| Sunday, 18th February 2024, 10:35 pm

കോഹ്‌ലിക്ക് ശേഷം അവനും അത് ചെയ്തുകാട്ടി; ചരിത്രത്തിൽ മൂന്നാമൻ ജെയ്‌സ്വാൾ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 434 റണ്‍സിന്റെ ചരിത്രവിജയം ഇന്ത്യ സ്വന്തമാക്കിയിരുന്നു.

മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ്ങില്‍ ഡബിള്‍ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് ഇന്ത്യന്‍ യുവതാരം യശ്വസി ജെയ്സ്വാള്‍ നടത്തിയത്. 236 പന്തില്‍ പുറത്താവാതെ 214 റണ്‍സ് നേടിയായിരുന്നു താരത്തിന്റെ മികച്ച പ്രകടനം. 14 ഫോറുകളും 12 പടുകൂറ്റന്‍ സീക്‌സുകളും ആണ് ജെയ്സ്വാളിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

രണ്ടാം ടെസ്റ്റിലും താരം ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു. 290 പന്തില്‍ 209 റണ്‍സാണ് ജെയ്സ്വാള്‍ നേടിയത്. 19 ഫോറുകളും ഏഴ് സിക്‌സുകളുമാണ് താരം നേടിയത്.

ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടം സ്വന്തമാക്കാനും ജെയ്സ്വാളിന് സാധിച്ചു.
ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി ഡബിള്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് ജെയ്സ്വാള്‍ സ്വന്തമാക്കിയത്.

ഇതിന് മുമ്പ് ടെസ്റ്റില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറികള്‍ നേടിയത് ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയും വിനോദ് കാംബ്ലിയും ആണ്.

അതേസമയം 557 എന്ന വലിയ വിജയലക്ഷ്യം പിന്തുടരാന്‍ ഇംഗ്ലണ്ടിനെ രവീന്ദ്ര ജഡേജ എറിഞ്ഞുവീഴ്ത്തുകയായിരുന്നു. 12.4 ഓവറില്‍ നാല് മെയ്ഡന്‍ ഓവര്‍ അടക്കം 41 റണ്‍സ് വിട്ടുനല്‍കി അഞ്ച് വിക്കറ്റുകളാണ് ജഡേജ നേടിയത്.

ജഡേജക്ക് പുറമേ കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റും ജസ്പ്രീത് ബുംറ, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വീതം വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തിയപ്പോള്‍ ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കുകയായിരുന്നു.

ഫെബ്രുവരി 23 മുതലാണ് നാലാം ടെസ്റ്റ് നടക്കുന്നത്. ജാര്‍ഖണ്ഡിലെ ജെ. എസ്.സി.എ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Yashasvi Jaiswal create a new record in test

We use cookies to give you the best possible experience. Learn more