ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റ് തെരഞ്ഞെടുക്കുകയും തുടര്‍ന്ന് 150 റണ്‍സിന് ഓള്‍ ഔട്ട് ആവുകയുമായിരുന്നു.
ശേഷം തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസിനെ 104 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ട് ചെയ്ത് വമ്പന്‍ തിരിച്ചുവരവ് നടത്തുകയും ചെയ്തു. നിലവില്‍ മത്സരത്തിലെ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 172 റണ്‍സാണ് ഇന്ത്യ നേടിയത്.
ടീമിന് വേണ്ടി ഓപ്പണര്‍മാരായ യശസ്വി ജെയ്‌സ്വാളും കെ.എല്‍. രാഹുലും മികച്ച ഇന്നിങ്‌സാണ് കളിച്ചത്. 193 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പടെ 90 റണ്‍സാണ് ജെയ്‌സ്വാള്‍ നേടിയത്.
മാത്രമല്ല ഓസ്‌ട്രേലിയയില്‍ ആദ്യമായാണ് താരം ഒരു ഫിഫ്റ്റി നേടുന്നത്. ഇതിനെല്ലാം പുറമെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ജെയ്‌സ്വാള്‍. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമാകാനാണ് ജെയ്‌സ്വാളിന് സാധിച്ചത്. ഈ നേട്ടത്തില്‍ ന്യൂസിലാന്‍ഡ് ഇതിഹാസം ബ്രെണ്ടന്‍ മക്കല്ലത്തെ മറികടക്കാനാണ് ജെയ്‌സ്വാളിന് സാധിച്ചത്.
യശസ്വി ജെയ്‌സ്വാള്‍ – ഇന്ത്യ – 34* സിക്‌സ് – 2024
ബ്രെണ്ടന്‍ മക്കല്ലം – ന്യൂസിലാന്‍ഡ് – 33 സിക്‌സ് – 2014
ബെന്‍ സ്റ്റോക്‌സ് – ഇംഗ്ലണ്ട്- 26 സിക്‌സ് – 2022
ആദം ഗില്‍ക്രിസ്റ്റ് – ഓസ്‌ട്രേലിയ – 22 – 2005
വിരേന്ദര്‍ സെവാഗ് – ഇന്ത്യ – 22 സിക്‌സ് – 2008
ജെയ്‌സ്വാളിന് പുറമെ കെ.എല്‍. രാഹുല്‍ 153 പന്തില്‍ നാല് ഫോര്‍ അടക്കം 62 റണ്‍സും നേടി ക്രീസില്‍ തുടരുകയാണ്. ബാറ്റര്‍മാരെ വാഴിക്കാത്ത പെര്‍ത്തില്‍ ഇരുവരും 100+ റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പും നേടിയിരിക്കുകയാണ്. പേസിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ഓസീസിന്റെ മികച്ച ബൗളര്‍മാരെ നോക്കുകുത്തിയാക്കിയാണ് രാഹുലും ജെയ്‌സ്വാളും മിന്നും പ്രകടനം കാഴ്ചവെച്ചത്.
Content Highlight: Yashasvi Jaiswal In Record Achievement In Test