ടെസ്റ്റില്‍ സിക്‌സര്‍ പൂരം; ആന്‍ഡേഴ്‌സനെ തലകുനിപ്പിച്ച് ജയ്‌സ്വാളിന് പുതിയ റെക്കോഡ്
Sports News
ടെസ്റ്റില്‍ സിക്‌സര്‍ പൂരം; ആന്‍ഡേഴ്‌സനെ തലകുനിപ്പിച്ച് ജയ്‌സ്വാളിന് പുതിയ റെക്കോഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 18th February 2024, 12:59 pm

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ നാലാം ദിനം രാജ്‌കോട്ടില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. നിലവില്‍ ഇന്ത്യ 496 റണ്‍സിന്റെ മികച്ച ലീഡിലാണ്. 89 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 370 റണ്‍സ് ആണ് നേടിയത്.

നേരത്തെ റിട്ടയേഡ് ഹര്‍ട്ട് ആയ യശസ്വി ജയ്‌സ്വാള്‍ തിരിച്ചെത്തി മിന്നും പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. നിലവില്‍ 217 പന്തില്‍ നിന്ന് 190 റണ്‍സാണ് താരം നേടിയത് 12 സിക്‌സറുകളും 10 ബൗണ്ടറികളും ആണ് താരം സ്വന്തമാക്കിയത്. 78.84 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. 23 പന്തില്‍ നിന്ന് 22 റണ്‍സ് നേടി സര്‍ഫറാസ് ഖാനും ക്രീസില്‍ തുടരുന്നുണ്ട്.

ലഞ്ച് ബ്രേക്കിന് ശേഷം പന്തെറിയാനെത്തിയ ഇംഗ്ലണ്ടിന്റെ സീനിയര്‍ സ്റ്റാര്‍ പേസര്‍ ജേമ്‌സ് ആന്റേഴ്‌സനെ മൂന്ന് സിക്‌സറുകള്‍ അടുപ്പിച്ച് പറത്തി ജയ്‌സ്വാള്‍ മറ്റൊരു നിര്‍ണായക നേട്ടം കൂടെ സ്വന്തമാക്കുകയാണ്.
ഒരു ടെസ്റ്റ് ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് ജയ്‌സ്വാള്‍ നേടിയത്. മായങ്ക് അഗര്‍വാളും നവജ്യോത് സിങ് സിദ്ദുവും ചേര്‍ന്ന് നേടിയ എട്ട് സിക്‌സുകളുടെ റെക്കോര്‍ഡാണ് ജയ്സ്വാള്‍ മറികടന്നത്.

1996ല്‍ സിംബാബ്‌വെയ്ക്കെതിരെ 12 സിക്‌സറുകള്‍ അടിച്ചുകൂട്ടിയ പാകിസ്ഥാന്‍ താരം വസീം അക്രത്തിന്റെ പേരിലാണ് ഒരു ടെസ്റ്റ് ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ്.

ഇതിനെല്ലാം പുറമെ ടെസ്റ്റ് കരിയറിലെ രണ്ടാം ഇരട്ട സെഞ്ച്വറിനേടാനും താരത്തിന് അവസരം വന്നിരിക്കുകയാണ്.

നാലാം ദിനം ബാറ്റ് ചെയ്ത ശുഭ്മന്‍ ഗില്‍ 151 പന്തില്‍ രണ്ട് സിക്‌സറും ഒമ്പത് ബൗണ്ടറിയും അടക്കം 91 റണ്‍സിനാണ് പുറത്തായത്. ഒരു റണ്‍ ഔട്ടിലൂടെയാണ് പുറത്തായത്. താരത്തിന് പുറകെ കുല്‍ദീപ് യാദവ് 91 പന്തില്‍ നിന്ന് 27 റണ്‍സ് നേടി പുറത്തായി. രഹാന്‍ അഹമ്മദിന്റെ പന്തില്‍ ജോ റൂട്ടിനാണ് കുല്‍ദീപിന്റെ ക്യാച്ച്.

Conten6t Highlight: Yashasvi Jaiswal In Record Achievement