ദേ വീണ്ടും റെക്കോഡ്, ഇവന് മുന്നിൽ പൂജാര മാത്രം; ചരിത്രനേട്ടത്തിൽ രണ്ടാമൻ ജെയ്‌സ്വാൾ
Cricket
ദേ വീണ്ടും റെക്കോഡ്, ഇവന് മുന്നിൽ പൂജാര മാത്രം; ചരിത്രനേട്ടത്തിൽ രണ്ടാമൻ ജെയ്‌സ്വാൾ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 25th February 2024, 3:49 pm

ഇന്ത്യ-ഇംഗ്ലണ്ട് അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരം റാഞ്ചിയില്‍ ആവേശകരമായി നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 307 റണ്‍സിന് പുറത്താവുകയായിരുന്നു.

ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ യുവ ഓപ്പണര്‍ യശ്വസി ജെയ്സ്വാള്‍ മികച്ച പ്രകടനമാണ് നടത്തിയത്. 117 പന്തില്‍ 73 റണ്‍സ് നേടിയായിരുന്നു ജെയ്സ്വാളിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. എട്ട് ഫോറുകളും ഒരു സിക്‌സുമാണ് ജെയ്‌സ്വാളിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ജെയ്സ്വാളിനെ തേടിയെത്തിയത്. ആദ്യ അഞ്ച് ഹോം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരം എന്ന നേട്ടമാണ് ജെയ്സ്വാള്‍ സ്വന്തമാക്കിയത്. 611 റണ്‍സാണ് ജെയ്സ്വാളിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ആദ്യ അഞ്ച് ഹോം ടെസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളില്‍ മുന്നിലുള്ളത് ചേതേശ്വര്‍ പൂജാരയാണ്. 680 റണ്‍സാണ് പൂജാര നേടിയത്. 597 റണ്‍സ് നേടിയ മയാങ്ക് അഗര്‍വാളാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ളത്.

ജെയ്സ്വാളിന് പുറമെ ഇന്ത്യന്‍ ബാറ്റിങ്ങില്‍ ധ്രൂവ് ജുറല്‍ 149 പന്തില്‍ 90 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ആറ് ഫോറുകളും നാല് സിക്‌സുകളുമാണ് ജുറലിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഇംഗ്ലണ്ട് ബൗളിങ് നിരയില്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മികച്ച പ്രകടനമാണ് ഷോയിബ് ബഷീര്‍ നടത്തിയത്. 44 ഓവറില്‍ എട്ട് മെയ്ഡന്‍ ഉള്‍പ്പെടെ 119 റണ്‍സ് വിട്ടു നല്‍കിയാണ് താരം അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 2.70 ആണ് താരത്തിന്റെ ഇക്കോണമി.

ബഷീറിന് പുറമേ ടോം ഹാര്‍ട്‌ലി മൂന്ന് വിക്കറ്റും ജെയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ട് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇംഗ്ലണ്ട് നിലവില്‍ 142-8 എന്ന നിലയിലാണ്. ഇന്ത്യന്‍ ബൗളിങ്ങില്‍ കുല്‍ദീപ് യാദവ് നാല് വിക്കറ്റും ആര്‍.അശ്വിന്‍ മൂന്ന് വിക്കറ്റും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി.

ഇംഗ്ലണ്ട് ബാറ്റിങ്ങില്‍ സാക്ക് ക്രൊളി 91പന്തില്‍ 60 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ഏഴ് ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

Content Highlight: Yashasvi Jaiswal Create a new record