| Thursday, 25th May 2023, 4:50 pm

സഞ്ജുവിന്റെ വലംകൈ മാത്രമല്ല, ഇനിയവന്റെ സ്ഥാനം ഗില്‍ക്രിസ്റ്റിനൊപ്പം; ചരിത്രം കുറിച്ച് ജെയ്‌സ്വാള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ല്‍ പ്ലേ ഓഫ് കാണാതെ രാജസ്ഥാന്‍ റോയല്‍സ് പുറത്തായിരുന്നു. സീസണില്‍ കിരീടം നേടാന്‍ ഏറ്റവുമധികം സാധ്യത കല്‍പിച്ചിരുന്ന ടീമായിരുന്നിട്ടും പ്ലെയിങ് ഇലവനില്‍ നടത്തിയ അനാവശ്യ പരീക്ഷണങ്ങളാണ് രാജസ്ഥാന് തിരിച്ചടിയായത്.

കിരീടം നേടാന്‍ സാധിച്ചില്ലെങ്കിലും പല വ്യക്തിഗത നേട്ടങ്ങള്‍ രാജസ്ഥാന്‍ താരങ്ങളുടെ പേരിന് നേരെ എഴുതിച്ചേര്‍ക്കപ്പെട്ടിരുന്നു. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ തന്നെ ലീഡിങ് വിക്കറ്റ് ടേക്കറായി യൂസ്വേന്ദ്ര ചഹലും, ഐ.പി.എല്ലിലെ ഏറ്റവും വേഗമേറിയതും ടി-20 ഫോര്‍മാറ്റിലെ വേഗമേറിയ രണ്ടാമത്തെയും അര്‍ധ സെഞ്ച്വറി കുറിച്ച ജെയ്‌സ്വാളും ഹല്ലാ ബോല്‍ ആരാധകരുടെ നിരാശയിലും ആശ്വാസമായി മാറി.

14 മത്സരത്തില്‍ നിന്നും 48.08 എന്ന മികച്ച ശരാശരിയിലും 163.61 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലും 625 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ജെയ്‌സ്വാള്‍ തന്റെ ഐ.പി.എല്‍ കരിയറിലെ ആദ്യ സെഞ്ച്വറി കുറിച്ചതും ഇതേ വര്‍ഷം തന്നെയായിരുന്നു.

ഈ നേട്ടങ്ങള്‍ക്കൊപ്പം തന്നെ ആരാധകര്‍ക്ക് അഭിമാനിക്കാന്‍ സാധിക്കുന്ന മറ്റൊരു നേട്ടവും ജെയ്‌സ്വാള്‍ സ്വന്തമാക്കിയിരുന്നു. ക്രിക്കറ്റ് ലെജന്‍ഡ് ആദം ഗില്‍ക്രിസ്റ്റിനൊപ്പമാണ് താരം ഈ നേട്ടം പങ്കിടുന്നത്.

ഐ.പി.എല്ലിലെ ആദ്യ ഓവറുകളില്‍ നിന്ന് മാത്രമായി ഒരു സീസണില്‍ ഏറ്റവുമധികം റണ്‍സടിച്ച താരം എന്ന റെക്കോഡാണ് ജെയ്‌സ്വാളിനെ തേടിയെത്തിയത്. 110 റണ്‍സാണ് ആദ്യ ഓവറില്‍ ജെയ്‌സ്വാള്‍ സ്വന്തമാക്കിയത്.

2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ് കപ്പുയര്‍ത്തിയപ്പോഴായിരുന്നു ഈ നേട്ടം ഗില്ലിയെ തേടിയെത്തിയത്. നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗില്ലിനൊപ്പം ഒന്നാം സ്ഥാനത്തേക്ക് മറ്റൊരാള്‍ കാലെടുത്ത് വെച്ചത്.

2009ല്‍ 16 മത്സരത്തില്‍ നിന്നും 30.93 എന്ന ശരാശരിയിലും 152.30 എന്ന സ്‌ട്രൈക്ക് റേറ്റിലും 495 റണ്‍സാണ് ഗില്‍ക്രിസ്റ്റ് സ്വന്തമാക്കിയത്. ഓറഞ്ച് ക്യാപ് ലീഡര്‍ബോര്‍ഡില്‍ രണ്ടാം സ്ഥാനക്കാരനും ലോകം കണ്ടതില്‍ വെച്ച് ഏറ്റവും അപകടകാരിയായ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ഒരാളായ ഗില്ലിയായിരുന്നു.

ഐ.പി.എല്ലിന്റെ 16ാം എഡിഷനിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഷോര്‍ട്ടര്‍ ഫോര്‍മാറ്റിലെ ഇന്ത്യന്‍ ടീം ഓപ്പണറായി മറ്റാരെയും അന്വേഷിക്കേണ്ടതില്ല എന്നുകൂടി ജെയ്‌സ്വാള്‍ പറഞ്ഞുവെക്കുന്നുണ്ട്. ലോകോത്തര ബൗളര്‍മാരെ കാണുമ്പോള്‍ മുട്ടുവിറയ്ക്കാതെ പടുകൂറ്റന്‍ സിക്‌സറുകളും ഒന്നിന് പിന്നാലെ ഒന്നായി ബൗണ്ടറികളും പായിക്കുന്ന ജെയ്‌സ്വാളിന് ഭാവിയില്‍ ഇന്ത്യന്‍ ടീമിന് വേണ്ടി പലതും ചെയ്യാന്‍ സാധിക്കും.

Content Highlight: Yashasvi Jaiswal equals Adam Gilchrist’s record

We use cookies to give you the best possible experience. Learn more