ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം നടന്നുകൊണ്ടിരിക്കുകയാണ്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കത്തില്‍ തന്നെ തകരുകയായിരുന്നു. ടീം സ്‌കോര്‍ 14ല്‍ നില്‍ക്കവേ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഇന്ത്യക്ക് നഷ്ടമായി.
പിന്നീട് ടീം 28 റണ്‍സില്‍ നില്‍ക്കെ ശുഭ്മന്‍ ഗില്ലിനേയും ഇന്ത്യക്ക് നഷ്ടമായി. ഹസന്‍ തന്നെയാണ് ഗില്ലിനെയും പുറത്താക്കിയത്. എട്ട് പന്തില്‍ റണ്‍സൊന്നും നേടാതെയാണ് ഗില്‍ പുറത്തായത്.
സ്‌കോര്‍ 34ല്‍ നില്‍ക്കെ വിരാട് കോഹ്‌ലിയും പുറത്തായി. ആറ് പന്തില്‍ ആറ് റണ്‍സ് നേടിയിരിക്കെ ഹസന്റെ പന്തില്‍ ലിട്ടണ്‍ ദാസിന് ക്യാച്ച് നല്‍കിയാണ് വിരാട് മടങ്ങിയത്.
എന്നാല്‍ ഇന്ത്യയുടെ മിന്നും താരമായ യശ്വസി ജെയ്‌സ്വാളിന്റെ തകര്‍പ്പന്‍ പ്രകടനത്തിലാണ് ടീം സ്‌കോര്‍ ഉയര്‍ത്തിയത്. റിഷബ് പന്തും കൂടെ ചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ ഇന്നിങ്സ് മുന്നോട്ട് നയിക്കുകയായിരുന്നു. ജെയ്‌സ്വാള്‍ 118 പന്തില്‍ നിന്ന് ഒമ്പത് ഫോര്‍ അടക്കം 56 റണ്‍സ് നേടിയാണ് മടങ്ങിയത്. ഇതോടെ കിടിലന്‍ റെക്കോഡ് നേടാനും താരത്തിന് സാധിച്ചിരിക്കുകയാണ്.
22ാം വയസില്‍ ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ 50+ റണ്‍സ് നേടുന്ന നാലാമത്തെ താരമാകാനാണ് യശസ്വി ജെയ്‌സ്വാളിന് സാധിച്ചത്. ഇന്ത്യയുടെ ഇതിഹാസ താരങ്ങളുള്‍പ്പെടുന്ന പട്ടികയിലാണ് താരം എത്തിച്ചേര്‍ന്നത്.
ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന താരം, എണ്ണം
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ – 21
രവിശാസ്ത്രി – 12
സുനില്‍ ഗവാസ്‌കര്‍ – 9
യശസ്വി ജെയ്‌സ്വാള്‍ – 8
കപില്‍ ദേവ് – 8
ദിനേശ് കാര്‍ത്തിക് – 8
മത്സരത്തില്‍ 52 പന്തില്‍ 39 റണ്‍സ് നേടിയാണ് പന്ത് തിളങ്ങിയത്. ആറ് ഫോറുകളാണ് താരം നേടിയത്. ഒടുവില്‍ ടീം സ്‌കോര്‍ 96ല്‍ നില്‍ക്കെ ഹസന്റെ പന്തില്‍ ലിട്ടണിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
എന്നാല്‍ നിലവില്‍ ഇന്ത്യയെ മുന്നോട്ട് കൊണ്ട് പോകുന്നത് ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ്. മത്സരം പുരോഗമിക്കുമ്പോള്‍ ജഡേജ 49 റണ്‍സും അശ്വിന്‍ 73 റണ്‍സുമാണ് നേടിയിരിക്കുന്നത്. നിലവില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സാണ് നേടിയത്.
Content Highlight: Yashasvi Jaiswal In Record Achievement