ലോകത്തിൽ ഒന്നാമൻ; ഇന്ത്യയുടെ പുതിയ റൺ മിഷീൻ ജെയ്‌സ്വാൾ
Cricket
ലോകത്തിൽ ഒന്നാമൻ; ഇന്ത്യയുടെ പുതിയ റൺ മിഷീൻ ജെയ്‌സ്വാൾ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 19th February 2024, 4:14 pm

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ കഴിഞ്ഞ ദിവസം അവസാനിച്ച മൂന്നാം ടെസ്റ്റില്‍ ഇന്ത്യ 434 റണ്‍സിന്റെ ചരിത്രവിജയം നേടിയിരുന്നു. ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമായിരുന്നു ഇത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-1ന് മുന്നിലെത്താനും രോഹിത്തിനും സംഘത്തിനും സാധിച്ചു.

മത്സരത്തില്‍ ഇന്ത്യക്കായി യുവതാരം യശ്വസി ജെയ്‌സ്വാള്‍ ഇരട്ട സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. 236 പന്തില്‍ പുറത്താവാതെ 214 റണ്‍സാണ് താരം നേടിയത്. 12 സിക്‌സറുകളും 14 ബൗണ്ടറികളും ആണ് ജെയ്വാളിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 90.68 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. ഈ മികച്ച പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് ജെയ്സ്വാള്‍ സ്വന്തമാക്കിയത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്കാണ് ജെയ്സ്വാള്‍ മുന്നേറിയത്. 2023-25 വരെ നടന്നുകൊണ്ടിരിക്കുന്ന വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏഴ് മത്സരങ്ങളില്‍ 13 ഇന്നിങ്സില്‍ നിന്നും താരം 861 റണ്‍സാണ് ജെയ്സ്വാളിന്റെ അക്കൗണ്ടിലുള്ളത്.

ഓസ്‌ട്രേലിയന്‍ താരം ഉസ്മാന്‍ ഖവാജയെ മറികടന്നുകൊണ്ടാണ് ജെയ്സ്വാള്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. 20 ഇന്നിങ്‌സില്‍ നിന്നും 855 റണ്‍സാണ് ഓസ്‌ട്രേലിയന്‍ താരത്തിന്റെ സമ്പാദ്യം.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങള്‍

(താരം, റണ്‍സ്, ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)

യശ്വസി ജെയ്സ്വാള്‍-861-13

ഉസ്മാന്‍ ഖവാജ-855- 20

സാക്ക് ക്രാവ്‌ലി-706-15

സ്റ്റീവ് സ്മിത്ത്-687-20

അതേസമയം പരമ്പരയിലെ നാലാം മത്സരം ഫെബ്രുവരി 23 മുതലാണ് നടക്കുന്നത്. ജാര്‍ഖണ്ഡിലെ ജെ. എസ്.സി.എ ഇന്റര്‍നാഷണല്‍ സ്റ്റേഡിയമാണ് വേദി.

Content Highlight: Yashasvi Jaiswal has now leading runs scorer in this WTC