| Monday, 29th July 2024, 7:57 pm

വിരാടിന്റെ പിന്‍ഗാമി കൂടുതല്‍ ശക്തനാകുന്നു; 2024ല്‍ ഇവന്‍ മാത്രം, ഇന്ത്യയുടെ വിജയത്തിനൊപ്പം റെക്കോഡ് നേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ടി-20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരവും വിജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ വിജയം.

നിശ്ചിത ഓവറില്‍ ശ്രീലങ്ക ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് നേടിയിരുന്നു. എന്നാല്‍ മഴയെത്തിയതോടെ എട്ട് ഓവറില്‍ 78 റണ്‍സായി ഇന്ത്യയുടെ വിജയലക്ഷ്യം പുതുക്കി നിശ്ചയിച്ചു.

എന്നാല്‍ 6.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. 15 പന്തില്‍ 30 റണ്‍സ് നേടിയ യശസ്വി ജെയ്‌സ്വാളിന്റെയും 12 പന്തില്‍ 26 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെയും ഇന്നിങ്‌സാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്.

ഈ ഇന്നിങ്‌സിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ജെയ്‌സ്വാള്‍ സ്വന്തമാക്കിയിരുന്നു. ഈ കലണ്ടര്‍ ഇയറില്‍ 1000 അന്താരാഷ്ട്ര റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരം എന്ന നേട്ടമാണ് ജെയ്‌സ്വാള്‍ സ്വന്തമാക്കിയത്.

28 ഇന്നിങ്‌സില്‍ നിന്നും 888 റണ്‍സുമായി ശ്രീലങ്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കുശാല്‍ മെന്‍ഡിസാണ് പട്ടികയിലെ രണ്ടാമന്‍.

13 മത്സരത്തിലെ 18 ഇന്നിങ്‌സില്‍ നിന്നും 1,023 റണ്‍സാണ് ജെയ്‌സ്വാള്‍ ഇതുവരെ സ്വന്തമാക്കിയത്. 63.93 ശരാശരിയിലും 94.54 സ്‌ട്രൈക്ക് റേറ്റിലും ബാറ്റ് വീശുന്ന ജെയ്‌സ്വാളിന്റെ ഈ വര്‍ഷം ഇതുവരെയുള്ള ഉയര്‍ന്ന സ്‌കോര്‍ 214* ആണ്.

ടി-20യില്‍ നിന്നും 283 റണ്‍സും ടെസ്റ്റില്‍ നിന്നും 740 റണ്‍സുമടക്കമാണ് ജെയ്‌സ്വാളിന്റെ നേട്ടം. ഈ വര്‍ഷം ഏറ്റവുമധികം ടെസ്റ്റ് റണ്‍സ് നേടിയവരുടെ പട്ടികയില്‍ ഒന്നാമനും ജെയ്‌സ്വാള്‍ തന്നെ.

2024ല്‍ ഏറ്റവുമധികം അന്താരാഷ്ട്ര റണ്‍സ് നേടിയ താരങ്ങള്‍

(താരം – ടീം – ഇന്നിങ്‌സ് – റണ്‍സ് എന്നീ ക്രമത്തില്‍)

യശസ്വി ജെയ്‌സ്വാള്‍ – ഇന്ത്യ – 18 – 1,023

കുശാല്‍ മെന്‍ഡിസ് – ശ്രീലങ്ക – 28 – 888

ഇബ്രാഹിം സദ്രാന്‍ – അഫ്ഗാനിസ്ഥാന്‍ – 27 – 844

രോഹിത് ശര്‍മ – ഇന്ത്യ – 22 – 833

പാതും നിസങ്ക – ശ്രീലങ്ക – 17 – 791

റഹ്‌മാനുള്ള ഗുര്‍ബാസ് – അഫ്ഗാനിസ്ഥാന്‍ – 25 – 773

ശുഭ്മന്‍ ഗില്‍ – ഇന്ത്യ – 18 – 725

ബാബര്‍ അസം – പാകിസ്ഥാന്‍ – 20 – 709

അതേസമയം, ഇന്ത്യ – ശ്രീലങ്ക ടി-20 പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരമാണ് ജെയ്‌സ്വാളിന് മുമ്പിലുള്ളത്. ചൊവ്വാഴ്ചയാണ് മത്സരം.

ഇതിന് പുറമെ ഇനിയുള്ള അഞ്ച് മാസത്തിനിടയില്‍ ഇന്ത്യ മൂന്ന് ടെസ്റ്റ് പരമ്പരകളും രണ്ട് ടി-20 പരമ്പരകളും കളിക്കുമെന്നതിനാല്‍ തന്നെ ജെയ്‌സ്വാളിന്റെ റണ്‍വേട്ട ഇനിയും തുടരുമെന്നുറപ്പാണ്.

Content Highlight: Yashasvi Jaiswal completed 1,000 international runs in 2024

We use cookies to give you the best possible experience. Learn more