി ആര്‍. അശ്വിനും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ അക്സര്‍ പട്ടേലും ജസ്പ്രീത് ബുംറയും ഇരട്ട വിക്കറ്റുകളുമായും തിളങ്ങി.

Content highlight: Yashasvi Jaiswal joins Gautam Gambhir and KL Rahul in an elite list

We use cookies to give you the best possible experience. Learn more